വാർധക്യത്തിൻറ വയ്യായ്കയിൽ ഇരുന്നുകൊണ്ടുസംസാരിക്കുമ്പോഴും ഇട​െയ്ക്കപ്പോഴൊക്കെയോ ഇടറുകയും വലിയുകയും ചെയ്തപ്പോഴും ആ ശബ്ദത്തിന്റെ മാസ്മരശക്തി നഷ്ടപ്പെട്ടിരുന്നില്ല. കലൈഞ്ജർ കരുണാനിധി വിടപറയുമ്പോൾ തമിഴകത്ത് തിരശ്ശീലവീഴുന്നത് വലിയൊരു കാലഘട്ടത്തിനാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ എല്ലാ അർഥത്തിലും അവസാനത്തെ ‘കൊളോസസ്’ ആയിരുന്നു മുത്തുവേൽ കരുണാനിധി.

ദേശീയപാർട്ടികളോട് പടവെട്ടിയും പലഘട്ടങ്ങളിലും അവരെ വരച്ചവരയിൽ നിർത്തിയും കരുണാനിധിയെപ്പോലെ കളിച്ചിട്ടുള്ള ഒരു നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായിട്ടില്ല. 2004-ൽ സോണിയാഗാന്ധിയെ കോൺഗ്രസ് നേതാക്കൾപോലും തള്ളിപ്പറഞ്ഞുകൊണ്ടിരുന്നപ്പോൾ കരുണാനിധിയാണ് യു.പി.എ.യുടെ നേതാവായി സോണിയയെ അവരോധിച്ചത്. അന്ന് തമിഴകത്തുനിന്ന് നേടിയെടുത്ത 40 സീറ്റുകളാണ് യു.പി.എ.യ്ക്ക് അസ്തിവാരം തീർത്തതും.

മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും കരുണാനിധി പരാജയപ്പെട്ടിട്ടില്ല. രാജീവ്ഗാന്ധിവധവും എം.ജി.ആറിന്റെ മരണവും സൃഷ്ടിച്ച സഹതാപതരംഗങ്ങളിൽപ്പോലും കരുണാനിധിക്ക് കാലിടറിയില്ല. എം.ജി.ആർ. എന്ന അപൂർവ പ്രതിഭാസത്തിനുമുന്നിൽ നീണ്ട 12 വർഷം അധികാരത്തിന്‌ പുറത്തിരിക്കേണ്ടിവന്നപ്പോഴും കലൈഞ്ജർ പിടിച്ചുനിന്നു. ക്ഷമയാണ് രാഷ്ട്രീയക്കാരന്റെ ഏറ്റവും വലിയ ആയുധമെന്ന് കലൈഞ്ജർ കണ്ടെത്തിയത് ഈ കാലഘട്ടത്തിലായിരിക്കണം.

കല്ലെക്കുടിയുടെ വീരൻ  

മുത്തുവേൽ കരുണാനിധിയെ തമിഴകത്തെ ഹീറോ ആക്കിയത് കല്ലെക്കുടിയാണ്. കല്ലെക്കുടി റെയിൽവേസ്റ്റേഷൻ ഡാൽമിയാപുരം എന്നാക്കി മാറ്റിയതിനെതിരേ കരുണാനിധിയും കൂട്ടരും നടത്തിയ സമരം ഐതിഹാസികമായിരുന്നു. തീവണ്ടിപ്പാളത്തിൽ കൂസലില്ലാതെ കുറുകെ കിടന്ന കലൈഞ്ജറെ തമിഴകം ആരാധനയോടെയാണ് അന്ന് കണ്ടത്. തമിഴ് രാഷ്ട്രീയത്തിൽ കലൈഞ്ജർ ശ്രദ്ധിക്കപ്പെടുന്നത് ഈ സംഭവത്തോടെയാണ്. 1949 ​െസപ്‌റ്റംബർ 17-ന് നോർത്ത് ചെ​െന്നെയിൽവെച്ചായിരുന്നു ഡി.എം.കെ. എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ആദ്യയോഗം. അന്ന് അണ്ണാദു​െരെയ്ക്കും ഇ.വി.കെ. സമ്പത്തിനും നാവലർ നെടുഞ്ചേഴിയനുമൊപ്പം കരുണാനിധിയും അവിടെയുണ്ടായിരുന്നു. ഡി.എം.കെ.യുമായുള്ള ഈ പൊക്കിൾക്കൊടി ബന്ധം കലൈഞ്ജർ നിധിപോലെ സൂക്ഷിച്ചു. പാർട്ടിയിൽനിന്ന് എം.ജി.ആറടക്കമുള്ളവർ വിട്ടുപോയപ്പോഴും കലൈഞ്ജർ കുലുങ്ങാതിരുന്നതും ഈ ബന്ധത്തിന്റെ തീവ്രതകൊണ്ടായിരുന്നു

എം.ജി.ആർ.

