ആറു പതിറ്റാണ്ടുകാലം, ഏകദേശം ഒരു പുരുഷായുസ്സുതന്നെ, ഒരു പത്രപ്രവർത്തകനെന്നനിലയിൽ മാതൃഭൂമിയിൽ സേവനമനുഷ്ഠിച്ച കെ.കെ. ശ്രീധരൻ നായർ തന്റെ ഔദ്യോഗികജീവിതത്തിലുടനീളം നിഷ്പക്ഷതയും പ്രതിബന്ധതയും കാത്തുസൂക്ഷിച്ചു. 
1953-ലാണ്‌ അദ്ദേഹം മാതൃഭൂമിയിൽ സഹപത്രാധിപരായി ജോലിയിൽ പ്രവേശിക്കുന്നത്‌. സീനിയർ സബ്‌ എഡിറ്റർ, ചീഫ്‌ സബ്‌ എഡിറ്റർ, ന്യൂസ്‌ എഡിറ്റർ, ഡെപ്യൂട്ടി എഡിറ്റർ എന്നീ തസ്തികകളിലൂടെയാണ്‌ അദ്ദേഹം 1990-ൽ മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായി ഉയർന്നത്‌. പത്തുവർഷം അദ്ദേഹം ആ സ്ഥാനത്തു തുടർന്നു. അതിനുശേഷം മാതൃഭൂമിയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായും ദീർഘകാലം സ്ഥാപനത്തെ സേവിച്ചു. ജേണലിസത്തിൽ  ഡിപ്ലോമ നേടി ജോലിയിൽ പ്രവേശിച്ച ആദ്യമലയാള പത്രപ്രവർത്തകൻ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്‌. 
പതിമ്മൂന്ന്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും അദ്ദേഹം സുദീർഘകാലം പ്രവർത്തിച്ചു. അവയിൽ ചിലത്‌ അദ്ദേഹം മുൻകൈയെടുത്ത്‌ പ്രസിദ്ധീകരിച്ചവയായിരുന്നു. സ്ഥാപനത്തിന്റെ വളർച്ചയിൽ ശ്രീധരൻ നായർ പ്രധാനപ്പെട്ട പങ്കുവഹിക്കുകയുണ്ടായി.
അദ്ദേഹവുമായി വളരെയടുത്ത്‌ ഇടപഴകാൻ എനിക്കവസരം ലഭിച്ചിരുന്നു. പലപ്പോഴും അദ്ദേഹം എന്നെ കാണാനെത്തുമായിരുന്നു. ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, ചരിത്രം, സിനിമ, നിയമം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലുള്ള പുസ്തകങ്ങൾ ശ്രീധരൻ നായർ തേടിപ്പിടിച്ചു വായിക്കുക പതിവായിരുന്നു.
എന്റെ മുറിയിലേക്ക്‌ കടന്നുവരുമ്പോൾ തലേന്നുവായിച്ച പുസ്തകത്തിൽ നിന്നുകിട്ടിയ പുതിയൊരറിവ്‌ പങ്കുവെക്കാനുണ്ടാകും അദ്ദേഹത്തിന്‌. വളരെ കാര്യമായാണ്‌ അദ്ദേഹം വിഷയമവതരിപ്പിക്കുക. ഒരു കുട്ടിക്ക്‌ അറിവിന്റെ ഒരു പുതുനാമ്പ്‌ ലഭിക്കുമ്പോഴുള്ള നിഷ്കളങ്കമായ കുതൂഹലം അദ്ദേഹത്തിന്റെ മുഖത്തുണ്ടാകും. പിന്നീട്‌ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാകും സംസാരം.
ശ്രീധരൻ നായരെ ഞാൻ കൂടുതൽ അടുത്തറിഞ്ഞത്‌ ആഴ്ചകൾ ദീർഘിച്ച ഒരു ഹിമാലയൻ യാത്രയ്ക്കിടയ്ക്കാണ്‌. മാനേജിങ്‌ എഡിറ്റർ പി.വി. ചന്ദ്രനടക്കമുള്ള കുറെ സഹപ്രവർത്തകരും കുടുംബാംഗങ്ങളുമൊക്കെ ആ യാത്രയിൽ കൂടെയുണ്ടായിരുന്നു. ചതുർധാമങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്‌ യമുനോത്രിയിൽ നിന്നാണ്‌. മുസ്സൂറിയിൽനിന്ന്‌ യമുനോത്രിയിലേക്കുള്ള യാത്രയ്ക്കിടയ്ക്ക്‌ ബാർക്കോട്ട്‌ എന്നൊരു ചെറിയ പട്ടണമായിരുന്നു ഞങ്ങളുടെ ഇടത്താവളം. യമുനയുടെ തീരത്ത്‌ കെട്ടിയുയർത്തിയ ടെന്റുകളിലായിരുന്നു താമസം. അതികഠിനമായ ശൈത്യം.
