ചെന്നൈ: മക്കളിൽ കലൈഞ്ജർക്ക് ഏറ്റവും പ്രിയപ്പെട്ടവൾ കനിമൊഴിയായിരുന്നിരിക്കണം. ബാല്യത്തിൽ പിതാവിന്റെ സ്നേഹം വലുതായി തനിക്ക് ലഭിച്ചിരുന്നില്ലെന്ന് കനിമൊഴി ഒരു കവിതയിൽ രേഖപ്പെടുത്തുന്നുണ്ട്. കരുണാനിധിയുടെ ജീവിതത്തിലേക്ക് കനിമൊഴിയുടെ അമ്മ രാജാത്തി കടന്നുവന്നത് രണ്ടാംഭാര്യ ദയാലുഅമ്മാളും മക്കളായ സ്റ്റാലിനും അഴഗിരിയുമൊന്നും ആദ്യം അംഗീകരിച്ചിരുന്നില്ല. രാജാത്തിയുമായുള്ള ബന്ധമെന്താണെന്ന് നിയമസഭയിൽ പ്രതിപക്ഷബെഞ്ചിൽനിന്ന് ചോദ്യമുണ്ടായപ്പോൾ കരുണാനിധി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘രാജാത്തി എന്റെ മകൾ കനിയുടെ അമ്മയാണ്.’ തന്റെ സാഹിത്യാഭിരുചി കനിക്കാണ് കിട്ടിയിരിക്കുന്നതെന്നത് കരുണാനിധിയെ കനിമൊഴിയോട് കൂടുതലായി അടുപ്പിച്ചിരുന്നു. കനിയാണ് തന്റെ സാഹിത്യകിരീടത്തിന്റെ അവകാശിയെന്ന് കലൈഞ്ജർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

 2ജി സ്പെക്ട്രം പിടിച്ചു കുലുക്കിയപ്പോൾ തളർന്നുവീഴാതിരിക്കാൻ കനിക്ക് താങ്ങായത് കലൈഞ്ജറുടെ കരുത്തുറ്റ പിന്തുണയായിരുന്നു. കൃത്യമായ ലക്ഷ്യത്തോടെയാണ് കനിയെ കലൈഞ്ജർ രാജ്യസഭയിലേക്കയച്ചത്. ദയാനിധിമാരൻ കരുണാനിധി കുടുംബവുമായി ഉടക്കിയ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഡി.എം. കെ.യുടെ മുഖമാവുകയായിരുന്നു കനിയുടെ ദൗത്യം. കവിത നൽകിയ സംവേദനക്ഷമതയും ഇംഗ്ലീഷിലുള്ള പ്രാവീണ്യവും കനിയെ ഡൽഹിയിൽ വളരെ പെട്ടെന്ന് ശ്രദ്ധേയയാക്കുകയും ചെയ്തു.

കലൈഞ്ജറുടെ അസാന്നിധ്യത്തിൽ കനിയുടെ രാഷ്ട്രീയഭാവി എങ്ങനെ നീങ്ങുമെന്നത് പ്രവചനാതീതമാണ്. മാരൻ സഹോദരന്മാരുടെ കടുത്ത എതിർപ്പാണ് കനിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി.