മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. ഉദ്ഘാടനച്ചടങ്ങിനുള്ള വേദിയുടെ നിർമാണം 60 ശതമാനം പൂർത്തിയായി. എയർട്രാഫിക് കൺട്രോൾ കെട്ടിടത്തിന് സമീപത്തായാണ് 1.20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ വേദിയൊരുക്കുന്നത്.

വേദിയിൽ മന്ത്രിമാരും ജനപ്രതിനിധികളുമടക്കം 120 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ഓഹരി ഉടമകൾക്കും പദ്ധതിക്ക് ഭൂമിവിട്ടുനൽകിയവർക്കും പന്തലിൽ പ്രത്യേക സൗകര്യമൊരുക്കും. ആകെ 25,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് സജ്ജീകരിക്കുന്നത്.

ആദ്യവിമാനത്തിന്റെ ഫ്ളാഗ് ഓഫ് അടക്കമുള്ള ചടങ്ങുകൾ ഉദ്ഘാടനവേദിയിൽ തത്‌സമയം പ്രദർശിപ്പിക്കും. വേദിയിൽ വിശിഷ്ടാതിഥികൾ ഇരിക്കുന്നതിന് പിന്നിലും ഇരുവശങ്ങളിലുമായാണ് എൽ.ഇ.ഡി. സ്‌ക്രീനുകൾ സജ്ജീകരിക്കുക. പന്തലിന്റെ പണി രണ്ടുദിവസത്തിനകം പൂർത്തിയാകും. തുടർന്നാണ് എൽ.ഇ.ഡി. സ്‌ക്രീനുകൾ സ്ഥാപിക്കുക.

വേദിക്കുമുന്നിലായി ഒരുക്കുന്ന മിനി സ്റ്റേജിലാണ് മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ‘കേളികൊട്ട്’ അരങ്ങേറുക. ഉദ്ഘാടനദിവസം രാവിലെ 7.30 മുതൽ വിവിധ കലാപരിപാടികളും ഉണ്ടാകും.

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേർന്ന് ആദ്യവിമാനത്തിലെ യാത്രക്കാർക്ക് സ്വീകരണവും ഉപഹാരവും നൽകും. തുടർന്ന് ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യും. ആദ്യവിമാനത്തിന്റെ ഫ്ളാഗ് ഓഫ് നടത്തിയ ശേഷമാകും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഉദ്ഘാടനവേദിയിലെത്തുക.

ടെർമിനൽ കെട്ടിടം, എ.ടി.സി. കെട്ടിടം, ഫ്ളൈ ഓവറുകൾ എന്നിവിടങ്ങളിൽ വൈദ്യുത ദീപാലങ്കാരം ഒരുക്കും. തലേദിവസം എ.ടി.സി. കെട്ടിടത്തിൽനിന്ന് പ്രത്യേക ബീംലൈറ്റ് തെളിക്കും. മട്ടന്നൂർ നഗരത്തിലും പരിസരത്തെ ടൗണുകളിലും വ്യാപാരസ്ഥാപനങ്ങളിലും റോഡുകളിലും വൈദ്യുതാലങ്കാരങ്ങൾ ഒരുക്കും. വിമാനത്താവള ഉദ്ഘാടനം ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകരും നാട്ടുകാരും.

content highlights: kannur airport, mattannur, kannur airport inaguration