മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജര്‍ കരുണാനിധിയെ കുറിച്ചെഴുതുമ്പോള്‍ 2004 ലെ ലേക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഓര്‍ക്കാതിരിക്കാനാവില്ല. ഡി.എം.കെയും കോണ്‍ഗ്രസും 24 വര്‍ഷങ്ങള്‍ക്കു ശേഷം തമിഴകത്ത് ഒന്നിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ ഡി.എം.കെ. സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനയോഗം മധുരയിലെ തമുക്കം മൈതാനത്തായിരുന്നു. നിര്‍ബ്ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം, സര്‍ക്കാര്‍ ജിവനക്കാരുടെ കൂട്ടത്തോടെയുള്ള പിരിച്ചുവിടല്‍ എന്നിങ്ങനെ ജയലളിത സര്‍ക്കാര്‍ പ്രതിസന്ധിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സമയം.

തമുക്കം മൈതാനം നിറഞ്ഞുകവിഞ്ഞ് നില്‍ക്കുന്ന വന്‍ജനക്കൂട്ടത്തെ അന്നത്തെ സി.പി.എം. ജനറല്‍സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത് അഭിസംബോധന ചെയ്യുന്നു. സുര്‍ജിതിന്റെ പ്രസംഗം പകുതിയായപ്പോഴാണ് കലൈഞ്ജര്‍ എത്തിയത്. കരുണാനിധിയെ കണ്ടതോടെ ജനം ഇളകിമറിഞ്ഞു. ജനത്തിന്റെ പള്‍സ് തിരിച്ചറിഞ്ഞ സുര്‍ജിത് പ്രസംഗം നിര്‍ത്തി മൈക്ക് കരുണാനിധിക്ക് കൈമാറി. കലൈഞ്ജര്‍ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ് ''ഇന്നിപ്പോള്‍ ഡി.എം.കെ. മുന്നണിക്ക് വോട്ടു ചെയ്യരുതെന്ന് ഞാനോ സഖാവ് സുര്‍ജിത്തോ പറഞ്ഞാല്‍ പോലും നിങ്ങള്‍ കേള്‍ക്കില്ല. കാരണം ജയലളിത സര്‍ക്കാരിനും വാജ്പേയി സര്‍ക്കാരിനും എതിരെയുള്ള നിങ്ങളുടെ വികാരം അത്രകണ്ട് ശക്തമാണ്.''  അന്തരീക്ഷം ഭേദിക്കുന്ന കൈയ്യടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് ജനം ഈ വാക്കുകള്‍ വരവേറ്റത്.

കരുണാനിധിയുടെ വാക്കുകള്‍ അച്ചട്ടായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് പുതുച്ചേരിയിലെ ഒരു സീറ്റുള്‍പ്പെടെ തമിഴകത്തെ 40 ലോക്സഭാ സീറ്റുകളും ഡി.എം.കെ. മുന്നണി തൂത്തുവാരി. ജനത്തിന്റെ മനസ്സ് വായിക്കുന്നതില്‍ കരുണാനിധിയെപോലെ നലം തികഞ്ഞൊരു രാഷ്ട്രീയ നേതാവ് വേറെയുണ്ടാവാനിടയില്ല. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈയില്‍ പ്രചാരണം സമാപിപ്പിച്ചുകൊണ്ട് കലൈഞ്ജര്‍ നടത്തിയ പ്രസംഗം പരാജയം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ളതായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഡി.എം.കെയ്ക്ക് നീതി കിട്ടില്ലെന്നായിരുന്നു കലൈഞ്ജറുടെ വാക്കുകള്‍. ഒരൊറ്റ സീറ്റ് പോലും ഡി.എം.കെ. മുന്നണിക്ക് അന്ന് തമിഴകത്ത് കിട്ടിയില്ല.

ജയലളിതയും കരുണാനിധിയും തമിഴ് രാഷ്ട്രീയത്തിന്റെ വ്യത്യസ്തവും വിഭിന്നവുമായ മുഖങ്ങളാണ്. ജനങ്ങളില്‍നിന്ന് കൃത്യമായ അകലം പാലിക്കാന്‍ ജയലളിത കരുതലെടുത്തപ്പോള്‍  ജനാധിപത്യത്തിന്റെ അതിര്‍ത്തികള്‍ മായ്ക്കുന്ന കളികള്‍ക്ക് കരുണാനിധി ഒരിക്കലും തയ്യാറായിരുന്നില്ല. നിത്യേന രാവിലെ പാര്‍ട്ടി മുഖപത്രമായ മുരശൊലിയുടെ ഓഫീസിലേക്കും പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിലേക്കും കരുണാനിധിയുടെ യാത്ര മുടങ്ങുമായിരുന്നില്ല. 

