യാദൃശ്ചികം എന്ന വാക്ക് രാഷ്ട്രീയ, സിനിമ പ്രവര്‍ത്തകരുടെ ജീവിതത്തില്‍നിന്നു മാറ്റി നിര്‍ത്താനാവില്ല. പക്ഷേ കരുണാനിധിയുടെ സിനിമാ-രാഷ്ട്രീയ പ്രവേശനങ്ങള്‍ ഒരിക്കലും അപ്രതീക്ഷിതമായിരുന്നില്ല. ജനിച്ചതു തന്നെ എഴുത്തുകാരനാവാന്‍ ആയിരുന്നു. പിന്നാലെ രാഷ്ട്രീയവും കൂടെവന്നു. രാഷ്ട്രീയവും സിനിമയും ഏതാണ്ട് ഒന്ന് തന്നെയായി തമിഴ്‌നാട്ടില്‍. കരുണാനിധി രാഷ്ട്രീയത്തിലെത്തി മുഖ്യമന്ത്രിയായതും ഡിഎംകെയുടെ അമരക്കാരനായതും ഒരിക്കലും അപ്രതീക്ഷിതമേ ആയിരുന്നില്ല.   

കലയിലും സാഹിത്യത്തിലും അഗാധ പാണ്ഡിത്യമുള്ളയാളായിരുന്നു മുത്തുവേല്‍ കരുണാനിധി എന്ന എം. കരുണാനിധി. ചെറുപ്പം മുതലേ കരുണാനിധി തിരഞ്ഞെടുത്തത് വായനയുടെയും എഴുത്തിന്റെയും വഴിയായിരുന്നു. അക്ഷരങ്ങളെ കൂട്ടുപിടിച്ച കലൈഞ്ജര്‍ പിന്നീട് തമിഴ് സാഹിത്യലോകത്തിന്റെ ഭാഗമായി. അവിടെനിന്ന് സിനിമയിലേക്കും.

ശുദ്ധതമിഴിന്റെ വക്താവായ കരുണാനിധിയുടെ അക്ഷരങ്ങള്‍ തമിഴ് സിനിമയില്‍ സൃഷ്ടിച്ച  പ്രകമ്പനങ്ങള്‍ ചെറുതല്ല. തിയറ്ററുകള്‍ക്ക് പുറത്തും പ്രകമ്പനങ്ങള്‍ തീര്‍ത്താണ് കരുണാനിധി എഴുതയ ഡയലോഗുകള്‍ ജൈത്രയാത്ര നടത്തിയത്. 

കരുണാനിധി എന്ന പേര് ആദ്യം വെള്ളിത്തിരയില്‍ എഴുതിച്ചേര്‍ത്തത് 1952-ല്‍ മന്തിരി കുമാരി എന്ന ചിത്രത്തിലായിരുന്നു. പക്ഷേ, അതിനു മുമ്പെ അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തില്‍ പേരുണ്ടായിരുന്നില്ല. നാടക പ്രവര്‍ത്തനത്തിലും സജീവമായിരുന്ന കരുണാനിധി മോഡേണ്‍ തിയറ്റേവ്‌സ് ഉടമയായിരുന്ന ടി.ആര്‍. സുന്ദരത്തിനുവേണ്ടി മന്ത്രികുമാരി എന്ന അദ്ദേഹത്തിന്റെ നാടകം സിനിമയാക്കിയപ്പോള്‍ അതിന് തിരക്കഥയും സംഭാഷണവും രചിച്ചു. പിന്നീട് തമിഴ് സിനിമ അധികവും സംസാരിച്ചത് കലൈഞ്ജര്‍ കരുണാനിധിയുടെ  വാക്കുകളായിരുന്നു.

