: ഡി.എം.കെ.യുടെ പൂർണനിയന്ത്രണം ഇനി സ്റ്റാലിനിൽ. തനിക്കുശേഷം പാർട്ടിയുടെ തലപ്പത്ത് മകനെ എത്തിക്കാനുള്ള റൂട്ട് മാപ്പ് വർഷങ്ങൾക്കുമുമ്പേ കലൈഞ്ജറുടെ തലയിൽ ഉദിച്ചിരുന്നു. വൈകോയുടെ പുറത്തുപോക്ക് അതിന്റെ തുടക്കമായി വേണം കരുതാൻ. മറ്റൊരു മകനും മുൻകേന്ദ്രമന്ത്രിയുമായ അഴഗിരിയെ തള്ളിപ്പറയാനും പാർട്ടിയിൽനിന്ന് പുറത്താക്കാനും കരുണാനിധി തയ്യാറായത് സ്റ്റാലിനുവേണ്ടിയാണ്.

കഴിഞ്ഞ ഒന്നരവർഷം  പാർട്ടി അധ്യക്ഷന്റെ എല്ലാ അധികാരവുമുള്ള വർക്കിങ് പ്രസിഡന്റാണ് എന്ന നിലയിൽ സ്റ്റാലിൻ ഡി.എം.കെ.യെ നയിച്ചു. ജനറൽ കൗൺസിൽ യോഗതീരുമാനമെന്ന സാങ്കേതിക കടമ്പമാത്രമാണ് ഡി.എം.കെ. അധ്യക്ഷപദവിയിലേക്ക് ഇനി സ്റ്റാലിനുമുന്നിൽ ബാക്കിയുള്ളത്.

പാർട്ടിയിൽ ‘പിന്തുടർച്ചാവകാശം’ ലക്ഷ്യമാക്കി അഴഗിരി കലാപക്കൊടി ഉയർത്തിയപ്പോഴൊക്കെ സ്വന്തം കുടുംബത്തിൽനിന്നുള്ള തന്റെ പിൻഗാമി സ്റ്റാലിനാണെന്ന്‌ പറഞ്ഞിരുന്നെങ്കിലും ബാക്കി തീരുമാനമൊക്കെ പാർട്ടിയെടുക്കുമെന്ന നിലപാടാണ് സ്വീകരിച്ചത്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങിയെങ്കിലും പ്രധാന ചുമതല സ്റ്റാലിനായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ പ്രചാരണം മുഴുവനായി മകനെ ഏൽപ്പിച്ചു.

ജയലളിതയ്ക്കുമുന്നിൽ മുട്ടുമടക്കി വീണ്ടും ഒരിക്കൽകൂടി പ്രതിപക്ഷത്ത് തുടരേണ്ടിവന്നപ്പോൾ പ്രതിപക്ഷനേതാവ് സ്ഥാനം സ്റ്റാലിന് നൽകി കരുണാനിധി പിൻമാറ്റത്തിന്റെ സൂചനകൾ നൽകി. ഇതിനിടെ അഴഗിരി പാർട്ടിയിൽനിന്ന് പുറത്താകുകയും ചെയ്തിരുന്നതിനാൽ സ്റ്റാലിന്റെ പ്രയാണം സുഗമമായി.