മുഖ്യമന്ത്രിയാണെങ്കിലും അല്ലെങ്കിലും കരുണാനിധി ആദ്യന്തം പാര്‍ട്ടിക്കാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. മുരശൊലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംവദിക്കുന്ന നിത്യേനയുള്ള കുറിപ്പ് എഴുതാതെ കരുണാനിധിയുടെ ദിവസം തുടങ്ങാറില്ല. എഴുതാന്‍ വയ്യാത്തപ്പോള്‍ സന്തത സഹചാരിയായ ഷണ്‍മുഖനാഥന് പറഞ്ഞു കൊടുത്താണ് കരുണാനിധി ഈ കുറിപ്പ് തയ്യാറാക്കിയിരുന്നത്. പൊതുജനങ്ങള്‍ക്ക് കരുണാനിധിയെ കാണുന്നതിന് ഒരിക്കലും തടസ്സങ്ങളുണ്ടായിരുന്നില്ല. പത്രക്കാരോട് സംസാരിക്കുന്നതിനും കരുണാനിധി കാലഗണന പട്ടികകള്‍ തയ്യാറാക്കിയിരുന്നില്ല.

എന്തിനേയും ഏതിനേയും ചോദ്യം ചെയ്യാന്‍ ലൈസന്‍സുള്ള നേതാവായിരുന്നു കരുണാനിധി. സേതുസമുദ്രം പദ്ധതിക്ക് വിഘാതമായി ശ്രീരാമന്‍ ലങ്കയിലേക്ക് തീര്‍ത്തതെന്ന് പറയപ്പെടുന്ന പാലം ഉയര്‍ത്തിക്കാട്ടിയവരോട് രാമന്‍ ഏത് കോളേജില്‍ നിന്നാണ് എഞ്ചിനീയറിങ് ബിരുദം എടുത്തതെന്ന് ചോദിക്കാന്‍ കലൈഞ്ജര്‍ക്ക് മാത്രമേ ആവുമായിരുന്നുള്ളു. ഏത് കുടുക്കില്‍നിന്നും പുറത്തുവരാന്‍ വാക്കുകള്‍ എങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്നും കലൈഞ്ജര്‍ക്ക് അറിയാമായിരുന്നു. 

ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം മോഷ്ടാവ് എന്നാണെന്ന കലൈഞ്ജറുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ഹിന്ദുസംഘടനകള്‍ കേസ് കൊടുത്തപ്പോള്‍ കലൈഞ്ജര്‍ പറഞ്ഞത് ഹൃദയങ്ങള്‍ കവരുന്നയാള്‍ എന്ന അര്‍ത്ഥമാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു. വാക്കുകള്‍ കൊണ്ട് കളിക്കാന്‍ ഇത്രമേല്‍ അറിയാവുന്ന മറ്റൊരു നേതാവ് തമിഴകത്തില്ല.

പെരിയാറിന്റെയും അണ്ണാ ദുരൈയുടെയും സ്‌കൂളില്‍ രാഷ്ട്രീയ വിദ്യാഭ്യാസം നടത്തിയ കലൈഞ്ജര്‍ക്ക് ജനാധിപത്യം ഒരിക്കലും പാടെ കൈയ്യൊഴിയാനാവുമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടിയില്‍ മകന്‍ സ്റ്റാലിനാണോ പിന്‍ഗാമിയെന്ന ചോദ്യത്തിന് പിന്‍ഗാമിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഡി.എം.കെ. ശങ്കരമഠമല്ല എന്ന് കരുണാനിധി പ്രതികരിച്ചത്. പക്ഷേ, കഴകമാണ് കുടുംബം എന്ന അണ്ണായുടെ നിലപാട് കലൈഞ്ജര്‍ പിന്തുടര്‍ന്നില്ല. പകരം കുടുംബമാണ് കഴകം എന്ന പ്രതിലോമ സിദ്ധാന്തത്തിലേക്ക് കലൈഞ്ജര്‍ എത്തിച്ചേരുകയും മക്കളായ സ്റ്റാലിന്‍, അഴഗിരി, കനിമൊഴി എന്നിവരെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കൊണ്ടു വരികയും ചെയ്തു. 

ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു കലൈഞ്ജറുടേത്. ചെറുപ്പത്തില്‍ പിറന്നാള്‍ ആഘോഷിച്ചിട്ടില്ലെന്നും പിറന്നാള്‍ വരുന്നതും പോകുന്നതും തന്നെ അറിയുമായിരുന്നില്ലെന്നും കലൈഞ്ജര്‍ പറഞ്ഞിട്ടുണ്ട്. അതിജീവനത്തിനായുള്ള പോരാട്ടത്തിനിടയില്‍ പിറന്നാളിനെ കുറിച്ച് ചിന്തിക്കാന്‍ പോലും അന്നാവില്ലായിരുന്നു. അന്നത്തെ വെറും കരുണാനിധിയില്‍നിന്ന് കലൈഞ്ജര്‍ കരുണാനിധിയിലേക്കുള്ള വളര്‍ച്ച ഒറ്റ ദിവസം കൊണ്ടായിരുന്നില്ല. 

ഒതുക്കേണ്ടവരെ ഒതുക്കിയും വളര്‍ത്തേണ്ടവരെ വളര്‍ത്തിയും ദ്രാവിഡ മുന്നേറ്റ കഴകത്തിനു മേല്‍ കലൈഞ്ജര്‍ അധീശത്വം സ്ഥാപിച്ചെടുത്തത് ബുദ്ധിയും കര്‍മ്മവും സമാസമം ചാലിച്ച് പ്രയോഗിച്ചുകൊണ്ടാണ്. തിരുവാരൂരിനടുത്ത് തിരുക്കുവളൈയില്‍ ഒരു നാഗസ്വര വിദ്വാന്‍ മാത്രമായി ഒടുങ്ങുമായിരുന്ന ജീവിതമാണ് കലൈഞ്ജര്‍ ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന തലത്തിലേക്ക് വികസിപ്പിച്ചത്.

പ്രായോഗിക രാഷ്ട്രീയത്തില്‍ കരുണാനിധിയെപ്പോലെ മറ്റൊരു പ്രതിഭാശാലിയെ തമിഴകം ഇതുവരെ കണ്ടിട്ടില്ല. ഉള്ളുകൊണ്ട് കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറയുമ്പോള്‍ തന്നെ ഗുജറാത്ത് കൂട്ടക്കൊല നടന്ന 2002-ല്‍ ബി.ജെ.പിക്കൊപ്പം നിലയുറപ്പിക്കുന്നതില്‍ കലൈഞ്ജര്‍ക്ക് വൈമനസ്യമുണ്ടായിരുന്നില്ല. 2004-ല്‍ സോണിയാഗാന്ധിയെ ദേശീയ നേതാവായി പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസിനൊപ്പം നീങ്ങാനുള്ള വിവേകവും ദീര്‍ഘവീക്ഷണവും കലൈഞ്ജര്‍ കാണിച്ചു. 

കലൈഞ്ജറുടെ ജീവിതത്തിലെ നിര്‍ണ്ണായക വര്‍ഷമായിരുന്നു 2004. തമിഴകത്തെ 39 സീറ്റും നേടിക്കൊണ്ട് ഡി.എം.കെ. മുന്നണി കേന്ദ്രത്തില്‍ യു.പി.എ. സര്‍ക്കാരിന്റെ നെടുംതൂണായത് ആ വര്‍ഷമാണ്. രാഷ്ട്രീയത്തില്‍ ഒരു നവജാത ശിശു മാത്രമായിരുന്ന ദയാനിധി മാരനെ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാക്കുകയെന്ന അവിവേകത്തിനും കരുണാനിധി തയ്യാറായത് ആ വര്‍ഷമാണ്. 

