എഴുത്തിലോ വാചക കസര്‍ത്തിലോ ആരോടും മല്‍സരിക്കാറില്ല. പക്ഷേ വായനയുടെ കാര്യത്തില്‍ കെ.കെ.എസ് എന്ന് ഏവരും വിളിച്ചിരുന്ന കെ.കെ ശ്രീധരന്‍നായരെ ആര്‍ക്കും തോല്പിക്കാനുമാവില്ല. രാഷ്ട്രീയം, ശാസ്ത്രം, സാഹിത്യം, സിനിമ, നിയമം, ചരിത്രം... ഇങ്ങനെ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ പതിവായി വായിക്കുക ശീലമായിരുന്നു. അതിലെ പ്രതിപാദ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അപൂര്‍വം സന്ദര്‍ഭങ്ങളില്‍ തര്‍ക്കിക്കാനും അദ്ദേഹം മുതിര്‍ന്നിരുന്നു.

മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ശ്രീധരന്‍ നായര്‍ 63 വര്‍ഷം പൂര്‍ത്തിയാക്കിയാണ് വിരമിച്ചത്. അതില്‍ പത്തുവര്‍ഷം മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായിരുന്നു. 2000 മുതല്‍ 2015 വരെ പിരീയോഡിക്കല്‍സ് പത്രാധിപരായി സേവനമനുഷ്ഠിച്ചു. ഒരു സ്ഥാപനത്തില്‍ തുടര്‍ച്ചയായി അറുപതു വര്‍ഷം പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത മറ്റാരെങ്കിലും ഉണ്ടാവുമോ എന്നകാര്യവും സംശയമാണ്.

വിരമിക്കുന്നത് വരെ തികച്ചും സജീവമായി കഴിയുന്നത്ര നിക്ഷ്പക്ഷതയോടെ പത്രാധിപരുടെ ദൗത്യങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചുപോന്നു. ശ്രീധരന്‍ നായര്‍ക്കു മുന്നില്‍ വലുപ്പ ചെറുപ്പങ്ങളില്ല. തന്റെ കീഴില്‍ ജോലി ചെയ്യുന്ന ഡെപ്യൂട്ടി എഡിറ്റര്‍ തൊട്ട് ജേണലിസ്റ്റ് ട്രെയ്‌നി വരെ എല്ലാവരെയും ഒരേ പോലെ പരിഗണിക്കാനും അവരോട് ഇടപെടാനും അദ്ദേഹത്തിന് കഴിഞ്ഞു.

1953-ലാണ് അദ്ദേഹം മാതൃഭൂമിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിക്കുന്നത്. നാഗ്പൂരിലെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡിപ്ലോമ നേടി ഏതാനും ആഴ്ച മുംബൈയിലെ ഫ്രീപ്രസ് ജേണലില്‍ ജോലി നോക്കിയ ശേഷമാണ് അദ്ദേഹം മാതൃഭൂമിയില്‍ എത്തിയത്. 1990-ല്‍ ശ്രീധരന്‍ നായര്‍ പത്രാധിപരുടെ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ മാതൃഭൂമിക്ക് മൂന്ന് എഡിഷനാണ് ഉണ്ടായിരുന്നത്. പ്രചാരം നാലേകാല്‍ ലക്ഷവുമായിരുന്നു. പത്തുവര്‍ഷം കഴിഞ്ഞ് അദ്ദേഹം സ്ഥാനമൊഴിയുമ്പോള്‍ ആറ് എഡിഷനും എട്ടു ലക്ഷത്തിലധികം കോപ്പികളുടെ പ്രചാരവുമായി മാതൃഭൂമി വളര്‍ന്നു കഴിഞ്ഞിരുന്നു. ശ്രീധരന്‍ നായരുടെ പത്രാധിപത്യത്തില്‍ മാതൃഭൂമി 13 ആനുകാലികങ്ങള്‍ പുറത്തിറക്കി. ഇതില്‍ മിക്കതും അദ്ദേഹത്തിന്റെ കൂടി ഉല്‍സാഹത്തില്‍ ആരംഭിച്ചവയാണ്. ഇങ്ങനെ മാതൃഭൂമിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞ പത്രാധിപരാണ് അദ്ദേഹം.

 മാതൃഭൂമിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ തന്നെ എറണാകുളം ലോ കോളേജില്‍ ചേര്‍ന്ന് നിയമത്തില്‍ ബിരുദമെടുത്തു. ഓഫീസില്‍ നൈറ്റ് ഡ്യൂട്ടിയെടുത്ത് പകല്‍ ക്ലാസിലിരുന്നാണ് ശ്രീധരന്‍ നായര്‍ നിയമം പഠിച്ചത്. കേന്ദ്ര മന്ത്രിമാരായ എ.കെ.ആന്റണിയും വയലാര്‍ രവിയും ലോ കോളേജില്‍ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. രാഷ്ട്രീയത്തില്‍ ഇവരുടെ വിരുദ്ധ ചേരിയിലായിരുന്നെങ്കിലും മികച്ച ബന്ധം സൂക്ഷിക്കാന്‍ ശ്രീധരന്‍നായര്‍ക്കു കഴിഞ്ഞു.

പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ശ്രീധരന്‍നായര്‍. ആലുവ യു.സി. കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുന്ന കാലത്ത് ഇടതുപക്ഷ സംഘടനയായിരുന്ന വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രതിനിധിയായി കോളേജ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് കോലിയക്കോട് കൃഷ്ണന്‍നായരും സി. ചിത്തരഞ്ജനും അദ്ദേഹത്തോടൊപ്പം കൗണ്‍സിലിലുണ്ടായിരുന്നു. പിന്നീട് മഹാരാജാസ് കോളേജില്‍ ബി.എ.ക്ക് പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോല്‍ക്കുകയായിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പഴയ സഹപാഠികളോടൊ ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോടൊ പക്ഷപാതിത്വം കാണിക്കാനോ അദ്ദേഹം തയാറായില്ല.

തുടക്കം തൊട്ടെ തികഞ്ഞ നിരീശ്വരവാദിയാണ് ശ്രീധരന്‍നായര്‍. തന്റെ യുക്തിക്ക് നിരക്കാത്ത ഒന്നിലും വിശ്വസിക്കാനാവില്ലെന്ന കര്‍ക്കശ നിലപാട് ഇപ്പോഴും അദ്ദേഹം പുലര്‍ത്തുന്നു. ഇക്കാര്യത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറുമില്ല. എന്നാല്‍ വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടാനുള്ള ശേഷിയും അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയായിരുന്നു. ഒപ്പം ജോലി ചെയ്യുന്നവരുടെ തലയില്‍ തന്റെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം മുതിര്‍ന്നിരുന്നില്ല. കീഴില്‍ ജോലി ചെയ്യുന്നവരുടെ അഭിപ്രായങ്ങള്‍ സമചിത്തതയോടെ പഠിക്കാനും ശരിയെന്നു കണ്ടാല്‍ അംഗീകരിക്കാനും മടി കാണിക്കാറില്ല. അതേപോലെ തനിക്ക് സംഭവിച്ച പിഴവുകള്‍ അംഗീകരിക്കാനും പറ്റുമെങ്കില്‍ തിരുത്താനും ശ്രമിക്കുന്നു. തികഞ്ഞ ജനാധിപത്യവാദിയായ പത്രാധിപരാണ്  ശ്രീധരന്‍നായര്‍.

ആറ് വര്‍ഷം മുമ്പ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മാതൃഭൂമിയുടെ മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ടി. വേണുഗോപാല്‍ എന്ന വേണു കുറുപ്പിനെ ആദരിക്കുന്ന ചടങ്ങില്‍ പഴയ കാല സൗഹൃദങ്ങളെ അനുസ്മരിച്ച് സംസാരിക്കവേ പ്രമുഖ പണ്ഡിതനും അധ്യാപകനുമായ എം.ജി.എസ്. നാരായണന്‍ പറഞ്ഞ കഥ കൂടി ഇവിടെ ഉദ്ധരിക്കട്ടെ. 'ഞങ്ങള്‍ യൗവ്വന കാലം തൊട്ടേ അടുത്ത സുഹൃത്തുക്കളായിരുന്നു. വര്‍ഷങ്ങളോളം വാടക വീട്ടില്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. അന്ന് ശ്രീധരന്‍ സബ് എഡിറ്ററായിരുന്നു. ഒരിക്കല്‍ ഞാന്‍ മാതൃഭൂമിയുടെ എഡിറ്ററാവും. അന്ന് ഞാനത് അത്ര ഗൗരവമായെടുത്തില്ല. അതു യാഥാര്‍ത്ഥ്യമായി എന്നു മാത്രമല്ല. ഇത്ര ദീര്‍ഘമായ ഒരു കാലം- ഇതൊരു സര്‍വ്വകാല റെക്കോഡാണ്.'

രാവിലെ ഓഫീസിലെത്തി സീറ്റിലിരിക്കുമ്പോഴേക്കും മിക്കവാറും ക്യാബിനിലേക്ക് അദ്ദേഹം വിളിപ്പിക്കും 'മലയാളികള്‍ക്ക് ഫുട്‌ബോളിനോട് ഇത്രയ്ക്ക് ഇഷ്ടം തോന്നാന്‍ എന്താണ് കാരണം?' അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്യുന്ന മിക്കവര്‍ക്കും ദിവസവും ഇങ്ങനെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ നേരിടേണ്ടിവരും. അപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും പുസ്തകത്തെയോ ലേഖനത്തെയോ അടിസ്ഥാനമാക്കിയായിരിക്കും ഈ ചോദ്യങ്ങള്‍. എപ്പോഴും സജീവമായി ഇടപെട്ട് പ്രവര്‍ത്തിച്ച ജനാധിപത്യവാദിയായ പത്രാധിപര്‍ കൂടിയായിരുന്നു അത്.

(മീഡിയ അക്കാദമി പ്രസിദ്ധീകരണമായ മീഡിയയില്‍ മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ കെ.വിശ്വനാഥ് കെ.കെ ശ്രീധരന്‍നായരെക്കുറിച്ച് എഴുതിയത്)