മട്ടന്നൂർ: കൈത്തറിയിൽ കണ്ണൂരിന്റെ പാരമ്പര്യം വിദേശയാത്രക്കാർക്ക് മനസ്സിലാക്കാൻ കണ്ണൂർ വിമാനത്താവള ടെർമിനലിലെ വൈവിധ്യമാർന്ന കാഴ്ചകൾക്കൊപ്പം ഇനി കൈത്തറി യന്ത്രവും. കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയുടെ നേതൃത്വത്തിലാണ് കൈത്തറി യന്ത്രം വിമാനത്താവള ടെർമിനലിൽ സ്ഥാപിച്ചത്.

കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പാരമ്പര്യം വിവരിക്കുന്ന ചുമർചിത്രങ്ങളും മറ്റ്‌ കലാരൂപങ്ങളുമാണ് ടെർമിനലിൽ യാത്രക്കാരെ വരവൽക്കുക. വിമാനത്താവളത്തിലെ ബഹിർഗമന ടെർമിനലിലാണ് കൈത്തറി യന്ത്രത്തിന്റെ മാതൃക സ്ഥാപിച്ചിരിക്കുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിലെ വിദഗ്ധ സംഘമാണ് തേക്കുമരത്തിൽ കൈത്തറി യന്ത്രം തയ്യാറാക്കിയത്. കൈത്തറി രംഗത്തെ വിദഗ്ധ തൊഴിലാളികളുടെ സഹകരണത്തോടെയാണ് ഇത് തയ്യാറാക്കിയതെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ എൻ.ശ്രീധന്യൻ പറഞ്ഞു.

ടെക്‌നിക്കൽ സൂപ്രണ്ട് ശ്രീനാഥ്, ക്ഷേത്ര ശില്പി എം.വി.കുട്ടിക്കൃഷ്ണൻ ആചാരി, എ.കെ.രാമകൃഷ്ണൻ, ദീപേഷ്, ചന്ദ്രൻ കൊമ്മേരി എന്നിവരാണ് നേതൃത്വംനൽകിയത്. വിമാനത്താവള ഉദ്ഘാടനദിവസമായ ഒൻപതിന് മന്ത്രി ഇ.പി.ജയരാജൻ കൈത്തറി യന്ത്ര മാതൃക അനാവരണംചെയ്യും.