2004 മുതല്‍ 2009 വരെ നീണ്ട ആ അഞ്ച് കൊല്ലങ്ങളില്‍ ഇന്ത്യയുടെ അച്ചുതണ്ട് കറങ്ങിയത് ഡി.എം.കെയ്ക്ക് ചുറ്റുമായിരുന്നു. പരിസ്ഥിതി മന്ത്രാലയത്തില്‍ എ. രാജ, കപ്പല്‍ ഗതാഗതത്തില്‍ ടി.ആര്‍. ബാലു, ടെലികോം മന്ത്രാലയത്തില്‍ ദയാനിധി മാരന്‍ .... ഉപകരസ്മരണയ്ക്ക് കലൈഞ്ജറോട് അത്യധികം സൗഹൃദം പുലര്‍ത്തി സോണിയ ഗാന്ധി. കേന്ദ്ര സര്‍ക്കാരില്‍ ഡി.എം.കെയുടെ തേര്‍വാഴ്ചയുടെ കാലമായിരുന്നു അത്. പകഷേ, ദയാനിധി മാരനെ പ്പോലുള്ള പുത്തന്‍ പടര്‍പ്പുകള്‍ കൈവിട്ട കളിയായിരിക്കും കളിക്കുകയെന്ന് മുന്‍കൂട്ടിക്കാണാന്‍ കലൈഞ്ജര്‍ക്കായില്ല. 2004 നും 2009നുമിടയില്‍ അനുഭവിച്ച സൗഭാഗ്യങ്ങളുടെ പിന്നില്‍ വലിയൊരു കറയുണ്ടായിരുന്നു. മാരനും രാജയുമൊക്കെ ചേര്‍ന്ന് തീര്‍ത്ത 2 ജി സ്പെക്ട്രത്തിന്റെ ആ കരിനിഴലില്‍ നിനന് ഇപ്പോഴും പുറത്തുകടക്കാന്‍ ഡി.എം.കെയ്ക്കായിട്ടില്ല.

ഞെട്ടിപ്പിക്കുന്ന വീഴ്ചകള്‍ക്കിടയിലും കലൈഞ്ജറുടെ പ്ലസ് പോയിന്റുകള്‍ കാണാതിരിക്കാനാവില്ല. തമിഴകത്ത് എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍  നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ വേരുകള്‍ നിളുന്നത് കഴിഞ്ഞ ഡി.എം.കെ. ഭരണകാലത്തിലേക്കാണ്. ഒരു രൂപയ്ക്ക് ഒരു കിലോ അരിയെന്ന കലൈഞ്ജറുടെ പദ്ധതി വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. പൊതുവിതരണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ഡി.എം.കെ. സര്‍ക്കാര്‍ എടുത്ത നടപടികളും ശ്രദ്ധേയമായിരുന്നു. സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും  കലൈഞ്ജറുടെ സര്‍ഗ്ഗാത്മക നടപടിയായിരുന്നു.

ജീവിതവൃക്ഷത്തിലെ ഇലകള്‍ കൊഴിഞ്ഞു വീഴുമ്പോള്‍ കലൈഞ്ജര്‍ തീര്‍ച്ചയായും തിരുക്കുവെള്ളയില്‍നിന്നു ചെന്നൈക്കുള്ള ആ പഴയ യാത്ര ഓര്‍ക്കുന്നുണ്ടാവണം. എന്തിനെയും മറികടക്കാനുള്ള നിശ്ചയദാര്‍ഢ്യവും അക്ഷരക്കൂട്ടുകളും മാത്രമായിരുന്നു അന്ന് കലൈഞ്ജറുടെ കൈമുതല്‍. അവിടെ നിന്നാണ് മുത്തുവേല്‍ കരുണാനിധി തമിഴകത്തിന്റെ കലൈഞ്ജറായത്.

അധികാരത്തോടുള്ള ആസക്തി ജിവിതസായാഹ്നത്തിലും കലൈഞ്ജര്‍ മറച്ചുവെച്ചില്ല. വീണ്ടും യൗവ്വനം ആവശ്യപ്പെടുന്ന യയാതിയെപ്പോലെ കലൈഞ്ജര്‍ മകന്‍ സ്റ്റാലിനോട് മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ചെന്നൈയില്‍ മൈലാപൂരിലുള്ള കാവേരി ആസ്പത്രിയില്‍ കിടക്കുമ്പോഴും കലൈഞ്ജറുടെ കണ്ണുകള്‍ സെന്റ് ജോര്‍ജ് കോട്ടയിലെ ആ അധികാരപീഠം വിട്ടുപോയിരുന്നില്ല. അവസാനകാലം വരെ അധികാരം  കലൈഞ്ജറെ വല്ലാതെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു.