കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണം പൂര്‍ത്തിയാകാന്‍ കാലതാമസമുണ്ടായതില്‍ യുഡിഎഫിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 1996ല്‍ ആരംഭിച്ച വിമാനത്താവളമെന്ന ആശയം യാഥാര്‍ഥ്യമാകാന്‍ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

2001 മുതല്‍ 2006 വരെയുള്ള അഞ്ചുവര്‍ഷക്കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടന്നില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുത്തതെന്ന് അറിയില്ല. 2006ല്‍ വി എസ് അച്യുതാനനന്ദന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍വയ്ക്കുന്നത്. 

സ്ഥലമേറ്റേടുപ്പ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ അക്കാലയളവിൽ വേഗതയില്‍ നീങ്ങി. ആ പുരോഗതിക്ക് അനുസരിച്ച് പിന്നീടുള്ള അഞ്ചുവര്‍ഷം(2011-2016) കാര്യങ്ങള്‍ നടന്നോയെന്ന വിലയിരുത്തലിലേക്ക് താന്‍ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.2001-06 കാലത്തേതു പോലെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കാന്‍ 2011-16ല്‍ സാധിച്ചില്ല. പകരം ചില തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍ അക്കാലയളവിലും വിമാനത്താവളം പൂര്‍ത്തിയായില്ല. എന്നാല്‍ പൂര്‍ത്തിയാക്കിയെന്ന പ്രതീതി ഉണ്ടാക്കാന്‍ ഒരു ഉദ്ഘാടനം നടത്തി. എന്താണ് ഉദ്ഘാടനം ചെയ്തതെന്ന് അറിയില്ല. പിണറായി വിജയന്‍ പറഞ്ഞു.

എയര്‍ഫോഴ്‌സിന്റെ കയ്യില്‍ അടിയന്തിര ഘട്ടത്തില്‍ എവിടെയും ഇറക്കാന്‍ സാധിക്കുന്ന വിമാനം ഇറക്കി ഉദ്ഘാടനം ചെയ്യുകയാണെന്ന് പറഞ്ഞു ആളുകളെ കൂട്ടി. ആ വിമാനത്താവളമാണ് 2016 ലെ സര്‍ക്കാര്‍ വന്ന് രണ്ടര വര്‍ഷം പിന്നിട്ട് പൂര്‍ണ ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്ന സ്ഥിതി വന്നത്.പിണറായി കുറ്റപ്പെടുത്തി

content highlights: Pinarayi vijayan criticizes udf for delaying kannur airport , kannur airport, pinarayi vijayan