കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്കുകൊളുത്തി ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശേഷം രാവിലെ പത്ത് മണിക്ക് കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇരുവരും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

185 പേരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനത്തിലുള്ളത്. ഇന്ന് വൈകീട്ട് തന്നെ ഈ വിമാനം കണ്ണൂരില്‍ തിരിച്ചെത്തും. നാളെ മുതല്‍ കൃത്യമായ സമയക്രമം അനുസരിച്ച് വിമാനം സര്‍വീസ് നടത്തും. രാവിലെ 11 മണിയോടെ ബെഗളൂരുവില്‍ നിന്നുള്ള ഗോ എയര്‍ വിമാനം കണ്ണൂരിലെത്തും. ഗോ എയര്‍ വിമാനങ്ങളും, ഇന്‍ഡിഗോ വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള ആഭ്യന്തര സേവനങ്ങള്‍ ആരംഭിക്കും.

kannurഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന വേദിയിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍. ചടങ്ങുകളോടനുബന്ധിച്ച് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ വാദ്യമേളവും കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

മന്ത്രിമാരായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എ.കെ ശശീന്ദ്രന്‍, കെ.കെ. ശൈലജ, ഇ.പി. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, വ്യവസായി എം.എ.യൂസഫ് അലി എന്നിവര്‍ ചടങ്ങുകളില്‍ സന്നിഹിതരായി.