ചെന്നൈ: ശിവാജി ഗണേശൻ, വിജയകാന്ത്, രാമദാസ് തുടങ്ങിയവർ ബദൽശക്തിയാകാൻ തമിഴകത്ത്‌ എത്തിയെങ്കിലും വിജയവും പരാജയവും കരുണാനിധിക്കും ജയലളിതയ്ക്കും  ഇടയിൽ മാത്രമായി വീതിക്കപ്പെട്ടു. കരുണാനിധി തോറ്റപ്പോഴൊക്കെ ജയലളിത വിജയിച്ചു,  ജയ പരാജയപ്പെട്ടപ്പോഴൊക്കെ കരുണാനിധിയും. ഇപ്പോൾ ഒന്നരവർഷത്തിന്റെ ഇടവേളയിൽ രണ്ടുപേരും മരണത്തിന് കീഴടങ്ങിയതോടെ തമിഴകരാഷ്ട്രീയത്തിൽ ഒരു യുഗത്തിനാണ് തിരശ്ശീല വീണത്.

1989-ൽ നിയമസഭയിൽ ഡി.എം.കെ. അംഗങ്ങൾ ജയലളിതയെ കൈയേറ്റം ചെയ്തതിൽ തുടങ്ങിയ പക പിന്നീട് ഒരിക്കലും അടങ്ങിയിട്ടില്ല. ഡി.എം.കെ.യെ  പരാജയപ്പെടുത്തിയതിനുശേഷം മാത്രമേ താൻ തിരികെ  നിയമസഭയിലേക്കുള്ളൂവെന്ന് ശപഥം ചെയ്തിട്ടാണ് അന്ന് ജയ മടങ്ങിയത്.

1991-ൽ വിജയിച്ച് മുഖ്യമന്ത്രിയായി പകരംവീട്ടുകയും ചെയ്തു. 2001-ൽ ജയലളിതാ സർക്കാർ അധികാരത്തിലെത്തിയ ഉടനെ ചെന്നൈയിലെ മേൽപ്പാലപദ്ധതിയിൽ അഴിമതിയാരോപിച്ച്  അർധരാത്രിയിൽ കരുണാനിധിയെ അറസ്റ്റുചെയ്ത സംഭവവും വൈരം  ഇരട്ടിപ്പിച്ചു. കരുണാനിധിയുടെ ഭരണകാലത്ത് (2006-11) ആയിരംകോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച സെക്രട്ടേറിയേറ്റ്-നിയമസഭ കെട്ടിട സമുച്ചയം, പിന്നീട് അധികാരത്തിലെത്തിയ ജയലളിത ആശുപത്രിയാക്കി മാറ്റിയതിനുപിന്നിലും വൈരാഗ്യബുദ്ധി തന്നെയായിരുന്നു.  ജയയുടെ മരണം സംഭവിക്കുമ്പോഴേക്കും കരുണാനിധിയുടെ ആരോഗ്യനില ഏറെ മോശമായിക്കഴിഞ്ഞിരുന്നു. വീടിന് പുറത്തുവരാൻപോലും കഴിയാത്ത  നിലയിലായതിനാൽ ജയയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് വൈരം അവസാനിപ്പിക്കാൻകൂടി കരുണാനിധിക്ക് കഴിഞ്ഞില്ല. അഭ്രപാളികളിലെ പ്രകടനംകൊണ്ട് ആരാധകരെ ഇളക്കിമറിച്ച രജനിയും കമലും രാഷ്ട്രീയത്തിലിറങ്ങുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയസമവാക്യംതന്നെ മാറിമറിയാം.