ണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സമീപനഗരമെന്ന നിലയില്‍ അടിമുടി മാറാന്‍ ഒരുങ്ങുകയാണ് മട്ടന്നൂര്‍. പശ്ചാത്തല സൗകര്യവികസനത്തിനായി വിവിധ പദ്ധതികളാണ് നഗരസഭ മുന്‍കൈയെടുത്ത് നടപ്പാക്കുന്നത്. വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പ്രധാന റോഡുകള്‍ക്ക് പുറമേ നഗരസഭയിലെ ബൈപ്പാസുകളും വീതികൂട്ടി നവീകരിക്കാന്‍ പദ്ധതിയുണ്ട്. 

നഗരസഭാ ഓഫീസിനു മുന്നിലൂടെയുള്ള മട്ടന്നൂര്‍-മരുതായി -ഇരിക്കൂര്‍ റോഡ് വികസിപ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ പാര്‍ക്കിങ്ങിന് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. - ബസ്റ്റാന്‍ഡിലെ പഴയ വ്യാപാരസമുച്ചയം പൊളിച്ചുമാറ്റുന്നതോടെ നഗരത്തിന് പുതിയ മുഖം കൈവരും. നഗരത്തിന്റെ മുഖം മിനുക്കാന്‍ സൗന്ദര്യവത്കരണ പദ്ധതി നഗരസഭ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നടപ്പാത, പാര്‍ക്കിങ് സൗകര്യങ്ങള്‍, മേല്‍പ്പാലം, ട്രാഫിക് ഐലന്റ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കെ.എസ്. ടി.പി. റോഡ് വികസന പ്രവൃത്തി പൂര്‍ത്തിയാകേണ്ടിവരും. 

നഗരസഭയുടേതടക്കം മൂന്നു വന്‍കിട വ്യാപാരസമുച്ചയങ്ങളാണ് നഗരമധ്യത്തില്‍ രണ്ടു വര്‍ഷത്തിനിടെ ഉയര്‍ന്നത്. യാത്രക്കാര്‍ക്ക് താമസസൗകര്യങ്ങള്‍ക്കായി വിപുലമായ സൗകര്യം മട്ടന്നൂര്‍ മേഖലയില്‍ ഒരുക്കേണ്ടതായി വരും. ഉരുവച്ചാലില്‍ മുനിസിപ്പല്‍ ഗസ്റ്റ് ഹൗസ് സ്ഥാപിക്കാന്‍ നഗരസഭ 10 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഇവിടെത്തന്നെ വനിതാ ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും നിലവാരമുള്ള ഹോട്ടല്‍, ലോഡ് സൗകര്യങ്ങള്‍ മട്ടന്നുരില്‍ വേണം. വികസനപദ്ധതികള്‍ക്ക് സ്വകാര്യ-സഹകരണ മേഖലകളുടെ സഹകരണം ഉറപ്പാക്കാന്‍ നിക്ഷേപകസംഗമം നടത്താനും നഗരസഭ പദ്ധതിയിടുന്നു. 

ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങി. കോടതിക്ക് സമീപം ജലസേചനവകുപ്പില്‍നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് ആസ്പത്രി സ്ഥാപിക്കുന്നത്. സര്‍ക്കാര്‍-സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു - ഉള്ള മിനി സിവില്‍ സ്റ്റേഷനും ഇതിന് സമീപത്തായി നിര്‍മിക്കുന്നുണ്ട്. - കിഴല്ലൂര്‍ പഞ്ചായത്തിലെ വെള്ളിയാംപറമ്പ് കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്ത് റോ ഡുകളുടെ നിര്‍മാണം തുടങ്ങി. വ്യവസായപദ്ധതികള്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കി സംരംഭകരെ ആകര്‍ഷിക്കാന്‍ 140 ഏക്കറാണ് അവിടെ വ്യവസായ പാര്‍ക്കിനായി ഏറ്റെടുത്തിട്ടുള്ളത്.