കണ്ണർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് തുടക്കത്തിൽ നാല് ഗൾഫ് സർവീസുണ്ടാകും. അബുദാബി, റിയാദ്, ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കാണ് 9, 10 തീയതികളിൽ സർവീസ് നടത്തുക. ഗോ എയറിന് അനുമതി ലഭിക്കുകയാണെങ്കിൽ മസ്കറ്റ്‌, ദമാം സർവീസുകളും തുടക്കത്തിലേ ഉണ്ടാകും. ഗോ എയറിന് ആഭ്യന്തര സർവീസ്‌ അനുമതിയായ സാഹചര്യത്തിൽ ഉദ്ഘാടനദിവസം ബെംഗളുരുവിൽനിന്ന് കണ്ണൂരിലേക്കും കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കും ഒറ്റത്തവണ സർവീസ് നടത്തുന്നുണ്ട്. 12.20ന് കണ്ണൂരിലെത്തുന്ന വിമാനം മൂന്നുമണിക്കാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക.

എയർ ഇന്ത്യാ എക്സ്‌പ്രസ് അബുദാബിയിലേക്ക് ആദ്യദിവസം ആദ്യസർവീസ് നടത്തുന്ന സമയമല്ല തൊട്ടടുത്ത ദിവസങ്ങളിൽ. ഉദ്ഘാടനദിവസമായതിനാൽ ഞായറാഴ്ച രാവിലെ 10നാണ് സർവീസ് തുടങ്ങുന്നത്. തിരിച്ച് പുറപ്പെടുന്നത് 1.30നും; എത്തുന്നത് വൈകീട്ട് ഏഴിനുമാണ്. എന്നാൽ തുടർന്ന് ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലെ സാധാരണ സർവീസിന് ഒരുമണിക്കൂർ വ്യത്യാസമുണ്ട്. രാവിലെ ഒൻപതിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അബുദാബിയിൽ അവിടത്തെ 11.30ന് എത്തും. 12.30ന് അബുദാബിയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് ആറ്ുമണിക്ക് കണ്ണൂരിലെത്തും.

കണ്ണൂരിൽനിന്ന് തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒൻപതിന്‌ പുറപ്പെടുന്ന വിമാനം ഷാർജയിൽ അവിടത്തെ സമയം 11.30ന് എത്തും. തിരിച്ച് 12.30ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.40ന് കണ്ണൂരിലെത്തും. വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലാണ് കണ്ണൂർ-റിയാദ് സർവീസുണ്ടാവുക. രാത്രി 9.05ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അവിടത്തെ 11.30ന് റിയാദിലെത്തും. 12.35-ന് റിയാദിൽനിന്ന് പുറപ്പെട്ട് രാവിലെ എട്ടിന്‌ കണ്ണൂരിലെത്തും.

തിങ്കൾ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിലാണ് ദോഹയിലേക്ക് സർവീസ് നടത്തുക. രാത്രി 8.20ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ദോഹയിൽ അവിടത്തെ സമയം 10 മണിക്കെത്തും. 11 മണിക്ക് അവിടെനിന്ന് പുറപ്പെട്ട് രാവിലെ 5.45ന് കണ്ണൂരിലെത്തും.

ഗോ എയർ, സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളുടെ റൂട്ടും സമയക്രമവും അടുത്ത ദിവസങ്ങളിലേ തീരുമാനമാകൂ. ബെംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം, ഗോവ, ഡൽഹി, ഹുബ്ലി എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര സർവീസുണ്ടാവുക.

content highlights: kannur airport,air india, Kannur International Airport All Set For Inauguration