ദ്രാവിഡരാഷ്ട്രീയത്തിലെ അധികാരപ്പെരുമായുടെ ഇതിഹാസ നായകന്‍ ജനിച്ചത് 1924 ജൂണ്‍ മുന്നിന് നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍. മുത്തുവേലരും അഞ്ജുകം അമ്മയാരുമായിരുന്നു മാതാപിതാക്കള്‍. കലൈഞ്ജര്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു. പിന്നീടത് മുത്തുവേല്‍ കരുണാനിധി എന്നാക്കി മാറ്റുകയായിരുന്നു. 

പതിനലാമത്തെ വയസില്‍ ജസ്റ്റിസ് പാര്‍ട്ടിയുടെയും അതിന്റെ നേതാവ് അഴഗിരി സ്വാമിയുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ഠനായ അദ്ദേഹം ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചര്‍ മറുമലര്‍ച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചു. ഇത് പിന്നീട് തമിഴ്നാട് മുഴുവന്‍ വ്യാപിച്ച വിദ്യാര്‍ഥി പ്രസ്ഥാനമായി മാറി. 

പെരിയാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡുനിന്നു പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തിലായി പിന്നീട് പ്രവര്‍ത്തനം. ദ്രാവിഡ ആശയങ്ങളുടെ പ്രാചാരണത്തിനായി 1942-ല്‍ മുരശൊലി എന്ന പത്രം സ്ഥാപിച്ചു. തന്റെ മനോഹരമായ രചനാവൈദധ്യം കൊണ്ട് രാഷ്ട്രീയ ആദര്‍ശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കുടിയരശ്, മുത്തരം, തമിഴ് അരശ് തുടങ്ങിയ പ്രസിദ്ധീകരണങ്ങലിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കള്ളക്കുടിയില്‍ നടന്ന ഹിന്ദി വിരുദ്ധ സമരം അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഇതോടെ തമിഴ്നാട്ടില്‍ ശ്രദ്ധിക്കപ്പെടുന്ന യുവനേതാവായി കരുണാനിധി മാറി. 

1952-ല്‍ ഇരുപത്തിയെട്ടാം വയസിലാണ് കലൈഞ്ജര്‍ ആദ്യതിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. കരൂര്‍ ജില്ലയിലെ കുഴിത്തലൈയില്‍നിന്നു കന്നിയങ്കത്തില്‍ ജയിച്ചു കയറിയ കലൈഞ്ജര്‍ പിന്നീടൊരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. '57-ല്‍ തഞ്ചാവൂര്‍, '62-ലും '67-ലും ചെന്നൈയിലെ സെയ്ദാപെട്ട്, '77-ലും '80-ലും അണ്ണാനഗര്‍, '89-ലും '91-ലും ഹാര്‍ബര്‍, '96, 2001, 2006 ചെപ്പോക്ക് എന്നിങ്ങനെയായിരുന്നു കലൈഞ്ജറുടെ പോരാട്ടം.

ചെന്നൈയില്‍ ഡി.എം.കെയുടെ ശക്തി കുറയുകയാണെന്ന തിരിച്ചറിവില്‍ 2011-ല്‍ കലൈഞ്ജര്‍ തിരുവാരൂരിലേക്ക് കളംമാറ്റി. രാജീവ്ഗാന്ധി വധത്തെത്തുടര്‍ന്ന് 1991-ല്‍ തമിഴകത്ത് ആഞ്ഞടിച്ച സഹതാപതരംഗത്തില്‍ ഡി.എം.കെ. തകര്‍ന്നടിഞ്ഞപ്പോഴും കലൈഞ്ജറുടെ കാലിടറിയില്ല. എം.ജി.ആറിന്റെ മാസ്മരിക വ്യക്തിപ്രഭാവത്തിനുമുന്നിലും പരാജയമറിയാതെ കലൈഞ്ജര്‍ പിടിച്ചുനിന്നു. 1984-ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് കലൈഞ്ജര്‍ മത്സരിക്കാതിരുന്നത്. 1983-ല്‍ ശ്രീലങ്കന്‍ തമിഴ്പ്രശ്നം മുന്‍നിര്‍ത്തി കലൈഞ്ജര്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഉപരിസഭയായ തമിഴ്നാട് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു.

