ത്രിമൂര്‍ത്തികളുടെ തമിഴ്നാട്
ആധുനിക തമിഴ്നാടിന്റെ രാഷ്ട്രീയ ഗതിവികാസങ്ങളെ കൃത്യമായി നിയന്ത്രിച്ച മൂന്നുപേര്‍. എം.ജി.ആര്., കരുണാനിധി, ജയലളിത. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകനായ അണ്ണാദുരൈയുടെ കളരിയില്‍നിന്നാണ് കരുണാനിധിയും എം.ജി.ആറും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കുന്നത്. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം 1967 വരെ കോണ്‍ഗ്രസിന് ആധിപത്യമുണ്ടായിരുന്ന സംസ്ഥാനമായിരുന്നു തമിഴ്നാട്. എന്നാല്‍ സി.എന്‍. അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ദ്രാവിഡവാദവുമായി എത്തിയ ദ്രാവിഡകഴകം തമിഴ്നാട്ടില്‍ ശക്തമായി ചുവടുറപ്പിക്കുന്ന കാഴ്ചയാണ് 1967 ല്‍ കാണാന്‍ കഴിഞ്ഞത്.
അണ്ണാദുരൈക്ക് ഇടവും വലവും നിന്നത് കരുണാനിധിയും എം.ജി.ആറുമായിരുന്നു. നാടകത്തോടും കവിതയോടുമുള്ള ആഭിമുഖ്യം അതിനു മുമ്പേ സിനിമാ മേഖലയിലും കരുണാനിധിയെ എത്തിച്ചിരുന്നു. എം.ജി.ആര്. പ്രധാനവേഷത്തില്‍ അഭിനയിച്ച് 1947-ല്‍ പുറത്തുവന്ന രാജകുമാരി എന്ന ചിത്രമാണ് എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള സൗഹൃദത്തിന് വഴി വച്ചത്. ചിത്രത്തിലെ സംഭാഷണങ്ങളുടെ രചന കരുണാനിധിയായിരുന്നു നിര്‍വഹിച്ചത്. ഈ സൗഹൃദമാണ് എം.ജി.ആറിന്റെ രാഷ്ട്രീയപ്രവേശനത്തിന് കാരണക്കാരനായത്. മണിരത്നം സംവിധാനം ചെയ്ത് 1997-ല്‍ പുറത്തെത്തിയ ഇരുവര്‍ എന്ന സിനിമ കരുണാനിധിയുടെയും എം.ജി.ആറിന്റെയും ജീവിതത്തിന്റെ അംശങ്ങള്‍ പകര്‍ത്തിയിട്ടുള്ളവയാണ്.
ഉറ്റസൗഹൃദത്തില്നിന്ന് നിതാന്തവൈരത്തിലേക്ക്
കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അണ്ണാദുരൈ തമിഴ്നാട് മുഖ്യമന്ത്രിയായി. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം അര്‍ബുദ ബാധയെ തുടര്‍ന്ന് അണ്ണാദുരൈ അന്തരിച്ചു. അങ്ങനെ കരുണാനിധി ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി. മുഖ്യമന്ത്രി പദത്തിലേക്കുള്ള ആ യാത്രയില്‍ എം.ജി.ആറിന്റെ സഹായം കരുണാനിധിക്ക് ആവോളം ലഭിച്ചിരുന്നു. കരുണാനിധിയുടെ വാക്ചാതുര്യവും എം.ജി.ആറിന്റെ താരമൂല്യവും ദ്രാവിഡ പ്രസ്ഥാനത്തിന് തമിഴ് ജനതയ്ക്കിടയില്‍ വന്‍സ്വീകാര്യത നല്കി.
പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ 1971-ല്‍ അധികാരത്തിലെത്തി. എന്നാല്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘകാല സൗഹൃങ്ങള്‍ ഉണ്ടാകാറില്ലെന്ന ചൊല്ലിനെ അന്വര്‍ഥമാക്കും വണ്ണം ആശയവ്യത്യാസങ്ങളെ തുടര്‍ന്ന് എം.ജി.ആറും കരുണാനിധിയും വഴി പിരിഞ്ഞു. അങ്ങനെ 1972-ല്‍ ഡി.എം.കെ. വിട്ട് എം.ജി.ആര്., എ.ഐ.എ.ഡി.എം.കെ.(ഓള് ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം) എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ചു.
എം.ജി.ആറിന്റെ പാര്‍ട്ടിയില്‍നിന്നുള്ള പിരിഞ്ഞുപോകലിന് വലിയ പ്രാധാന്യമൊന്നും കൊടുക്കാന്‍ കരുണാനിധി തയ്യാറായില്ല. അങ്ങനെ സുഹൃത്തുക്കള്‍ ബദ്ധവൈരികളായി. എന്നാല്‍ കരുണാനിധിയെന്ന രാഷ്ട്രീയചാണക്യന്റെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമായിരുന്നു പിന്നീട് നടന്ന കാര്യങ്ങള്‍. താരരാജാവിന്റെ പരിവേഷവും ജനസമ്മതിയും എം.ജി.ആറിനെ അധികാരത്തിലെത്തിച്ചു.
