ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ നാട്ടില്‍നിന്നുള്ള അത്തറുമണക്കുന്ന പെട്ടിയാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ ബാഗേജ് കറോസലില്‍ (പെട്ടി നിരങ്ങിവരുന്ന സംവിധാനം) ആദ്യമായി എത്തിയത്. ഉച്ചയ്ക്ക് 11.45-ഓടെ ന്യൂഡല്‍ഹിയില്‍ നിന്നെത്തിയ ഗോ എയറിന്റെ ആദ്യവിമാനത്തില്‍ വന്ന തളിപ്പറമ്പിലെ മുഹമ്മദ് ഫസലും ഭാര്യ ആഗ്രയിലെ ഖുഷ്ബുവുമാണ് ഇളം നീലനിറത്തിലുള്ള പെട്ടിയുടെ ഉടമസ്ഥര്‍.  

തളിപ്പറമ്പിലെ അബ്ദുള്‍ റഹിമാന്റെയും സുലൈഖയുടെയും മകനായ മുഹമ്മദ് ഫസല്‍ നവംബര്‍ 22-നാണ് ഖുഷ്ബുവിനെ വിവാഹം ചെയ്തത്. മധുവിധുയാത്രയ്ക്കിടെ ഡിസംബര്‍ നാലിനാണ് രണ്ടുപേരും ആഗ്രയിലേക്കു പോയത്. തിരിച്ചു വരാനുള്ള വിമാന ടിക്കറ്റ് കഴിഞ്ഞ ദിവസം എടുത്തു. അങ്ങനെ മധുവിധുയാത്രയില്‍ മനോഹരമായ വിമാനയാത്രയും ഇടംപിടിച്ചു. 

ദുബായിലായിരുന്നു മുഹമ്മദ് ഫസല്‍. ഉറുദു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ നന്നായി പാട്ടുപാടും അദ്ദേഹം. സംഗീതംകേട്ടിഷ്ടപ്പെട്ട് ഖുഷ്ബുവിന്റെ കുടുംബം വീട്ടില്‍ വിവാഹാലോചനയുമായി എത്തുകയായിരുന്നുവെന്ന് മുഹമ്മദ് ഫസല്‍ പറഞ്ഞു. ഇപ്പോള്‍ വിമാനത്താവളം നാട്ടില്‍ തയ്യാറായതോടെ രണ്ട് വീടുകള്‍ തമ്മിലുള്ള ദൂരം ഇല്ലാതായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: first baggage in kannur airport