:എഴുത്തുപോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു കരുണാനിധിക്ക് പ്രസംഗവും. ‘എൻ ഉയിരിനും മേലാന അമ്പാർന്ന ഉടപ്പിറപ്പുകളേ’ എന്ന വിളിയോടെയാണ് കലൈഞ്ജർ പ്രസംഗം തുടങ്ങുക. ഈ വിളികഴിഞ്ഞാൽ മിനിറ്റുകളോളം ജനങ്ങളുടെ ആർപ്പുവിളിയായിരിക്കും. 24 കൊല്ലത്തെ ഇടവേളയ്ക്കുശേഷം 2004-ലാണ് ഡി.എം.കെ. വീണ്ടും കോൺഗ്രസുമായി സഖ്യത്തിലായത്. അന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദക്ഷിണമേഖലാ സമാപനം മധുരയിലെ തമുക്കം മൈതാനിയിലായിരുന്നു.

സി.പി.എം. ജനറൽ സെക്രട്ടറി ഹർകിഷൻസിങ് സുർജിത് പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് കരുണാനിധി  വേദിയിലേക്കെത്തിയത്. കരുണാനിധിയെ കണ്ടപാടെ ‘കലൈഞ്ജർ വാഴ്ക’ എന്ന ഘോഷത്താൽ തമുക്കം ഇളകിമറിഞ്ഞു. അതുകണ്ട് സുർജിത് പ്രസംഗം നിർത്തി കരുണാനിധിയെ ക്ഷണിച്ചു. കലൈഞ്ജർ പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു. ‘ഇന്നിപ്പോൾ യു.പി.എ.യ്ക്ക് വോട്ടുചെയ്യരുതെന്ന് ഞാനും സുർജിതും പറഞ്ഞാലും നിങ്ങൾ അനുസരിക്കില്ല. കാരണം, കേന്ദ്രത്തിലെ എൻ.ഡി.എ. സർക്കാരിനെയും ഇവിടത്തെ ജയലളിത സർക്കാരിനെയും നിങ്ങൾ അത്രയ്ക്ക് വെറുത്തുകഴിഞ്ഞിരിക്കുന്നു. ‘കലൈഞ്ജറുടെ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിച്ചുകൊണ്ടാണ് ഫലം വന്നപ്പോൾ പുതുച്ചേരിയിലെ ഒരു സീറ്റുൾപ്പെടെ തമിഴകത്തെ 40 സീറ്റും യു.പി.എ. പിടിച്ചെടുത്തത്.

അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സംസ്ഥാനതല സമാപനം ചെന്നൈയിലെ ഐലൻറ്‌സ് ഗ്രൗണ്ട്സിലായിരുന്നു. രണ്ടുദിവസംമുമ്പ് ഇതേ വേദിയിലാണ് വാജ്‌പേയിയും ജയലളിതയും ഒന്നിച്ച് എൻ.ഡി.എ.യുടെ പ്രചാരണത്തിന് തിരശ്ശീല വീഴ്ത്തിയത്. കരുണാനിധിയും സോണിയാഗാന്ധിയുമായിരുന്നു യു.പി.എ. പ്രചാരണവേദിയിലെ പ്രധാനികൾ. ‘തിളങ്ങുന്ന ഇന്ത്യ’യുമായി എൻ.ഡി.എ. അരങ്ങുതകർക്കുന്ന സമയം.  കരുണാനിധി പ്രസംഗം തുടങ്ങി. ‘അലകടൽ പോലെ ഇരമ്പുന്ന ഈ ജനക്കൂട്ടം സാക്ഷിയാക്കി ഞാൻ പറയുന്നു, 24 കൊല്ലംമുമ്പ് 1980-ൽ ഇതേ മൈതാനത്ത് നിന്നുകൊണ്ടാണ് ഞാൻ പറഞ്ഞത്. ‘നെഹ്രുവിൻ മകളേ വരിക, സ്ഥിരതയാർന്ന ഭരണം തരിക’ ഇന്നിപ്പോൾ ഇവിടെ നിന്നുകൊണ്ട്‌ ഞാൻ പറയുന്നു, ‘ഇന്ദിരാവിൻ മരുമകളേ വരിക, സ്ഥിരതയാർന്ന ഭരണം തരിക’. മാന്ത്രികസ്പർശമേറ്റാലെന്നപോലെയാണ് ജനം ഈ വാക്കുകളോട് പ്രതികരിച്ചത്.

ജീവിതരേഖ

 • ജനനം: ജൂൺ 3, 1924
 • ജന്മസ്ഥലം: തിരുക്കുവളെ. തിരുവാരൂർ ജില്ല
 • യഥാർഥ പേര്: ദക്ഷിണാമൂർത്തി
 • 1942: ‘മുരശൊലി’ പത്രം ആരംഭിക്കുന്നു
 • 1957: തൃശ്ശിനാപ്പള്ളി കുഴിത്തലൈ മണ്ഡലത്തിൽനിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലേക്ക്.
 • 1961: ഡി.എം.കെ. ട്രഷറർ
 • 1962: നിയമസഭാ പ്രതിപക്ഷ െഡപ്യൂട്ടി ലീഡർ.
 • 1963 നവംബർ 19: ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിൽ അറസ്റ്റിൽ
 • 1967: തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി
 • 1969 ഫിബ്രവരി 1: മുഖ്യമന്ത്രിപദവിയിലേക്ക്
 • 1971-1976: മുഖ്യമന്ത്രി
 • 1989-1991: മുഖ്യമന്ത്രി
 • 1996-2001: മുഖ്യമന്ത്രി
 • 2001 ജൂൺ 30: അഴിമതിയാരോപണക്കേസിൽ അർധരാത്രി പോലീസ് അറസ്റ്റ് ചെയ്യുന്നു.
 • 2006-2011: മുഖ്യമന്ത്രി
 • 2016 ഡിസംബർ 1: അലർജിയെത്തുടർന്ന് ആശുപത്രിയിൽ
 • 2016 ഡിസംബർ 15: ശ്വസനസംബന്ധമായ പ്രശ്നത്തെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ
 • 2018 ജൂലായ് 18: കൃത്രിമശ്വാസനാളം മാറ്റിവയ്ക്കുന്നതിന് ആശുപത്രിയിൽ
 • 2018 ജൂലായ് 26: ആരോഗ്യനില മോശമാകുന്നു
 • 2018 ഓഗസ്റ്റ്‌ 7: മരണം