മുഖ്യമന്ത്രി അണ്ണാദുരൈ 1969-ല്‍ അന്തരിച്ചതിനെ തുടര്‍ന്ന് കരുണാനിധി മുഖ്യമന്ത്രി പദവിയും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഏറ്റെടുക്കുന്നത്.  1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസക്കാലത്ത് തന്നെ സാഹിത്യാഭിരുചി പ്രകടമാക്കിയ അദ്ദേഹം നാടകം, കവിത, സാഹിത്യം എന്നീ സാഹിത്യ മേഖലകളിലെല്ലാം സൃഷ്ടികള്‍ നടത്തി. അഭിമന്യു എന്ന പുരാണചിത്രത്തിനായി സംഭാഷണങ്ങള്‍ എഴുതിയായിരുന്നു കരുണാനിധിയുടെ സിനിമാപ്രവേശം. എന്നാല്‍ ആ ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേരുള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് തിരുവാരൂരേക്ക് മടങ്ങിയ കരുണാനിധി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

1947ല്‍ ഇരുപതാം വയസിലാണ് രാജകുമാരി എന്ന സിനിമയിലെ തിരക്കഥ െഎഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റര്‍ പിക്ചേഴ്സ് അദ്ദേഹത്തെ സമീപിക്കുന്നത്. ചിത്രം മികച്ച ജനസമ്മതിയാണ് കരുണാനിധിക്ക് നേടിക്കൊടുത്തത്. ഈ സിനിമയില്‍ മുഖ്യവേഷം ചെയ്ത എം.ജി.ആറുമായി സൗഹൃദത്തിലാകാനും അദ്ദേഹത്തിന് സാധിച്ചു. പിന്നീട് എഴുപത്തിയഞ്ചോളം സിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണം രചിക്കുകയുണ്ടായി. 

സാഹിത്യ രംഗത്തും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. കവിതകള്‍, തിരക്കഥകള്‍, നോവലികള്‍, ജീവചരിത്രങ്ങള്‍, ചരിത്ര നോവലുകള്‍, നാടകങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിങ്ങനെ പരന്ന് കിടക്കുന്നതാണ് അദ്ദേഗത്തിന്റെ സാഹിത്യ സംഭാവനകള്‍. 1971ല്‍ അണ്ണാമലൈ സര്‍വകലാശാല ഓണററി ഡോക്ടേറ്റ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. തേന്‍പാണ്ടി സിങ്കം എന്ന പുസ്തകത്തിന് തമിഴ് സര്‍വകലാശാല രാജ രാജനന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മുന്ന് വട്ടം കരുണാനിധി വിവാഹിതനായിട്ടുണ്ട്. പത്മാവതി, ദയാലുഅമ്മാള്‍, രസാത്തി എന്നിവരാണ് ഭാര്യമാര്‍. ഇവരില്‍ പത്മാവതി നേരത്തെ തന്നെ മരിച്ചു. മൂന്ന് വിവാഹങ്ങളിലായി എം.കെ. മുത്തു, എം.കെ. അഴഗിരി, എം.കെ. സ്റ്റാലില്‍, എം.കെ. തമിഴരശ് എന്നീ ആണ്‍മക്കളും സെല്‍വി, കനിമൊഴി എന്നീ പെണ്‍മക്കളും ഇദ്ദേഹത്തിനുണ്ട്. പത്മാവതിയുടെ മകനായ എം.കെ. മുത്തു ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. എം.കെ. അഴഗിരി, എം.കെ. സ്റ്റാലില്‍, എം.കെ. തമിഴരശ്, സെല്‍വി എന്നിവര്‍ ദയാലുഅമ്മാളിന്റെയും കനിമൊഴി രാസാത്തിയുടെയും മക്കളാണ്. 

content Highlight: karunanidhi Former Chief Minister of Tamil Nadu