കണ്ണൂര്‍: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. കണ്ണൂര്‍ അന്താരാഷ്ട്ര  വിമാനത്താവളം ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെയാണ് കേരളത്തിന് ഈനേട്ടം സ്വന്തമായതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

അതിനിടെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനസര്‍ക്കാരിന് വിട്ടുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഹമ്മദാബാദ്, ജയ്പുര്‍, ലഖ്നൗ, ഗുവാഹട്ടി, മംഗളൂരു, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിന് വിടാമെന്ന് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്താവന.

എസ്പിവി (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപവത്കരിക്കാനും വേണമെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളനടത്തിപ്പും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാനും തയ്യാറാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എരുമേലിയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

content highlights: kannur airport inauguration, pinarayi vijayan speech