കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഡിസംബർ ഒൻപതിന് തിരുവനന്തപുരത്തേക്കും വിമാനസർവീസ്. ഗോ എയറാണ് ഒറ്റദിവസത്തേക്ക് മാത്രമായി ഈ സർവീസ് നടത്തുന്നത്. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന വിമാനം കണ്ണൂരിലിറങ്ങി യാത്രക്കാരെ കയറ്റി തിരുവനന്തപുരത്തേക്ക് പോവുകയാണു ചെയ്യുക. രണ്ട് സ്ഥലത്തേക്കും ടിക്കറ്റ് നൽകുകയും ചെയ്യും.

ബെംഗളൂരുവിൽനിന്ന് ഞായറാഴ്ച രാവിലെ 11.20-ന് പുറപ്പെടുന്ന വിമാനം കണ്ണൂരിൽ 12.20-ന് എത്തും. വൈകുന്നേരം മൂന്നിന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. 4.15-ന് തിരുവനന്തപുരത്തെത്തും. ബെംഗളൂരുവിൽനിന്ന് 2643 രൂപയും തിരുവനന്തപുരത്തേക്ക് 2948 രൂപയുമാണ് നിരക്ക്. ഈ സർവീസ് പിന്നീട് സ്ഥിരപ്പെടാനിടയുണ്ട്.

കണ്ണൂരിൽനിന്ന് ആഭ്യന്തര, വിദേശ സർവീസുകൾ നടത്താൻ ഗോ എയറിന് അനുമതി കിട്ടിയിട്ടുണ്ട്. ചൊവ്വാഴ്ച ഗോ എയർ പ്രതിനിധികൾ കിയാൽ അധികൃതരുമായി ചർച്ച നടത്തി. അടുത്തദിവസംതന്നെ ചെന്നൈയിലേക്ക് സർവീസ് തുടങ്ങാൻ ധാരണയായി.