ണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഏറെ ആകര്‍ഷിക്കുന്ന ഒന്നായിരിക്കും ചുമരിലുടനീളം ആലേഖനം ചെയ്ത മനോഹരമായ ചിത്രങ്ങള്‍. കണ്ണൂരിന്റെ ചരിത്രവും നൂറ്റാണ്ടുകള്‍ നീളുന്ന പാരമ്പര്യവും ആവിഷ്‌കരിക്കുന്ന ആ ചിത്രങ്ങള്‍ക്ക് പിന്നില്‍ ഒരു കോഴിക്കോട്ടുകാരനാണ്. വടകര സ്വദേശി ഫിറോസ് അസ്സന്‍ എന്ന 38-കാരന്‍.

.കണ്ണൂര്‍ വിമാനത്താവളത്തിലെ പുറപ്പെടല്‍, ആഗമന ഹാളുകളിലെ ചുമരുകളില്‍ ഫിറോസിന്റെയും സംഘത്തിന്റെയും പരിശ്രമത്തില്‍ പിറന്ന വര്‍ണ ചിത്രങ്ങള്‍ കാണാം. 

സെപ്റ്റംബറിലാണ് ഫിറോസും സംഘവും ആദ്യമായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്നത്. ആഭ്യന്തര ആഗമനത്തിനായുള്ള സ്ഥലത്തെ 12 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള ചുമര്‍ അലങ്കരിക്കുകയാണ് ഉദ്യമം. കേരള കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മ്യൂറല്‍ പെയിന്റിങ്ങാണ് ഫിറോസും സംഘവും ആവിഷ്‌കരിച്ചത്. കഥകളി, തെയ്യം, പുള്ളുവന്‍പാട്ട് പോലുള്ള കലാരൂപകങ്ങള്‍ വരച്ചു. 24 ദിവസംകൊണ്ട് ഫിറോസും സംഘവും മടങ്ങുകയും ചെയ്തു.

എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം വിമാനത്താവളം അധികൃതര്‍ ഫിറോസിനെ വീണ്ടും വിളിച്ചു. ഉടന്‍ തിരിച്ചെത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു ആ വിളി. ഫിറോസ് വരച്ച ചുമര്‍ ചിത്രങ്ങള്‍ എയര്‍പോര്‍ട്ട് അധികൃതരുടെ യോഗത്തില്‍ ചര്‍ച്ചയായി. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെപുറപ്പെടല്‍ ഹാളിലെ ചുമര്‍ അലങ്കരിക്കാന്‍ ഫിറോസ് തന്നെ മതിയെന്ന് അവര്‍ തീരുമാനിച്ചു. 

Painting of Firos
കണ്ണൂര്‍ വിമാനത്താവളത്തിൽ ഫിറോസും സംഘവും വരച്ച ചിത്രം

66 മീറ്റര്‍ നീളത്തിലും 2.5 മീറ്റര്‍ വീതിയിലും ചുമര്‍ അലങ്കരിക്കുകയായിരുന്നു പുതിയ ജോലി. ഒരു മാസം നീണ്ട രാവും പകലുമില്ലാത്ത പരിശ്രമത്തിനൊടുവില്‍ അത്രയും വലിപ്പമുള്ള കാന്‍വാസില്‍ ഫിറോസും സംഘവും കണ്ണൂരിന്റെ കഥ പറഞ്ഞു. കൈത്തറി നിര്‍മാണം, കയര്‍ നിര്‍മാണം, കുഞ്ഞാലി മരക്കാറിന്റെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള യുദ്ധം, അറയ്ക്കല്‍ ബിവി, എടച്ചെന കുങ്കന്‍, പഴശ്ശിരാജ, ഉപ്പുസത്യാഗ്രഹം തുടങ്ങി പതിമൂന്നോളം വിഷയങ്ങളാണ് ഫിറോസും സംഘവും വരച്ചത്. 

കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തില്‍ തനിക്കുമൊരു കയ്യൊപ്പ് പതിപ്പിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ഫിറോസ് പറഞ്ഞു. ചിത്രങ്ങള്‍ കണ്ട് എം.ഡി. തുളസീ ദാസ്, ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. ജോസ് ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചുവെന്നും ഫിറോസ് പറയുന്നു. 

ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളം അലങ്കരിച്ചതിന്റെ വലിയൊരു പങ്ക് ഫിറോസിന്റേയും സംഘത്തിന്റേയുമാണെന്ന് പറയാം. റയീസ്, ഹരികൃഷ്ണന്‍, രജീന്ദ്രന്‍, നിസാര്‍, രാജേഷ് എന്നീ അഞ്ച് പേരാണ് ഫിറോസിന്റെ കൂടെയുള്ളത്. 

വര്‍ഷങ്ങളായി ചിത്രകലാ രംഗത്തുള്ളയാളാണ് ഫിറോസ്. ചിത്രകല ഉപജീവനമാര്‍ഗമായി തിരഞ്ഞെടുക്കുകയായിരുന്നു. പരസ്യകമ്പനികള്‍ക്ക് വേണ്ടി ചിത്രം വരച്ചു തുടങ്ങിയ ഫിറോസ് മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

firos and team
കണ്ണൂര്‍ വിമാനത്താവളത്തില്‍ ചുമര്‍ ചിത്രങ്ങളൊരുക്കിയ ഫിറോസും സംഘാംഗങ്ങളും

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയം ഉള്‍പ്പടെ വിവിധ മൈതാനങ്ങളില്‍ ഫിറോസ് വരച്ച ചിത്രങ്ങളുണ്ട്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്ഥാപിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍വല്ലഭായ് പട്ടേല്‍ പോലുള്ള മഹാരഥന്മാരുടെ ചിത്രങ്ങള്‍ വരയ്ക്കാനും ഫിറോസിന് ഭാഗ്യമുണ്ടായി.

ചിത്രകലയുമായി മുന്നോട്ട് പോവാനാണ് ചിത്രകലാ അധ്യാപകന്‍ കൂടിയായ ഫിറോസിന്റെ താല്‍പര്യം. ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും അദ്ദേഹം പദ്ധതിയിടുന്നു. വടകര സ്വദേശിയാണെങ്കിലും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപത്താണ് അദ്ദേഹം കുടുംബസമേതം താമസിക്കുന്നത്. 

Content highlights: artist firos assan paintings at kannur international airport, mural paintings