ണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്യത്തില്‍ ജോലി കൂടുതല്‍ ഇനിയാണെന്ന് മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസ്. വിമാനത്താവളമായി. 2300 കോടിയോളമാണ് നിക്ഷേപം. ഓരോ വര്‍ഷവും 250 കോടിയോളം ചെലവ്. ഈ ചെലവിനുള്ള വരുമാനവും വായ്പാതിരിച്ചടവിനുള്ള തുകയും ഉണ്ടാകണം. വിമാനത്താവളത്തെ ലാഭകരമാക്കാനും ഏറ്റവും മികവുറ്റതാക്കി  കൂടുതല്‍ ജനോപകാരപ്രദമാക്കാനുമുള്ള പദ്ധതികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണിനി- മാതൃഭൂമിക്കനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

റണ്‍വേ 4000 മീറ്ററാക്കലും കാര്‍ഗോ കോംപ്ലക്‌സ് നിര്‍മാണവുമാണ് ഇനി ചെയ്യാനുള്ള പ്രധാന പണി. റണ്‍വേ 4000 മീറ്ററാക്കിയാലേ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാവൂ. വലിയ വിമാനമായാലേ കൂടുതല്‍ കയറ്റിറക്കുമതി സാധ്യമാകൂ. വരുമാനവര്‍ധനയ്ക്ക് അത് അനിവാര്യമാണ്. മാത്രമല്ല ദൂരദിക്കുകളിലേക്ക് നേരിട്ട് പറക്കാനുള്ള സൗകര്യവും. ഇതിന്റെ തന്നെ അനുബന്ധമാണ് കാര്‍ഗോ കോംപ്ലക്‌സ്. എയര്‍ ഇന്ത്യയുമായി ചേര്‍ന്നാണീ സംരംഭം.

കാര്‍ഗോ കോംപ്ലക്‌സ് വിശാലമായ റണ്‍വേയും വരുമ്പോള്‍ വലിയ വിമാനങ്ങള്‍ കൂടുതലായി വരും. അപ്പോള്‍ ഏപ്രണിന്റെ വിസ്താരം കൂടുതല്‍ വേണ്ടിവരും. ഇപ്പോള്‍ 20 വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള ഏപ്രണാണുള്ളത്. ഇനി 22 വിമാനങ്ങള്‍ക്കുകൂടി പാര്‍ക്കുചെയ്യാന്‍ പാകത്തില്‍ ഏപ്രണ്‍ വലുതാക്കും.  അപ്രോച്ച് ലൈറ്റിങ്ങ് സംവിധാനവും വിപുലപ്പെടുത്തേണ്ടതുണ്ട്-അദ്ദേഹം പറഞ്ഞു.

വി.തുളസീദാസ്

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആദ്യത്തെ സ്പെഷല്‍ ഓഫീസറായി 2006-ല്‍ കണ്ണൂരിലെത്തി. രണ്ട് ഘട്ടത്തിലായി അല്പകാലം മാറിനിന്നെങ്കിലും ഇപ്പോള്‍ കണ്ണൂര്‍ക്കാരന്‍തന്നെയായി. 38 മാസം സ്‌പെഷ്യല്‍ ഓഫീസര്‍. കിയാല്‍ രജിസ്റ്റര്‍ചെയ്തതോടെ മാനേജിങ് ഡയറക്ടര്‍. 2013 ഏപ്രില്‍ മുതല്‍ 2016 ജൂണ്‍ വരെയും 2017 സെപ്റ്റംബര്‍ മുതല്‍ 18 മാര്‍ച്ച് വരെയുമുള്ള ഇടവേളയൊഴികെ 63 മാസം മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഒക്ടോബറില്‍ നടന്ന ജനറല്‍ബോഡിയില്‍ വീണ്ടും എം.ഡി.യായി. ചെലവുകളല്ലാതെ ശമ്പളം പറ്റാതെ പ്രവര്‍ത്തിക്കുന്നു. 

ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ത്രിപുര ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് കണ്ണൂര്‍ വിമാനത്താവളം സ്‌പെഷ്യല്‍ ഓഫീസറാകുന്നത്. സിവില്‍ സര്‍വീസില്‍ കൂടുതല്‍ക്കാലവും പ്രവര്‍ത്തിച്ചത് വ്യോമയാന മേഖലയില്‍. എയര്‍ ഇന്ത്യാ ചെയര്‍മാനായിരിക്കെ വ്യോമയാന സെക്രട്ടരിയുടെ ചുമതല വഹിച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരിക്കെ വ്യോമസേനയുടെ ചുമതല വഹിച്ചു.
 എച്ച്.എ.എല്‍.ഡയറക്ടര്‍ ബോര്‍ഡ് അംഗം, അയാട്ടയില്‍ ഇന്ത്യയില്‍നിന്നുള്ള ഗവര്‍ണര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ ഏവിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, ഏറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ്, ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫെഡറേഷന്‍ ചെയര്‍മാന്‍, എയര്‍ മൗറീഷ്യസ്, ഒമാന്‍ എയര്‍ എന്നിവയുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എയര്‍ ഇന്ത്യാ ചെയര്‍മാനായിരിക്കെ ആരംഭിച്ച എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സാണ്  കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രധാന സര്‍വീസുകാര്‍.