കൊച്ചി: ബാര്‍ കോഴക്കേസില്‍  വിജിലന്‍സ് കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമുയരുമ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ. ബാബുവുമെല്ലാം കൊച്ചിയില്‍ മെട്രോ റെയിലിന്റെ പരീക്ഷണ ഓട്ടം കാണുകയായിരുന്നു. നേതാക്കളുടെ മുഖത്ത് തുടക്കത്തില്‍ കണ്ട ഉന്മേഷം പെട്ടെന്ന് അപ്രത്യക്ഷമായി. അപ്പോഴേയ്ക്കും കോടതിവിധിയുടെ വാര്‍ത്ത സദസ്സിലേക്കും പടര്‍ന്നു. 

ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രി വേഗത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി. പിന്നാലെ ഇറങ്ങിയ മന്ത്രി കെ. ബാബു അവിടെ വെച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. ഒരു മരണവീട്ടില്‍ പോയ ശേഷം അദ്ദേഹം നേരെ ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു.

ഇതിനിടെ ഗസ്റ്റ് ഹൗസില്‍ തന്നെയുണ്ടായിരുന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ മന്ത്രി ബാബു രാജിവെയ്ക്കണമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ഇതോടെ ബാബുവിന്റെ രാജി ശനിയാഴ്ച തന്നെയുണ്ടാവുമെന്ന അഭ്യൂഹമുയര്‍ന്നു. മൂന്നുമണിക്ക് ബാബു പത്രസമ്മേളനം കൂടി വിളിച്ചപ്പോള്‍ എല്ലാവരും നിര്‍ണായകമായ തീരുമാനം ഉറപ്പിച്ചു. 
   
ഉച്ചയ്ക്ക് 2.45 ന് ബാബു, മുന്‍ മേയര്‍ ടോണി ചമ്മണിക്കൊപ്പം മുഖ്യമന്ത്രിയുടെ മുറിയിലേക്ക് പോകാനിറങ്ങി. തന്നെ വളഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്, പത്രസമ്മേളനം പറഞ്ഞ സ്ഥിതിക്ക് എന്തിനാണ് തന്റെ പിന്നാലെ തിക്കിത്തിരക്കുന്നതെന്ന് ബാബു മുഷിഞ്ഞു. മുഖ്യമന്ത്രിയും ബാബുവും മുറിയില്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ എം.എല്‍.എ.മാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരും പിന്നാലെ പ്രൊഫ. കെ.വി. തോമസ് എം.പി.യും ഗസ്റ്റ് ഹൗസിലെത്തി. രാജി മുഖ്യമന്ത്രിക്ക് നല്‍കിയ ശേഷം 3.15 ന് മുറിയില്‍ നിന്ന് പുറത്തുവന്ന്  പടിയിറക്കം.