പെരുമ്പാവൂര്‍: 'മാതൃഭൂമി' മുന്‍ പത്രാധിപര്‍ കെ.കെ. ശ്രീധരന്‍ നായരുടെ ദേഹവിയോഗത്തില്‍, ഒരു പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹത്തിന്റെ നാട്ടുകാരായ മുടക്കുഴ തുരുത്തി നിവാസികള്‍ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നത്. തുരുത്തിയില്‍ ജനിച്ചു വളര്‍ന്ന കെ.കെ. ശ്രീധരന്‍ നായര്‍ നാട്ടുകാരുടെ അപ്പുക്കുട്ടന്‍ ചേട്ടനാണ്. കഴിഞ്ഞ കൊല്ലം തുരുത്തി ഗ്രാമോദ്ധാരണ വായനശാല സംഘടിപ്പിച്ച ആദര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവസാനമായി ശ്രീധരന്‍ നായര്‍ തുരുത്തിയില്‍ എത്തിയത്.

 എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ ജന്മഗൃഹവും ബന്ധുജന വീടുകളും സന്ദര്‍ശിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാല്‍ പോയ കൊല്ലം മാത്രമാണ് അതിന് മുടക്കംവന്നത്. അതിന് പകരമായി തുരുത്തിയിലെ ബന്ധുക്കളും സ്വജനങ്ങളും എളമക്കരയില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി കുറെസമയം ചെലവഴിച്ചു. തുരുത്തി ഗ്രാമോദ്ധാരണ വായനശാലയിലേക്ക് തനിക്ക് ലഭിച്ച ആയിരക്കണക്കിന് പുസ്തകങ്ങള്‍ അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്. ഇതെല്ലാമാണ് വായനശാലയെ 'എ' ഗ്രേഡിലേക്ക് ഉയര്‍ത്തിയതെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു.

 തുരുത്തിയിലെ പ്രമുഖ കുടുംബമായ കല്ലേലില്‍ തറവാട്ടില്‍ ജനിച്ച കെ.കെ. ശ്രീധരന്‍ നായര്‍, പുഴുക്കാട് ഗവ. എല്‍.പി. സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് കുറുപ്പംപടി എം.ജി.എം. സ്‌കൂളില്‍ ചേര്‍ന്നു. 1945ല്‍ വായനശാലയുടെ തുടക്കത്തില്‍ അതിന്റെ പ്രവര്‍ത്തകനും മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹം. കല്ലേലി തറവാട്ടിലെ തായ്വഴികളില്‍പ്പെട്ട 10 ഓളം വീടുകളില്‍ എന്ത് തിരക്കുണ്ടെങ്കിലും അദ്ദേഹം  എല്ലാ കൊല്ലവും എത്തിച്ചേരുമായിരുന്നു. ഇപ്പോള്‍ തറവാട്ടില്‍ സഹോദരിമാരുടെ മക്കളാണ് താമസം. കണ്ണംപറമ്പ്, അരുവപ്പാറ എന്നിവിടങ്ങളിലും ബന്ധുക്കളുണ്ട്.

 പുതുവര്‍ഷത്തില്‍ 'മാതൃഭൂമി' കലണ്ടറും ഡയറികളും പുസ്തകങ്ങളുമായി എത്തുന്ന തങ്ങളുടെ ശ്രീധരേട്ടന്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം നാട്ടുകാര്‍ മനസ്സിലൊതുക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വായനശാലയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പോകാനിരിക്കുകയാണ് സുമനസ്സുകള്‍.