തൃശ്ശൂര്‍: ബാര്‍ കോഴക്കേസില്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി സര്‍ക്കാറിനും വിജിലന്‍സിനുമെതിരെ അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചു. 'കോടതിയെ വിഡ്ഢിയാക്കരുത്' എന്ന് വാക്കാല്‍ പറഞ്ഞ ജഡ്ജ് എസ്.എസ്. വാസന്‍ 'വിജിലന്‍സ് ഒന്നരമാസം പാഴാക്കി'യെന്ന നിരീക്ഷണം വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി കെ. ബാബുവിനും ബാര്‍ ഉടമ ബിജു രമേശിനുമെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും കോടതി നിര്‍ദ്ദേശിച്ചു.

ശരിയായി അന്വേഷണം നടത്താന്‍ അന്വേഷണ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് ജഡ്ജിക്ക് സവിശേഷാധികാരം നല്‍കുന്ന സി.ആര്‍.പി.സി. 156(3)അനുസരിച്ചാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേസിന്റെ അന്വേഷണ പുരോഗതി ഫിബ്രവരി 22ന് ലഭിക്കണം. ദ്രുതപരിശോധനാ റിപ്പോര്‍ട്ടല്ല, അന്വേഷണ റിപ്പോര്‍ട്ടാണ് ഇനി സമര്‍പ്പിക്കേണ്ടത്. അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലായിരിക്കണം. ദ്രുതപരിശോധനാ റിപ്പോര്‍ട്ട് എന്ന നടപടിക്രമം മറികടന്നാണ് ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മലയാളവേദി പ്രസിഡന്റ് ജോര്‍ജ്ജ് വട്ടുകുളം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. ശനിയാഴ്ച രാവിലെ 11 മണിയോടെകേസ് പരിഗണിച്ചു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ആദ്യ അന്വേഷണം. ഇല്ലെന്നും കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയാണ് നല്‍കാന്‍ പോകുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

മൊഴിയെടുക്കേണ്ട ഘട്ടം ആകുന്നേയുള്ളൂ എന്നായിരുന്നു സര്‍ക്കാറിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് ലീഗല്‍ അഡ്വൈസര്‍ വി.കെ. ഷൈലജന്‍ കോടതിയെ അറിയിച്ചത്. കേസില്‍ വിജിലന്‍സ് അലംഭാവം കാണിക്കുന്നതായി പരാതിക്കാരനായ ജോര്‍ജ്ജ് വട്ടുകുളവും കോടതിയെ ബോധിപ്പിച്ചു. കൈക്കൂലി വാങ്ങിയെന്ന ആരോപണമുള്ള മന്ത്രിക്കും കൈക്കൂലി നല്‍കിയെന്നു പറയുന്ന ബിജുവിനും എതിരായ പരാതിയില്‍ ഡിസംബര്‍ ഒമ്പതിനാണ് ത്വരിതാന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ജനവരി23ന് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. ബാറുകള്‍ തുറക്കുന്നതിനായി ആവശ്യപ്പെട്ട കൈക്കൂലിയുടെ ആദ്യഗഡുവായ 50 ലക്ഷം മന്ത്രി ബാബുവിനു കൈമാറിയെന്ന് ഒരു സ്വകാര്യ ചാനലില്‍ ബിജു വെളിപ്പെടുത്തിയതാണ് പരാതിക്കാധാരം. വെളിപ്പെടുത്തലിന്റെ 11 മിനുട്ട് ദൈര്‍ഘ്യമുള്ള സി.ഡി. കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഡി.വൈ.എസ്.പി. രമേശനായിരുന്നു ബാര്‍ കോഴ സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല. എന്നാല്‍, സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്യുന്നുവെന്ന ജോര്‍ജ്ജ് വട്ടുകുളത്തിന്റെ പരാതിയെ തുടര്‍ന്ന് ഈ കേസില്‍നിന്നും ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. എറണാകുളം വിജിലന്‍സ് എസ്.പി. ആര്‍. നിശാന്തിനിയാണ് പരാതിക്കാരനായ ജോര്‍ജ്ജ് വട്ടുകുളത്തിന്റെ മൊഴിയെടുത്തത്.

കോടതി നടത്തിയ പരാമര്‍ശങ്ങള്‍:

*ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജ്ജുനനാണോ വിജിലന്‍സ്?
*ഇതുസംബന്ധിച്ച് മറ്റു കേസുകള്‍ നടക്കുന്നുണ്ടെന്നു കരുതി വിജിലന്‍സ് കോടതി അടച്ചുപൂട്ടണോ?
*കോടതിയെ കൊഞ്ഞനം കുത്തിക്കാണിക്കരുത്, വിഡ്ഡിയാക്കരുത്.

.*അന്വേഷിക്കാന്‍ 100 വര്‍ഷത്തെ സമയം വേണോ?

*പണം വാങ്ങിയ ആളിന്റെ സ്വത്തുവിവരങ്ങളും ബാങ്ക് അക്കൗണ്ടും സംബന്ധിച്ച് അന്വേഷിച്ചോ?

*പണം നല്‍കിയ ആളിന്റെ മൊഴിയെടുത്തോ?

*ദ്രുതപരിശോധന എന്നതിന്റെ അര്‍ത്ഥം എന്താണ്?

*മൊഴിയെടുക്കാന്‍ വിളിച്ചാല്‍ വരുന്നില്ലെങ്കില്‍ വരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഇല്ലേ?

*സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ 10 ദിവസംകൊണ്ടു തെളിയിക്കാവുന്ന കേസാണിത്
*പരാതിക്കാരന്‍ പിന്‍വാങ്ങിയാലും കേസ് മുന്നോട്ടുപോകും.

*പരാതി തെളിയിക്കേണ്ട ബാധ്യത സര്‍ക്കാറിനാണ്. പരാതിക്കാരനല്ല