മയം രാവിലെ ഏഴുമണി. പറക്കാന്‍ ചിറകുവെച്ച നാള്‍ മുതല്‍ സ്വപ്നം കണ്ട സ്വന്തം വിമാനത്താവളത്തില്‍ വലതുകാല്‍ വെച്ച് കയറിയപ്പോള്‍ ഉള്ളം തുള്ളുകയായിരുന്നു. നമ്മുടെ നാട്ടില്‍ ഇതുപോലൊന്ന് സ്വപ്നം കാണാന്‍ പോലും കഴിയാത്തതായിരുന്നു.

മന്ത്രി ഇ.പി.ജയരാജനില്‍നിന്ന് ബോഡിങ് പാസ് ഏറ്റുവാങ്ങാന്‍ കഴിയുകയെന്നത് മറ്റൊരു അപൂര്‍വഭാഗ്യം. എയര്‍ ഇന്ത്യയുടെ വകയായുള്ള കേയ്ക്ക് മധുരം ഇരട്ടിപ്പിച്ചു. എന്‍ജിനീയറിങ് കോളേജിലെ പഴയ സഹപാഠി സനിത് കെ.നമ്പ്യാരെ ആദ്യയാത്രയയില്‍ കൂട്ടായി കിട്ടിയതും മധുരിക്കുന്നൊരോര്‍മയായി. 

ഇരുപതിലധികം രാജ്യങ്ങളിലായി നൂറിലധികം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ കണ്ട പുഞ്ചിരിക്കുന്ന മുഖമുള്ള മലയാളം പറയുന്ന ഉദ്യോഗസ്ഥര്‍ സ്വന്തം വീടെന്ന പ്രതീതിയാണുണ്ടാക്കുന്നത്. ബോഡിങ്ങിലെ ജിതിനും കൗണ്ടറിലെ കുഞ്ഞിരാമേട്ടനും ഓര്‍മയില്‍ എന്നുമുണ്ടാകും. വീട്ടുവിശേഷവും നാട്ടുവിശേഷവും ചോദിക്കുന്ന എമിഗ്രേഷന്‍ കൗണ്ടര്‍ കണ്ണൂരല്ലാതെ മറ്റെവിടെയാണ് നമുക്കിനി കിട്ടുക. ഈ നല്ല തുടക്കം നാളത്തെ നന്മയിലേക്കുള്ള സൂചനയാണെന്ന് പറയാതെവയ്യ.

വിമാനത്തില്‍ കണ്ണൂര്‍ അഴീക്കോട്ടെ നിജ ജയകുമാറും പയ്യന്നൂര്‍ കണ്ടങ്കാളിയിലെ വിനീഷ് ദയാനന്ദനും കാസര്‍കോട് ഉളിയത്തടുക്കയിലെ ബി.കെ.നിഷയും കൊച്ചിയിലെ എം.ബി.റീനയും വീട്ടുകാരെപ്പോലെയാണ് നമ്മളെ സ്വീകരിച്ചത്. 

നമ്മുടെ നാട്ടിലെ ബസ് യാത്രയെ അനുസ്മരിക്കുന്നതായിരുന്നു വിമാനം. എല്ലാം ചിരിക്കുന്ന പരിചിതമായ മുഖങ്ങള്‍. എല്ലാവരും നാടും വീടും പറഞ്ഞ് ബന്ധം പുതുക്കാവുന്നവര്‍. 

വിമാനത്തില്‍നിന്ന് സെല്‍ഫിയെടുത്തയക്കാനുള്ള തിരക്കായിരുന്നു എല്ലാവര്‍ക്കും. ആദ്യയാത്രയുടെ ത്രില്‍ പ്രകടിപ്പിക്കേണ്ടതെങ്ങനെയെന്നറിയാതെ ചിലര്‍ ശബ്ദസന്ദേശങ്ങളും അയക്കുന്നുണ്ടായിരുന്നു. 
ലഗേജ് കാബിനില്‍ വെച്ച് ഇരിപ്പിടമുറപ്പിച്ചവരുടെ സംസാരം അപ്പോഴേക്കും രാഷ്ട്രീയത്തിലേക്ക് പറന്നുയരാന്‍ തുടങ്ങിയിരുന്നു. ഇന്നത്തെ ഉദ്ഘാടനവും മൂന്നുവര്‍ഷം മുമ്പത്തെ ഉദ്ഘാടനവും വാക്കുകളില്‍ നിറഞ്ഞു. 

പുറത്ത് ഉദ്ഘാടനത്തിന്റെ തിരയിളക്കം ജനാലയിലൂടെ പകര്‍ത്തുകയാണ് ചിലര്‍. പൈലറ്റ് വിവേക് കുല്‍ക്കര്‍ണിയുടെ വാക്കുകള്‍ യാത്രക്കാരുടെ മനസ്സു വായിച്ചറിഞ്ഞവയായിരുന്നു. 
സഹപൈലറ്റ് മിഹിര്‍ മഞ്ജ്രേക്കര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. പറക്കാനൊരുങ്ങി 10.10-ന് വിമാനം റണ്‍വേയിലൂടെ മെല്ലെ ഓടിത്തുടങ്ങി. ഓര്‍മകളുടെ മഹാപ്രളയമായിരുന്നു മനസ്സില്‍. മലയാളത്തില്‍ മുഴങ്ങിയ അനൗണ്‍സ്മെന്റായിരുന്നു മറ്റൊരു ചരിത്രം. 

ടേക്ക് ഓഫിന് ശേഷം ഇ.എം.അഷറഫിന്റെ നേതൃത്വത്തില്‍ മാപ്പിളപ്പാട്ടരങ്ങേറി. ഇതാവരുന്നേ, അബുദാബി എക്‌സ്പ്രസ് ഇതാവരുന്നേ... എന്ന പാട്ട് എല്ലാവരും ഏറ്റുപാടി നൃത്തം ചവിട്ടി. അവിടത്തെ സമയം 12.10-ന് വിമാനം അബുദാബി തൊട്ടു. വിമാനത്താവളത്തില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കാനും അധികൃതര്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു.

Content Highlights: kannur airport first visit, kannur airport inauguration