''വിചിത്രം നിറഞ്ച പല വഴക്കുകളെ സന്തിത്തിരിക്കിരിത് പുതുമയാര്‍ന്ന മനിതര്‍കളെ കണ്ടിരിക്കിരിത് അനാല്‍ ഇത്ത വഴക്ക് വിചിത്രമല്ല. വഴക്കാടും നാന്‍ പുതുമയാര്‍ന്ന മനിതനും അല്ല.......... ഓടിനാല്‍ ഓടിനാല്‍ വാഴ്ക്കയും ഓരത്തുക്കള്‍ക്കെ ഓടിനാള്‍.. പരാശക്തിയിലെതാണ് ഈ പ്രശസ്തമായ സംഭാഷണം. മുഴുനീള സംഭാഷണങ്ങളാണ് കരുണാനിധി എഴുതിവിട്ടതെങ്കിലും അതിന്റെ അര്‍ത്ഥവ്യാപ്തിയും അത് സാധാരണക്കാരായ തമിഴ് പ്രേക്ഷകരുടെ സിരകളില്‍ സൃഷ്ടിച്ച പ്രകമ്പനവും ചില്ലറയായിരുന്നില്ല.  

1949 വരെയുള്ള കണക്കെടുത്താല്‍ ചെന്തമിഴില്‍ കരുണാനിധി തീര്‍ത്ത തീപ്പൊരി ഡയലോഗുകള്‍ 50 എണ്ണം വരും. സംസ്‌കൃതത്തില്‍നിന്നു തമിഴിനെ മോചിപ്പിച്ച് ശുദ്ധമായ തമിഴിലായിരുന്നു കരുണാനിധി സംഭാഷണം എഴുതിയിരുന്നത്. 75 സിനിമകള്‍ക്ക് വേണ്ടി കരുണാനിധി തിരക്കഥകള്‍ രചിച്ചു. വെറും തിരക്കഥകള്‍ എന്നതിലുപരി ദ്രവീഡിയന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായ സ്വാധീനം ചൊലുത്താന്‍ കഴിയുന്നവയായിരുന്നു അവ. ഈ എഴുത്തിന്റെ ശക്തിയാണ് കരുണാനിധിയെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരത്തേക്ക് എത്തിച്ചത് എന്നതില്‍ തര്‍ക്കമില്ല. കരുണാനിധിയുടെ കൈ പിടിച്ച് തമിഴ് രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ അണ്ണാ ദുരൈയുടെ മനസ്സിലും തിങ്ങിവിങ്ങിയത് തിരശീലയില്‍ മുഴങ്ങിയ വാക്കുകളുടെ പ്രവാഹം തന്നെയാവണം.

വിധാവാ വിവാഹവും തൊട്ടുകൂടായ്മയും പോലുള്ള വിഷയങ്ങള്‍ കരുണാനിധി പ്രമേയമാക്കിയപ്പോള്‍ അത് സമകാലിക  തമിഴ് സാമൂഹിക വ്യവസ്ഥയ്ക്ക് നേരെ തിരിച്ചുപിടിച്ച കണ്ണാടി കൂടിയായി. രാജകുമാരി, മന്തിരി കുമാരി, മധുരനാട്ടു ഇളവരസി,  തിരുമ്പിപ്പാര്‍, മനോഹര, മാലൈ കള്ളന്‍, രംഗൂണ്‍ രാധ, രാജാ റാണി, പുതയല്‍, കാഞ്ചി തലൈവന്‍,  പൂമ്പുഹാര്‍ തുടങ്ങിയ സിനിമകളെല്ലാം കരുണാനിധിയുടെ വാക്കുകളുടെ ശക്തി തിരിച്ചറിഞ്ഞവയാണ്. 

കണ്ണമ്മ, മണ്ണിന്‍ മൈന്തന്‍, പുതിയ പരാശക്തി, പാലൈവന റോജാക്കള്‍, നീതിക്കു തണ്ടനൈ, പാസ പറൈവകള്‍,പാടാത തേനീകള്‍, പാലൈവന പൂക്കള്‍, ഉളിയിന്‍ ഓസൈ, ഇളൈഞ്ചന്‍ ഇങ്ങനെ പോകുന്നു കലൈഞ്ജര്‍ സിനിമകള്‍...

Content Highlight: M. Karunanidhi The Real hero of Tamil Nadu