ബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവേശവും ആഹ്ലാദവും അണപൊട്ടിയ മുഹൂര്‍ത്തമാണ് ഞായറാഴ്ച ഉച്ചയോടെ പിറന്നത്. ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ വിമാനത്താവളത്തിലേക്ക്  പ്രവാസികളുടെ ഒരു സംഘം കന്നിയാത്രയ്ക്കായി വിമാനം കയറി. കണ്ണൂരില്‍നിന്നെത്തിയ മറ്റൊരു വിമാനത്തില്‍ അതിലേറെ ആവേശത്തോടെ മലയാളിസംഘം വന്നിറങ്ങി.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടാന്‍ നിശ്ചയിച്ച എയര്‍ ഇന്ത്യാ എക്‌സ്പ്രസിലാണ് പ്രവാസികള്‍ യാത്രക്കാരായി എത്തിയത്. ദുബായില്‍നിന്ന് ഒരു ബസ് നിറയെ ആളെത്തി. മറ്റുള്ളവര്‍ അബുദാബിയില്‍ നേരിട്ടെത്തി. വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ സംഘത്തെ യാത്രയയക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഏറെക്കാലമായി കാത്തിരുന്ന സ്വന്തം വിമാനത്താവളത്തിലേക്ക് പോകാനെത്തിയവരെല്ലാം അത്യാഹ്ലാദത്തിലായിരുന്നു. യാത്രയയപ്പ് കഴിഞ്ഞ് സംഘം ഇമിഗ്രേഷന്‍ നടപടികള്‍ക്കായി വിമാനത്താവളത്തിനകത്തേക്ക് നീങ്ങി. അധികം വൈകാതെ കണ്ണൂരില്‍നിന്നുള്ള ആദ്യയാത്രക്കാരുടെ സംഘത്തെയുംകൊണ്ട് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ വിമാനം അബുദാബിയില്‍ നിലംതൊട്ടു. ആശ്ലേഷിച്ചും ഉപഹാരങ്ങള്‍ കൈമാറിയുമുള്ള സ്വീകരണത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നീട്.

കണ്ണൂര്‍ ആസ്ഥാനമായുള്ള നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓവര്‍സീസ് വിങ്ങിന്റെയും യു.എ.ഇ.യിലെ കണ്ണൂര്‍ക്കാരുടെ കൂട്ടായ്മയായ വെയ്ക്കിന്റെയും നേതൃത്വത്തില്‍ ദുബായില്‍ സമ്മേളിച്ചാണ് നാല്‍പ്പത്തിയഞ്ചോളം പേര്‍ അബുദാബിയിലേക്ക് യാത്രതിരിച്ചത്. സംഘത്തിനൊപ്പം ചേരാന്‍ തലേദിവസം തന്നെ കുവൈത്തില്‍നിന്ന് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ എത്തിയിരുന്നു. അവരും ദുബായ് സംഘത്തില്‍ ചേര്‍ന്നു. ചേംബര്‍ പ്രതിനിധി നികേഷ് റാം, കെ.സി.ഉസ്മാന്‍, വെയ്ക്ക് പ്രതിനിധികളായ ടി.പി.സുധീഷ്, ടി.കെ.ആഷിക്, ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു  യാത്ര.
കാലത്ത് കണ്ണൂരില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ഫ്‌ലാഗ് ഓഫ് ചെയ്ത വിമാനം ഉച്ചയ്ക്ക് 12.30-നാണ് അബുദാബിയിലെത്തിയത്.

കാലത്ത് 11 മണിയോടെയായിരുന്നു കണ്ണൂര്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ യാത്രയയപ്പ്. അരമണിക്കൂറിലേറെ വൈകി 2.10-നാണ് ഈ വിമാനം യാത്രതിരിച്ചത്. ഒരു യാത്രക്കാരന്റെ യാത്രാരേഖയിലെ അപാകം കാരണം അയാളെ തിരിച്ചിറക്കിയതിനാലാണ് യാത്ര വൈകിയത്.

ഞായറാഴ്ച രാവി?േല?തന്നെ അബുദാബി വിമാനത്താവളത്തില്‍  എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.716 വിമാനത്തിലേക്ക് യാത്രക്കാര്‍ എത്തിത്തുടങ്ങിയിരുന്നു.

 പത്ത് മണിയോടെ  വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അഹമ്മദ് അല്‍ ഷംസി മുനവാല, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ആക്ടിങ് ജനറല്‍ മാനേജര്‍ യൂസഫ് അല്‍ ഹമാദി, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഗള്‍ഫ് റീജണല്‍ മാനേജര്‍ മോഹിത് സെന്‍ എന്നിവര്‍ കണ്ണൂരിലേക്കുള്ള വിമാനത്തിന്റെ പുറപ്പെടല്‍ കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കണ്ണൂരിലേക്ക് ആദ്യസര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അഭിനന്ദനം രേഖപ്പെടുത്തിയ കേയ്ക്ക്  മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍പോര്‍ട്ട് മാനേജര്‍ ഉമ, സെയില്‍സ് മാനേജര്‍ പി.എച്ച്.ഹരി, അംഗീകൃത ഏജന്‍സിയായ അറേബ്യന്‍ ട്രാവല്‍സ് ഡിവിഷന്‍ ജനറല്‍ മാനേജര്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

10.24-ന് കണ്ണൂരിലേക്കുള്ള വിമാനത്തിന്റെ ആദ്യ ബോഡിങ് പാസ്  മട്ടന്നൂര്‍ സ്വദേശി മുഹമ്മദ് മിഷാല്‍ എയര്‍ ഇന്ത്യ  എക്‌സ്പ്രസ് എയര്‍പോര്‍ട്ട് മാനേജര്‍ ഉമയില്‍നിന്ന് ഏറ്റുവാങ്ങി. യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ പ്രശംസാപത്രവും ഉപഹാരങ്ങളും സമ്മാനിച്ചു. 186 സീറ്റുകളുള്ള വിമാനം 150 യാത്രക്കാരുമായാണ് പുറപ്പെട്ടത്. ഈ ആരവം അടങ്ങുംമുമ്പാണ് കണ്ണൂരില്‍നിന്നുള്ള വിമാനം എത്തിയത്. 12.10-ന് എത്തിയ വിമാനത്തില്‍നിന്ന് അധികം വൈകാതെ പുറത്തിറങ്ങിയ യാത്രക്കാര്‍ക്കായി സ്വീകരണവും നടന്നു. സി.പി.എം. നേതാവ് ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, കേരള ചേംബര്‍ പ്രതിനിധി സി.ജയചന്ദ്രന്‍ തുടങ്ങിയ പ്രമുഖരും കന്നിയാത്രക്കാരായി അബുദാബിയിലിറങ്ങി. 

സംഘത്തെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ സ്വീകരിച്ചു. ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ പ്രതിനിധികളും യാത്രക്കാര്‍ക്കായി ഉപഹാരങ്ങളുമായി സ്വീകരണത്തില്‍ പങ്കുചേര്‍ന്നു.