കെ.കെ.ശ്രീധരൻനായർ മാതൃഭൂമിയുടെ എഡിറ്റോറിയൽ അംഗമായി വരുന്ന കാലത്ത് ഞാൻ താമസിച്ചിരുന്നത് വെ.എം.സി.എ.യിലായിരുന്നു. അന്ന് മാതൃഭൂമിയിലുണ്ടായിരുന്ന സുഹൃത്ത് എഴുത്തച്ഛൻ ഒരുദിവസം ശ്രീധരൻ നായരേയും കൂട്ടി എന്റെ അടുത്തേക്കുവന്നു. 
കൊച്ചിക്കാരനായ അദ്ദേഹത്തിന് താമസിക്കാൻ മുറിയായിരുന്നു ആവശ്യം. ഞാൻ അന്ന് ഒറ്റക്കാണ് താമസിച്ചിരുന്നത്. വേറൊരു മുറികിട്ടാൻ വിഷമമായതിനാൽ എന്റെ മുറിയിൽ ഞാൻ അദ്ദേഹത്തേയും കൂട്ടി.
അന്നുകാലത്ത് മാതൃഭൂമിയിലോ മറ്റ് പത്രങ്ങളിലോ ജേർണലിസത്തിൽ ബിരുദമോ പത്രപ്രവർത്തനം അക്കാദമിക് തലത്തിൽ പഠിച്ചവരാരും ഉണ്ടായിരുന്നില്ല. ഈ വിഷയത്തിൽ പഠനശാഖയുള്ളതുതന്നെ പുതിയ അറിവായിരുന്നു. അക്കാലത്താണ് നാഗ്പൂരിൽനിന്നും ജേർണലിസത്തിൽ ബിരുദവുമായി ശ്രീധരൻ നായർ വന്നത്. അദ്ദേഹമായിരിക്കണം ഇത്തരത്തിൽ ആദ്യംവന്ന വ്യക്തി.
മലയാള സാഹിത്യത്തിലെ പരിചയക്കുറവുണ്ടായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്. വേണുക്കുറുപ്പിനെയും ദേവനെയും പോലുള്ളവർ അന്ന് ഇവിടെയുണ്ടായിരുന്നു. ഞങ്ങൾ അക്ഷരശ്ലോകമെല്ലാം ചൊല്ലുമ്പോൾ അദ്ദേഹത്തെ കളിയാക്കുക പതിവായിരുന്നു. 
എന്നാൽ അന്ന് ശ്രീധരൻ നായർ പറയുമായിരുന്നു, ‘നിങ്ങളെല്ലാം കളിയാക്കിക്കോ.. എന്നാൽ ഇന്ന് മാതൃഭൂമിയുടെ എഡിറ്ററായ കെ.പി. കേശവമേനോൻ ഇരിക്കുന്ന കസേരയിൽ ഒരിക്കൽ ഞാനിരിക്കും.’ അതിനും ഞങ്ങൾ കളിയാക്കും. എന്നാൽ ആ പറഞ്ഞത് പിന്നീട് സത്യമായിത്തീർന്നു. വലിയ പരിശ്രമ ശാലിയായിരുന്നു അദ്ദേഹമെന്നതിന് അതിലും വലിയ തെളിവുവേണ്ട.  മലയാള സാഹിത്യത്തിൽ ഇല്ലാതിരുന്ന പരിചയത്തിനായി കഠിനമായി വായിച്ചും എഴുതിയും അദ്ദേഹം പരിശ്രമിച്ചു. ഒടുവിൽ അത് സ്വായത്തമാക്കുകയും ചെയ്തു. കഴിവും പരിശ്രമവും കൊണ്ട് പത്രസ്ഥാപനത്തിന്റെ ഏറ്റവും വലിയ സ്ഥാനത്തെത്താൻ അദ്ദേഹത്തിനായി. 
നിഷ്കളങ്കമായ സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. എന്നെ സംബന്ധിച്ച് ദീർഘായുസ്സ് ഒരു ശാപമാണ്. കൂടെയുണ്ടായിരുന്നവർ,ഒരുമിച്ചുണ്ടായിരുന്നവർ വിട്ടുപോകുന്നത് കാണേണ്ടിവരുന്നു.
ഇപ്പോഴും ഇടയ്ക്കിടെ ബന്ധം പുലർത്തിയിരുന്നു ഞങ്ങൾ. ശ്രീധരൻനായരുടെ വിയോഗം എന്നെ സംബന്ധിച്ച് വ്യക്തിപരമായ നഷ്ടമാണ്. എനിക്ക് മാത്രമല്ല ജേർണലിസം എന്ന പ്രസ്ഥാനത്തിനും പത്രലോകത്തിനും വലിയ നഷ്ടം തന്നെയാണത്.