ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. നമുക്ക് നാഷ്ടമായത് ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരുകളൂന്നിയ നേതാവിനെയും ചിന്തകനെയും മികച്ച ഒരെഴുത്തുകാരനെയുമാണ്. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം നീക്കിവെച്ചതായിരുന്നു കരുണാനിധിയുടെ ജീവിതമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. 

രാജ്യത്തിന്റെയും തമിഴ്‌നാടിന്റെയും വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. തന്റെ ജീവിതത്തിലെ കറുത്ത ദിനമാണിന്നെന്ന് നടന്‍ രജനികാന്ത് പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നതായും രജനി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് തീരാനഷ്ടം - സുമിത്ര മാഹാജന്‍

മാഹാനായ നേതാവായിരുന്നു എം കരുണാനിധിയെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുസ്മരിച്ചു. സാധാരണക്കാര്‍ക്കുനേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. വേര്‍പാട് രാജ്യത്തിന് തീരാനഷ്ടമാണെന്നും അവര്‍ പറഞ്ഞു.

നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അനുശോചന സന്ദേശത്തിന്റെ പൂര്‍ണരൂപം