നാടൊന്നായി ഒഴുകിയെത്തിയ കല്ല്യാണവീട് പോലെയായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിലെ യാത്രക്കാരുടെ ടെര്‍മിനല്‍. നടുമുറ്റത്ത് വലിയൊരു പൂക്കളമിട്ടും ചുറ്റും പൂക്കള്‍ തൂക്കി അലങ്കരിച്ചും വിമാനത്താവളം സന്തോഷത്തിന്റെ പൂമുഖമായിമാറുകയായിരുന്നു.

നാട്ടിലേക്കുള്ള യാത്രയില്‍ എന്നും അലട്ടിയിരുന്നത് വിമാനമിറങ്ങിക്കഴിഞ്ഞുള്ള യാത്രയായിരുന്നെന്ന് കണ്ണൂരില്‍ കന്നിയാത്രയ്ക്ക് കുടുംബസമേതം അബുദാബിയിലേക്ക് പോകാനെത്തിയ ചെണ്ടയാട് മാവിലേരിക്കാരന്‍ കറാമ ഇബ്രാഹിം പറഞ്ഞു. ഇനി ആ യാത്ര ദുഃസ്വപ്നങ്ങളില്‍ മാത്രമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ചെക്ക് ഇന്‍ ചെയ്യാന്‍ അദ്ദേഹം കൗണ്ടറിലേക്കു പോയത്. ഭാര്യ സൗജത്, മക്കളായ അദ ആയിഷ, ഐദ മറിയം എന്നിവര്‍ക്കൊപ്പമായിരുന്നു ഇബ്രാഹിമിന്റെ മോഹയാത്ര. 

ദുബായില്‍ കയറ്റുമതിവ്യവസായമേഖലയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജോലി ചെയ്യുകയാണ് ഇബ്രാഹിം. വീടും ജോലിസ്ഥലവും തമ്മിലുള്ള ദൂരം കുറയ്ക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. 

മന്ത്രിമാരായ ഇ.പി.ജയരാജന്‍, ഇ.ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍, കെ.കൃഷ്ണന്‍കുട്ടി, എം.പി.മാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, എം.എല്‍.എ.മാരായ ടി.വി.രാജേഷ്, എം.രാജഗോപാലന്‍, എ.എന്‍.ഷംസീര്‍, ജെയിംസ് മാത്യു, കിയാല്‍ എം.ഡി. വി. തുളസീദാസ്, ഡി.ജി.പി. ലോക്നാഥ് ബെഹ്റ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പോലീസ് മേധാവി ശിവ് വിക്രം തുടങ്ങിയവരെല്ലാം ടെര്‍മിനലിനുള്ളില്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്യാനും മറ്റുമായി ഓടിനടന്നു. ചെക്ക് ഇന്‍ കൗണ്ടറിന് മുന്നില്‍വെച്ച് കേയ്ക്ക് മുറിച്ച് ഇ.പി.ജയരാജന്‍ യാത്രക്കാര്‍ക്ക് നല്‍കി. കന്നിയാത്ര?െയ്ക്കത്തിയവരെ പരിചയപ്പെടാനും ആദ്യ ബോര്‍ഡിങ് പാസ് നല്‍കാനും നേതാക്കള്‍ മുന്നില്‍ നിന്നു. യാത്രക്കാര്‍ക്കൊപ്പം സെല്‍ഫിക്ക് നിന്നുകൊടുക്കാനും അവര്‍ തയ്യാറായി. 

ടെര്‍മിനലിനുള്ളിലെ നാണയവിനിമയകേന്ദ്രവും എ.ടി.എമ്മും ക്ലിനിക്കും ഓരോരുത്തരായി ഉദ്ഘാടനം ചെയ്തു.  രാവിലെ ഒന്‍പതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം എത്തി. പ്രവാസിവ്യവസായപ്രമുഖരായ എം.എ.യൂസഫലിയും ഖാദര്‍ തെരുവത്തും തൊട്ടുപിന്നാലെ ടെര്‍മിനലില്‍ എത്തി. ഒന്‍പതരയോടെ കേന്ദ്രമന്ത്രി സുരേഷ് പ്രഭു വന്നു. നടുത്തളത്തില്‍ തയ്യാറാക്കി വെച്ച നിലവിളക്ക് കൊളുത്തി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. അതിനുശേഷം ഫ്‌ലാഗ് ഓഫിന് ഏപ്രണിലേക്ക്.