Ashwin Nambiar
അശ്വിന്‍ നമ്പ്യാര്‍

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുന്ന ഗോ എയര്‍ വിമാനത്തില്‍ പൈലറ്റായി മലയാളിയുമുണ്ടാവും. അശ്വിന്‍ നമ്പ്യാരാവും വിമാനത്തിന്റെ ഫസ്റ്റ് ഓഫീസര്‍.

രണ്ടുവര്‍ഷം മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ ഡോണിയര്‍ വിമാനം പറത്തിയ കണ്ണൂര്‍ സ്വദേശി എയര്‍ മാര്‍ഷല്‍ രഘു നമ്പ്യാരുടെ മകനാണ് അശ്വിന്‍. 2016 ഫെബ്രുവരി 29നാണ് ആദ്യ വിമാനം കണ്ണൂരില്‍ ഇറങ്ങുന്നത്. വ്യോമസേനയുടെ ട്രെയിനിങ് കമാന്‍ഡിലായിരുന്ന രഘു നമ്പ്യാരാണ് അന്ന് ഡോണിയര്‍ 228 വിമാനം പറത്തിയത്.

Raghu Nambiar
അശ്വിന്‍ നമ്പ്യാര്‍ കുടുംബത്തിനൊപ്പം.

 

ഇപ്പോള്‍ ഷില്ലോങ്ങിലെ ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡില്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ചീഫാണ് രഘു നമ്പ്യാര്‍. അദ്ദേഹത്തിന്റെ പിതാവും വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറായിരുന്നു.

AirForce
എയര്‍മാര്‍ഷല്‍ രഘു നമ്പ്യാരുടെ അച്ഛന്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ പി നമ്പ്യാര്‍ (മുന്‍നിരയില്‍ വലത്തേയറ്റം)

 

ഞായറാഴ്ച രാവിലെ പത്തിന് അബുദാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സര്‍വീസോടെയാവും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥിയായ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് പതാക വീശുന്നതോടെ അബുദാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്രതുടങ്ങും. 12.20 ന് ബെംഗളൂരുവില്‍നിന്നുള്ള ഗോ എയര്‍ വിമാനമെത്തും. തിരുവനന്തപുരത്തേക്കുള്ള സര്‍വീസില്‍ ചെറിയ മാറ്റം വരുത്തിയാണ് അന്ന് കണ്ണൂരില്‍ ഇറങ്ങുന്നത്. പിന്നീട് ഈ വിമാനം തിരുവനന്തപുരത്തേക്ക് പോകും.

Knr
കണ്ണൂരില്‍ ആദ്യവിമാനം ഇറങ്ങിയപ്പോള്‍.

Read more -  കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി

Content Highlights: Kannur International Airport, Go Air Flight, Ashwin Nambiar, Raghu Nambiar