: അണ്ണാദു​െരെയുടെ പാത പിന്തുടർന്നാണ് നാടകത്തിൽനിന്ന് കരുണാനിധി നാൽപ്പതുകളുടെ ഒടുവിൽ സിനിമയിൽ എത്തുന്നത്. പുണ്യപുരാണ നാടകങ്ങളുടെയും സാമൂഹികപ്രസക്തിയുള്ള രാഷ്ട്രീയനാടകങ്ങളുടെയും രചയിതാവ് എന്നനിലയിൽ ഇരുപതുവയസ്സെത്തുമ്പോഴേക്കും കരുണാനിധി പേരെടുത്തിരുന്നു. അതിനുശേഷമാണ് സേലത്ത് മോഡേൺ തിയേറ്റേഴ്‌സിൽ സിനിമയുടെ സംഭാഷണ രചയിതാവായി ചേരുന്നത്.

എല്ലിസ് ഡങ്കൻ എന്ന വിദേശി സംവിധാനംചെയ്ത ‘പൊൻമുടി’ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. തുടർന്ന് ‘രാജകുമാരി’ എന്ന ചിത്രത്തിനായി എഴുതി. കരുണാനിധിയുടെ പ്രശസ്തനാടകമായ ‘കുണ്ഡലകേശി’ സിനിമയാകുന്നത് ഇക്കാലത്താണ്. തമിഴ് പുരാണ കഥയുടെ പശ്ചാത്തലത്തിൽ കരുണാനിധി എഴുതിയ ഈ നാടകം ‘മന്ത്രികുമാരി’ എന്നപേരിൽ മോഡേൺ തിയേറ്റേഴ്‌സ് സിനിമയാക്കിയപ്പോൾ അദ്ദേഹത്തിന്റെ ശുപാർശപ്രകാരമാണ് അതിൽ എം.ജി.ആറിനെ നായകനാക്കിയത്. എം.ജി.ആർ. അതിന്റെ മുമ്പ് രണ്ടുചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും മന്ത്രികുമാരിയാണ് അദ്ദേഹത്ത നായകനിരയിലേക്ക് ഉയർത്തിയത്. 1950-ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം വൻഹിറ്റായതോടെ കരുണാനിധി സിനിമയിൽ ചുവടുറപ്പിച്ചു.

1960-കളുടെ തുടക്കത്തിൽ മൂന്ന് നായകന്മാരുടെ ഉദയമായിരുന്നു. എം.ജി.ആർ., ശിവാജി ഗണേശൻ എന്നിവരോടൊപ്പം സിനിമാരചയിതാവ് എന്നനിലയിൽ കരുണാനിധിയും. എം.ജി.ആറിനെയും ശിവാജിഗണേശനെയും സിനിമയിൽ നായകനായി വളർത്തുന്നതിൽ കരുണാനിധിയുടെ രചനകൾ തുടക്കത്തിൽ വളരെ സഹായിച്ചു. എം.ജി.ആർ. നായകനായ ചിത്രത്തിനുശേഷം കരുണാനിധി എഴുതിയ ‘പരാശക്തി’യിൽ ശിവാജിഗണേശനായിരുന്നു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ആ സിനിമ തമിഴ്‌സിനിമാചരിത്രത്തിലെ വഴിത്തിരിവായി. വിഴുപുരം ചിന്നയ്യ ഗണേശനെന്ന നാടകനടൻ ശിവാജിഗണേശനായി മാറുന്നത് പരാശക്തിയിലൂടെയായിരുന്നു. ശിവാജിഗണേശൻ ഈ ചിത്രത്തിലെ കരുണാനിധി എഴുതിയ നെടുനെടുങ്കൻ ഡയലോഗുകളിലൂടെ കാണികളെ ഇളക്കിമറിച്ചു. അമ്പതുകളിലും അറുപതുകളിലും അഭിമന്യു, മരുതനാട്ട് ഇളവരശി, മണമകൻ, ദേവകി, പണം, തങ്കതം, തിരുമ്പിപാർ, നാം മനോഹര, മലകള്ളൻ, രങ്കൂൺരാധ, രാജറാണി, പുതുമെപിത്തൻ, എല്ലാരും ഇന്നാട്ടുമന്നർ, പുപുഹാർ, പൂമാല, മണിമകുടം, പൂക്കാരി, നീതിക്കുദണ്ഡനെ, പാശപറവകൾ, കണ്ണമ്മ, ഉളിയിൻ ഓശെ, പെൺസിങ്കം, മണ്ണിൻ മനിതൻ, ഇളഞ്ചൻ, പൊന്നറശങ്കർ തുടങ്ങി 70 സിനിമകൾക്ക് കരുണാനിധി രചന നിർവഹിച്ചു. ഉളിയിൻ ഓശെ, പെൺസിങ്കം, ഇളഞ്ചൻ, പൊന്നറശങ്കർ എന്നിവ എഴുതിയത് 2000-ത്തിനുശേഷമാണ്.
കടുത്ത സമൂഹവിമർശനങ്ങളെത്തുടർന്ന് ‘തൂക്കുമേടെ’ പോലുള്ള അദ്ദേഹത്തിന്റെ നാടകങ്ങൾ സർക്കാർ നിരോധിച്ചു. സംഘതമിഴ്, റോമപുരി പാണ്ഡ്യൻ, തെൻപാണ്ടി സിംഹം, മണിമകുടം, ഒരേരക്തം, പളനിയപ്പൻ, നാൻ അറിവാളി, വെള്ളിക്കിഴമെ, ഉദയസൂര്യൻ, ശിലപ്പതികാരം എന്നീ നാടകങ്ങളിൽ ചിലത് പിന്നീട് സിനിമയാകുകയും ചെയ്തു.

അനൽ ​പോലെ വസനങ്ങൾ

കലൈഞ്ജരുടെ പ്രശസ്തമായ ചില സിനിമാ സംഭാഷണങ്ങൾ

തെൻട്രലൈ തീണ്ടിയതില്ലൈ ആനാൽ തീയൈ താണ്ടിയിരുക്കേൻ
(തെന്നലിനെ തഴുകിയിട്ടില്ല, പക്ഷെ ഞാൻ തീക്കനൽ തരണംചെയ്തിട്ടുണ്ട്)

മനസാക്ഷി ഉറങ്കും സമയത്തിൽ താൻ മനക്കുരങ്ക് ഊർ സുട്ര പോകിറത്
(മന:സാക്ഷി ഉറങ്ങുന്ന നേരത്താണ് മനസെന്ന കുരങ്ങൻ ഊരു ചുറ്റാൻ പോകുന്നത്)

പദവി എൻപത് മുൾകിരീടം പോൻട്രത് (പദവി എന്നത് മുൾകിരീടം പോലെയാണ്)

പുത്തകത്തിൽ ഉലഗൈ പടിത്താൽ അറിവ് കിടൈയ്ക്കും
ഉലഗത്തയേ പുത്തകമായ് പടിത്താൻ അനുഭവം തലൈക്കം
(പുസ്തകത്തിലൂടെ ലോകത്തെ പഠിച്ചാൽ അറിവ് ലഭിക്കും. ലോകമെന്ന പുസ്തകത്തെ പഠിച്ചാൽ അനുഭവവും)

വീരൻ സാകവേയില്ലൈ കോഴ വാഴ്കവേയില്ലൈ  
(ധീരന് മരണമില്ല, ഭീരുവിന് ജിവിതമില്ല)