സന്ധ്യമയങ്ങിയപ്പോൾ ഞങ്ങൾ ടെന്റുകൾക്ക്‌ പുറത്ത്‌ മരക്കഷ്ണങ്ങൾ അടുക്കിവെച്ച്‌ അഗ്നി ജ്വലിപ്പിച്ചു. അതിനുചുറ്റുമിട്ട കസേരകളിൽ ഞങ്ങളിരുന്നു. തുടർന്ന്‌ നർമവും ഗൗരവവും കലർന്ന സംഭാഷണങ്ങൾ. തിരക്കുപിടിച്ച ജീവിതത്തെക്കുറിച്ചും മറ്റും പലരും ഉള്ളുതുറന്നു. പഴയകാലത്തിന്റെ ഗൃഹാതുരത്വം ഞങ്ങൾ പങ്കുവെച്ചു. എല്ലാവർക്കും കാണാനും സ്നേഹിക്കാനും തമാശപറയാനും കുറുമ്പുകാണിക്കാനുമൊക്കെ നേരമുണ്ടായിരുന്ന നേരായ കാലം.
അതിനിടെ ശ്രീധരൻനായർ വ്യക്തിപരമായൊരു നൊമ്പരം ഞങ്ങളുമായി പങ്കുവെച്ചു. ഏതാനും വർഷങ്ങൾക്കുമുമ്പാണ്‌ അദ്ദേഹത്തിന്റെ പത്നി പത്മിനി എസ്‌. നായർ അദ്ദേഹത്തെ തനിച്ചാക്കി എന്നെന്നേക്കുമായി വിടപറഞ്ഞത്‌. ഭാര്യയെക്കുറിച്ചുള്ള ഓർമകളായി പിന്നെ കൂട്ടിന്‌. ദിവസവും രാവിലെ എഴുന്നേറ്റാൽ നടത്തം പതിവാക്കി. ഏറെയകലെയല്ലാത്ത പുതിയപാലം ശ്മശാനത്തിനടുത്തെത്തുമ്പോൾ അദ്ദേഹം പതുക്കെയാവും. പത്നിയെക്കുറിച്ചോർക്കും. ‘അരികിൽ നീയുണ്ടായിരുന്നെങ്കിലെന്ന്‌ വെറുതെ ഞാൻ നിനച്ചുപോകുമെന്ന’ ശ്രീധരൻനായരുടെ വേദനപുരണ്ട വാക്കുകൾ ഇപ്പോഴും ഞാൻ കേൾക്കുന്നുണ്ട്‌. കർമനിരതനായാണ്‌ അദ്ദേഹം വിരഹദുഃഖത്തെ അതിജീവിച്ചത്‌. ശ്രീധരൻനായർ നല്ലൊരു ഭർത്താവും പിതാവുമായിരുന്നു. മകൾ ഇന്ദിരയും മകൻ അഭിജിത്‌കുമാറും എക്കാലത്തും അച്ഛന്റെ ദൗർബല്യങ്ങളായിരുന്നു. അതേപോലെ പേരമക്കളും. അവരുടെയൊക്കെ കാര്യം പലപ്പോഴും പറയുമായിരുന്നു. ശ്രീധരൻനായരുടെ പത്നി പത്മിനി എസ്‌. നായർ സാമൂതിരി കോളേജിൽ പഠിക്കുമ്പോൾ ഞാനും അവിടെ ഒരു വിദ്യാർഥിയായിരുന്നു. അവർ കുറച്ചുകാലം പത്രപ്രവർത്തകയായി മാതൃഭൂമിയിലും ജോലിചെയ്തിട്ടുണ്ട്‌.
ഉറച്ചൊരു യുക്തിവാദിയായിരുന്നെങ്കിലും ശ്രീധരൻനായർ, ഹിമാലയയാത്രയ്ക്കിടെ കൃഷ്ണനെക്കുറിച്ചൊരു മനോഹരമായ കവിത രചിച്ചത്‌ ഓർക്കുന്നു. നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം പല വിഷയങ്ങളെയും അധികരിച്ച്‌ വിജ്ഞാനപ്രദമായ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌.
ശ്രീധരൻനായർ സരസനായിരുന്നു. എല്ലാക്കാലത്തും വിജ്ഞാനതൃഷ്ണയുള്ള വ്യക്തിയായിരുന്നു. താൻ സേവനമനുഷ്ഠിക്കുന്ന സ്ഥാപനത്തോട്‌ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുള്ളയാളായിരുന്നു. പത്രാധിപരായിരുന്നപ്പോഴും സഹപ്രവർത്തകരോടും ഇതര ജീവനക്കാരോടും വളരെ സ്നേഹത്തോടെ പെരുമാറിയ ഒരു മനുഷ്യസ്നേഹിയായിരുന്നു. എന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്ന അദ്ദേഹത്തിന്റെ മരണവാർത്ത എന്നെ ഏറെ ദുഃഖിപ്പിക്കുന്നു.