കൊച്ചി: 'മാതൃഭൂമി' മുന്‍ പത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കെ.കെ. ശ്രീധരന്‍ നായര്‍ (86) അന്തരിച്ചു. 63 വര്‍ഷമായി 'മാതൃഭൂമി'യുടെ ഭാഗമായ ശ്രീധരന്‍ നായര്‍  ദീര്‍ഘനാള്‍ 'മാതൃഭൂമി' ആനുകാലികങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. എറണാകുളം പി.വി.എസ്. ആസ്പത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു മരണം.

    1930 ആഗസ്ത് 10ന് പെരുമ്പാവൂരിനടുത്ത് വേങ്ങൂരില്‍ ആക്കപിള്ളില്‍ രാമന്‍ പിള്ളയുടെയും കല്ലേലില്‍ പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. ആലുവ യു.സി. കോളേജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ.യും നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഹിസ്ലോപ്പ് കോളേജില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമയും പാസായി. 1953ല്‍ സബ് എഡിറ്ററായാണ് 'മാതൃഭൂമി'യില്‍ എത്തുന്നത്. 
മലയാള പത്രത്തില്‍ ബിരുദാനന്തര ജേര്‍ണലിസം ഡിപ്ലോമയോടെ ജോലിയില്‍ പ്രവേശിച്ച ആദ്യ വ്യക്തിയാണ് ശ്രീധരന്‍ നായര്‍. പിന്നീട് എറണാകുളം ലോ കോളേജില്‍ നിന്ന് ബി.എല്ലും ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷന്‍ ഹൈദരബാദില്‍ നടത്തിയ ജേര്‍ണലിസം ഓറിയന്റേഷന്‍ കോഴ്‌സില്‍ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കി.

      വിവിധ തസ്തികകളില്‍ സേവനം ചെയ്ത ശേഷം 1990ലാണ് 'മാതൃഭൂമി'യുടെ പത്രാധിപരായത്. തുടര്‍ന്ന് 2000 മുതല്‍  2014 വരെ 'മാതൃഭൂമി'യുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി സേവനം ചെയ്തു. ദീര്‍ഘനാള്‍ കോഴിക്കോടായിരുന്ന  ശ്രീധരന്‍ നായര്‍ മൂന്ന് വര്‍ഷത്തോളമായി കൊച്ചിയിലാണ് താമസിച്ചിരുന്നത്.  പത്രപ്രവര്‍ത്തന  രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേളപ്പജി സ്മാരക പുരസ്‌കാരം, വീരമാരുതി പുരസ്‌കാരം, ജെ.കെ. സ്മാരക പുരസ്‌കാരം, കേരള മഹാത്മജി സ്മാരക പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

   മലബാര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സെക്രട്ടറി, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം, കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി, പ്രസ് അക്കാദമി അംഗം തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിരുന്നു.-3ജര്‍മനി, ഇന്‍ഡൊനീഷ്യ, സിഗപ്പൂര്‍, മലേഷ്യ, ഇറ്റലി, അമേരിക്ക, ഫ്രാന്‍സ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കുകയും രാജ്യാന്തര പ്രാധാന്യമുള്ള ഒട്ടേറെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 'മാതൃഭൂമി' പത്രാധിപ സമിതി അംഗമായിരുന്ന പരേതയായ പത്മിനി എസ്. നായരാണ് ഭാര്യ. മക്കള്‍: ഇന്ദിര എസ്. നായര്‍, എസ്. അജിത് കുമാര്‍ (ഫ്യുജി ടെക്‌നിക്കല്‍ സര്‍വീസസ്). മരുമക്കള്‍: ഡോ. പി. രമേഷ് നായര്‍ (റിട്ട. നേവി), സരോജം. എളമക്കര പെരുമ്പോട്ട റോഡിലെ പാര്‍വതി അപ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം ചൊവ്വാഴ്ച 2ന് ഇടപ്പള്ളി ശ്മശാനത്തില്‍ സംസ്‌കരിക്കും.