മാതൃഭൂമിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച പത്രാധിപരാണ് വിടവാങ്ങുന്നത്. എന്നും വാർത്തകൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ഓരോ കൂടിക്കാഴ്ചയിലും പത്രത്തെക്കുറിച്ചും ആനുകാലികങ്ങളെക്കുറിച്ചും മാത്രമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. അവയുടെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിലും പ്രചാര വർധനയിലും  അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നു. അതിനുള്ള നിർദേശങ്ങളും എപ്പോഴും മുന്നോട്ടുവയ്ക്കും.

 ജേർണലിസം ഡിപ്ലോമയോടെ ഒരു മലയാളപത്രത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ആദ്യത്തെ ജേർണലിസ്റ്റാണ് അദ്ദേഹം. 1989 ൽ അദ്ദേഹം ഡെപ്യൂട്ടി എഡിറ്റർ തസ്തികയിലിരിക്കുമ്പോഴാണ്  അടുത്തിടപഴകാൻ അവസരം ലഭിക്കുന്നത്. ഡെപ്യൂട്ടി എഡിറ്റർ തസ്തികയിൽ നിന്ന് പത്രത്തിന്റെ എഡിറ്ററായി. അതിനുശേഷം ആനുകാലികങ്ങളുടെ എഡിറ്ററുടെ ചുമതലയിലേക്ക് വന്നു. എപ്പോഴും എന്നെ സ്‌നേഹത്തോടെ 'എം.ഇ.' എന്നാണ് വിളിച്ചിരുന്നത്. ഞാൻ തിരിച്ച് 'എഡിറ്ററെ'ന്നും. 

-2മാതൃഭൂമിയുടെ മാനേജിംഗ് എഡിറ്റർ എന്ന നിലയിലുള്ള എന്റെ പ്രവർത്തനങ്ങൾക്ക്  അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഏറെ സഹായകരമായിരുന്നു. ഞങ്ങൾ തമ്മിൽ അടുത്ത വ്യക്തി ബന്ധവുമുണ്ടായിരുന്നു. മാതൃഭൂമി പത്രത്തിന്റെയും ആനുകാലികങ്ങളുടെയും പത്രാധിപരായി ഇത്ര ദീർഘകാലം പ്രവർത്തിക്കാൻ കഴിഞ്ഞ താൻ ഏറെ ഭാഗ്യവാനാണെന്ന് അദ്ദേഹം പറയുമായിരുന്നു. അടുത്തിടപഴകിയ കാലയളവിൽ അദ്ദേഹത്തിൽ നിന്ന് ഒരു പാട് കാര്യങ്ങൾ പഠിക്കാനായി. അന്ന് പകർന്നുകിട്ടിയ ആ അറിവുകളെല്ലാം ഏറെ വിലമതിക്കുന്നതാണ്. അതെല്ലാം കൃതജ്ഞതയോടെയാണ് ഓർക്കുന്നത്.