കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു. വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച കേരള സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. വ്യോമയാന വ്യവസായത്തിലേയും ഇന്ത്യന്‍ വികസനത്തിന്റെയും പ്രധാനപ്പെട്ട ദിവസമാണിത്. വികസനത്തിന്റെ നല്ലൊരു മാതൃകയാണിത്. വിമാനത്താവളം യാഥാര്‍ഥ്യമാക്കിയ കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ഏറെ വികസന സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. കേരള വികസനത്തിന്റെ കവാടമായി കണ്ണൂര്‍ വിമാനത്താവളത്തെ കാണാം.

രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്. പ്രവാസികള്‍, ടൂറിസം തുടങ്ങി അതിന് നിരവധി കാരണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൈകോര്‍ത്ത് എങ്ങനെ മികച്ച രീതിയില്‍ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാം എന്നതിന് ഉദാഹരണാണ് കണ്ണൂര്‍ വിമാനത്താവളം. കേരളത്തിന്റെ വികസനത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ശേഷം കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ആദ്യ അന്താരാഷ്ട്ര യാത്രാ വിമാനത്തിന് ഇരുവരും ചേര്‍ന്ന് കൊടിവീശി.  185 യാത്രക്കാരുമായി അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കണ്ണൂരില്‍ നിന്നും പുറപ്പെട്ടത്.

Content Highlights: kannur international airport union minister suresh prabhu speech