മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തുന്നവരെ വരവേൽക്കുന്നത് വൈവിധ്യമാർന്ന കലാരൂപങ്ങളായിരിക്കും. രാവിലെ 7.30-നുതന്നെ ദൃശ്യവിരുന്നൊരുക്കി ഉദ്ഘാടനവേദിയിൽ കലാപരിപാടികൾ തുടങ്ങും.

മോഹിനിയാട്ടം, ഒപ്പന, കോൽക്കളി, കളരിപ്പയറ്റ്, തിരുവാതിരകളി, നാടൻപാട്ട്, ജുഗൽബന്ദി തുടങ്ങിയവയാണ് അരങ്ങേറുക. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി അവതരിപ്പിക്കുന്ന ‘കേളികൊട്ട്’ നടക്കും. സ്ത്രീകൾ അവതരിപ്പിക്കുന്ന ചെണ്ടമേളവുമുണ്ടാകും.

ഉദ്ഘാടനച്ചടങ്ങിന്റെ പ്രചാരണാർഥം വിവിധ സ്ഥലങ്ങളിൽ കമാനങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. 10 കേന്ദ്രങ്ങളിലാണ് കമാനങ്ങൾ സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മട്ടന്നൂരിൽ വിളംബരഘോഷയാത്ര നടക്കും. പുലിക്കളി, കരകാട്ടം, കാവടിയാട്ടം തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരക്കും.

നഗരസഭയിലെയും കീഴല്ലൂർ പഞ്ചായത്തിലെയും സ്കൂളുകളും സ്ഥാപനങ്ങളും അവതരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളുമുണ്ടാകും. നഗരത്തിലെ പല സ്ഥാപനങ്ങളും വൈദ്യുതാലങ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗതാഗതനിയന്ത്രണത്തിന് പോലീസിനെയും മറ്റും സഹായിക്കാനും ചടങ്ങിനെത്തുന്നവർക്ക് വെള്ളവും മറ്റു സഹായങ്ങളും നൽകാനും വൊളന്റിയർമാരുടെ സേവനവും ലഭ്യമാകും.

Content Highlights: art forms to welcome kannur international airport