തൃപ്പൂണിത്തുറ: ബാബു അന്ന് ഭയന്നതുപോലെ തന്നെ സംഭവിച്ചു. മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ തനിക്ക് അനുവദിച്ചു കിട്ടിയിരിക്കുന്നത് എക്‌സൈസ് വകുപ്പാണെന്നറിഞ്ഞ് തുടക്കത്തില്‍ത്തന്നെ വിമുഖത കാണിച്ചിരുന്നു ബാബു. 'എക്‌സൈസ് വകുപ്പ് സുഖകരമല്ല' എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ബാബുവിന്റെ പതനവും ആ വകുപ്പിന്റെ പേരിലായി.

കാല്‍ നൂറ്റാണ്ടായി തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്ന കെ. ബാബു കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ത്തന്നെ ഇക്കുറി മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ എത്തിയ ഇന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത്തവണ ബാബുവിനെ ജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഒരു സമ്മാനം തരുമെന്ന് പറഞ്ഞിരുന്നു. മന്ത്രിസ്ഥാനത്തെക്കുറിച്ചായിരുന്നു അത്. എംഎല്‍എ എന്ന നിലയില്‍ രജതജൂബിലി ആയപ്പോഴാണ് കെ. ബാബുവിന് രാഷ്ട്രീയമായും അല്ലാതെയുമായി കനത്ത ആഘാതമുണ്ടായിരിക്കുന്നത്.

എക്‌സൈസ് മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ത്തന്നെ തനിക്ക് ഈ വകുപ്പില്‍ വരുന്നതില്‍ വിയോജിപ്പുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടുള്‍പ്പെടെ തുറന്നുപറഞ്ഞിരുന്നു. കനത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് മനസ്സില്ലാമനസ്സോടെയായിരുന്നു കെ. ബാബു എക്‌സൈസ് മന്ത്രിയായി ചുമതലയേറ്റത്. പിന്നീട് വകുപ്പ് മാറിക്കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

ഇടത് കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന തൃപ്പൂണിത്തുറയില്‍ 1991-ലെ തിരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിച്ച കെ. ബാബു സിപിഎമ്മിന്റെ പ്രബലനായ എം.എം. ലോറന്‍സിനെ തോല്പിച്ചാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. തുടര്‍ന്ന് ബാബുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തുടര്‍ തിരഞ്ഞെടുപ്പുകളില്‍ തൃപ്പൂണിത്തുറയില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി ഗോപി കോട്ടമുറിക്കല്‍, കെ. ചന്ദ്രന്‍ പിള്ള, കെ.എന്‍. രവീന്ദ്രനാഥ്, സി.എം. ദിനേശ് മണി എന്നിങ്ങനെ പ്രധാന സിപിഎം നേതാക്കളെ അങ്കത്തിനിറക്കിയെങ്കിലും ബാബുവിനു തന്നെയായിരുന്നു ജയം.
 
പൊതുവെ 'ബാബുവിന്റെ മണ്ഡലം' എന്നാണ് തൃപ്പൂണിത്തുറ അറിയപ്പെടുന്നതുതന്നെ. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇവിടെ യുഡിഎപിന് പുതിയ മുഖം ഉണ്ടാകുമോയെന്ന് ഇപ്പോഴേ ചര്‍ച്ചകളായിക്കഴിഞ്ഞു. ഇടതുമുന്നണിയാകട്ടെ ആഹ്ലാദത്തിലാണ്. പടക്കംപൊട്ടിച്ച് ബാബുവിന്റെ പതനം അവര്‍ ആഘോഷിക്കുകയാണ്.