തമിഴ് ജനതയുടെ സ്വപ്‌നങ്ങളിലെ രാജകുമാരനായി എം.ജി.രാമചന്ദ്രനെ വളർത്തിയതിൽ കരുണാനിധിയുടെ തൂലിക വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ‘രാജകുമാരി’യിലൂടെയും ‘മലെക്കള്ള’നിലൂടെയുമൊക്കെ കലൈഞ്ജർ എം.ജി.ആറിന് തീതുപ്പുന്ന വാക്കുകൾ നൽകി. ഈ അടുപ്പമാണ് 1969-ൽ അണ്ണാദു​െരെ മരിച്ചപ്പോൾ കലൈഞ്ജർക്കൊപ്പം നിൽക്കാൻ എം.ജി.ആറിന് പ്രേരണയായത്. അന്ന് പാർട്ടിയിൽ രണ്ടാമനായിരുന്ന നെടുഞ്ചെഴിയനെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കും പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്കും എത്താൻ കരുണാനിധിയെ സഹായിച്ചത് എം.ജി.ആറായിരുന്നു.

പിന്നീട് ഡി.എം.കെ.വിട്ട് അണ്ണാ ഡി.എം.കെ.യ്ക്ക് രൂപം നൽകിയപ്പോഴും എം.ജി.ആർ. കരുണാനിധിയോട് ബഹുമാനത്തോടെമാത്രമേ പെരുമാറിയിട്ടുള്ളൂ. ജയലളിതയ്ക്കും കരുണാനിധിക്കും ഇടയിലുള്ളതരത്തിലുള്ള വ്യക്തിവിദ്വേഷം ഒരിക്കലും കരുണാനിധിക്കും എം.ജി.ആറിനുമിടയിലുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ കലൈഞ്ജറെ ശരിക്കും വെള്ളം കുടിപ്പിച്ചിട്ടുള്ള ഒരാളുണ്ടെങ്കിൽ അത് എം.ജി.ആറാണ്. 1977 മുതൽ ‘89 വരെ തമിഴകത്ത് അധികാരത്തിന്റെ വാതിലുകൾ കരുണാനിധിക്കുമുന്നിൽ തുറക്കപ്പെടാതിരുന്നതിന് കാരണവും എം.ജി.ആർ. തന്നെയായിരുന്നു.

കുടുംബവും കഴകവും

കഴകം തന്നെയാണ് കുടുംബം എന്നായിരുന്നു അണ്ണാദു​െരെയുടെ വിശ്വാസപ്രമാണം. മക്കളില്ലാതിരുന്ന അദ്ദേഹം അമ്മയുടെ സഹോദരിയുടെ മക്കളെ എടുത്തുവളർത്തുകയായിരുന്നു. ഈ മക്കളാരെയും തന്നെ അണ്ണ, ഡി.എം.കെ.യിൽ ഊട്ടിവളർത്തിയില്ല. അണ്ണാദു​െരെയുടെ മാനസപുത്രനാണ് താൻ എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം അവകാശപ്പെടുമെങ്കിലും കഴകത്തെ കുടുംബമായി കാണാനല്ല കുടുംബത്തെ കഴകമായി കാണാനാണ് കലൈഞ്ജർ എന്നും താത്പര്യപ്പെട്ടിട്ടുള്ളത്. ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയപ്രസ്ഥാനത്തിനുമേൽ തന്റെ കുടുംബത്തിന്റെ അധീശത്വം സ്ഥാപിച്ചു എന്നതാണ് കലൈഞ്ജർക്കുനേരെ ഉയരുന്ന ഏറ്റവും വലിയ വിമർശനം. മാധ്യമ, വ്യവസായ, രാഷ്ട്രീയ അധികാരങ്ങളുടെ മാരകമായ മിശ്രണമാണ് കലൈഞ്ജറുടെ കുടുംബം സ്വായത്തമാക്കിയത്.

ഈ കുടുംബവാഴ്ചയാണ് 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.ക്കെതിരായി വർത്തിച്ച മുഖ്യഘടകം. 2ജി സ്‌പെക്ട്രം അഴിമതിക്കൊപ്പം കരുണാനിധിയുടെ കുടുംബവാഴ്ചയ്ക്കെതിരേയുള്ള ജനങ്ങളുടെ അമർഷവും അണപൊട്ടിയൊഴുകിയപ്പോഴാണ് ഡി.എം.കെ. ഭരണത്തിൽനിന്ന് തൂത്തെറിയപ്പെട്ടത്.