ഒരു ശപഥത്തിന്റെ കഥ
എം.ജി.ആറിന്റെ മരണശേഷം എ.ഐ.എ.ഡി.എം.കെ. രണ്ടായി പിളര്‍ന്നു. എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന് നേതൃത്വം നല്കിയ വിഭാഗവും ജയലളിത നേതൃത്വം നല്കിയ വിഭാഗവും. ജാനകി രാമചന്ദ്രന്റെ വിഭാഗത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പുറന്തള്ളപ്പെട്ട ജയലളിത പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. മികച്ച വാഗ്മിയായ കരുണാനിധിയെ എതിരിടാനുള്ള തുറുപ്പുചീട്ടായിരുന്നു ജയലളിത.
നീങ്കള് സെയ്വീര്കളാ എന്ന ചോദ്യവുമായാണ് ജയലളിത തമിഴ്ജനതയുടെ മുന്നിലെത്തിയത്. രാഷ്ട്രീയപരമായും വ്യക്തിപരമായും ബദ്ധവൈരികളായിരുന്നു ജയലളിതയും കരുണാനിധിയും. അടുത്ത സുഹൃത്തുക്കളായിരുന്ന എം.ജി.ആറിനെയും കരുണാനിധിയെയും തമ്മിലകറ്റിയത് ജയലളിതയാണെന്നും ഇതാണ് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമെന്നും ഒരു വാദമുണ്ട്. കാരണമെന്തായാലും നേരിട്ടു കണ്ടാല്‍, പരസ്പരം മിണ്ടാന്‍ പോലും ഇരുവരും കൂട്ടാക്കിയിരുന്നില്ല.
കരുണാനിധിയും ജയലളിതയും തമ്മിലുള്ള ശത്രുതയ്ക്ക് ആക്കം കൂട്ടിയ സംഭവം നടന്നത് 1989-ലായിരുന്നു. കരുണാനിധി മൂന്നാം വട്ടവും മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ സമയം. ധനകര്യം കൈകാര്യം ചെയ്തിരുന്നതും കരുണാനിധിയായിരുന്നു. സഭയിലെ പ്രതിപക്ഷനേതാവായിരുന്നു ജയലളിത. ബജറ്റ് അവതരണത്തിനിടെ ഡി.എം.കെ. അംഗങ്ങളും എ.ഐ.എ.ഡി.എം.കെ. അംഗങ്ങളും തമ്മില്‍ പിടിവലിയും ബഹളവുമായി. സഭയില്‍നിന്ന് പുറത്തേക്ക് വരികയായിരുന്ന ജയലളിതയെ പൊതുമരാമത്ത് മന്ത്രി ദുരൈ മുരുകന് വഴി തടഞ്ഞുനിര്‍ത്തുകയും സാരിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു.
ആക്രമണത്തില്‍ അവരുടെ സാരിയുടെ മുന്താണി കീറി. നിയമസഭയില്‍ ജയലളിത അപമാനക്കപ്പെട്ടു എന്ന വാര്‍ത്തയും അതേ തുടര്‍ന്ന് അവര്‍ നടത്തിയ ശപഥവും ഏറെ മാധ്യമശ്രദ്ധ നേടി. ഡി.എം.കെയ്ക്കും കരുണാനിധിക്കും ഏറെ പഴി കേള്‍ക്കേണ്ടി വന്ന വിഷയമായിരുന്നു അത്. എന്നാല്‍ പിന്നീട് 2001-ല്‍ ജയലളിത അധികാരത്തിലെത്തിയപ്പോള്‍ മേല്‍പ്പാലം അഴിമതി കേസില്‍ കരുണാനിധിയെ അറസ്റ്റ് ചെയ്തു. അര്‍ധരാത്രിയിലെ ആ അറസ്റ്റ് ജയലളിത-കരുണാനിധി ശത്രുതയുടെ തോത് വെളിപ്പെടുത്തുന്നതായിരുന്നു.
കത്തി നില്‍ക്കെ ജയലളിതയെന്ന നക്ഷത്രം പൊലിയുമ്പോള്‍ കരുണാനിധി കസേരയുടെ ലോകത്തേക്ക് ചുരുങ്ങിയിരുന്നു. എം.ജി.ആറും ജയലളിതയും കരുണാനിധിയും ഇല്ലാത്ത തമിഴ്നാട് ഒരിക്കലും പഴയ തമിഴ്നാട് ആയിരിക്കില്ല.
Content Highlight: karunanidhi political career like a tamil movie