ഗോഡ്ഫാദർ  

മാർലൻ ബ്രാൻഡൊ അനശ്വരമാക്കിയ വിറ്റോ കൊർലിയോൺ എന്ന കഥാപാത്രവുമായി കരുണാനിധി പലപ്പോഴും തുലനം ചെയ്യപ്പെട്ടിട്ടുണ്ട്‌. അതിർത്തികൾ കൃത്യമായി നിർണയിക്കുകയും അതിർത്തിവിട്ടുള്ള കളികൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്തുകൊണ്ടാണ് കരുണാനിധി കുടുംബതാത്പര്യങ്ങൾ കൃത്യമായി പരിരക്ഷിച്ചത്.  ക്രോധത്തോടെയുള്ള സംസാരം കരുണാനിധി എപ്പോഴും മാറ്റിനിർത്തി. ‘ഗോഡ്ഫാദറി’ൽ മരിയാപുസൊയുടെ നായകൻ പറയുന്നതുപോലെ യുക്തിപരമായി കാര്യങ്ങൾ സംസാരിക്കുന്നതിനായിരുന്നു കരുണാനിധി എപ്പോഴും ശ്രദ്ധിച്ചിരുന്നത്. ‘അയാൾക്ക് നിരസിക്കാനാവാത്ത ഒരു വില ഞാൻ പറയും’ എന്ന കൊർലിയോൺ വചനം കരുണാനിധിയുടെയും ആപ്തവാക്യമായി കാണാവുന്നതാണ്.

ബാക്കിപത്രം  

കലൈഞ്ജർ കരുണാനിധിയെ തമിഴകചരിത്രം വിലയിരുത്തുന്നത് എപ്പോഴും മാർദവമായ കൈയുറകൾ ധരിച്ചുകൊണ്ടായിരിക്കണമെന്നില്ല. മാക്കിയവെല്ലിയുടെയും ചാണക്യന്റെയും വഴികളായിരുന്നിരിക്കണം കരുണാനിധിക്ക് പഥ്യം. അധികാരത്തിന്റെ ലഹരി അവസാനതുള്ളിവരെ നുണയുന്നതിനും കരുണാനിധി എന്നും താത്പര്യപ്പെട്ടു. യയാതിയെപ്പോലെ കരുണാനിധി മകൻ സ്റ്റാലിനോട് നിത്യയൗവനം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

തമിഴകത്ത് പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തിയതായിരിക്കണം ഒരുപക്ഷേ, കരുണാനിധിയുടെ ഏറ്റവും തിളങ്ങുന്ന സംഭാവന. 2006-ൽ ഒരുരൂപയ്ക്ക് ഒരു കിലോ അരി എന്ന വാഗ്ദാനം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കരുണാനിധി എഴുതിച്ചേർത്തപ്പോൾ ജയലളിതയടക്കമുള്ളവർ അദ്ദേഹത്തെ പരിഹസിച്ചിരുന്നു. പക്ഷേ, ഇന്നിപ്പോൾ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നടക്കുന്നത് ആ വഴിയിലൂടെയാണ്. വിശക്കുന്നവന്റെ നൊമ്പരം അറിഞ്ഞ മനസ്സായിരുന്നു കലൈഞ്ജറുടേത്.

 ദ്രാവിഡത്തിന്റെ ആത്മഗൗരവത്തിൽ കലൈഞ്ജർ എപ്പോഴും ശിരസ്സുയർത്തിനിന്നു. ‘ഉടൽ മണ്ണുക്ക്, ഉയിർ തമിഴുക്ക്’ എന്ന വചനമായിരുന്നു കലൈഞ്ജറുടെ വഴികാട്ടി. നിങ്ങൾക്ക് തമിഴ് അറിയില്ലെങ്കിൽ അത് നിങ്ങളുടെ പ്രശ്‌നം എന്ന് വ്യക്തമാക്കി കലൈഞ്ജർ തമിഴിനെ ആപാദചൂഡം പുണർന്നു. കലൈഞ്ജർ യാത്രയാവുമ്പോൾ ഒരു കാലഘട്ടം മാത്രമല്ല അവസാനിക്കുന്നത്. ഫെഡറലിസത്തിനുവേണ്ടി വാദിച്ച ഏറ്റവും കരുത്തുറ്റ ശബ്ദവും കൂടിയാണ് പൊലിയുന്നത്.