അവസാനകാലം കലമുടയ്ക്കുന്ന രാജികള്‍

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ രണ്ടാമത്തെ മന്ത്രിക്കും രാജിവയ്‌ക്കേണ്ടിവന്നത് അവസാന നാളുകളില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഉണ്ടാകുന്ന ഈ നഷ്ടങ്ങള്‍ സര്‍ക്കാരിനെ കൂടുതല്‍ ബുദ്ധിമുട്ടിക്കും.

അവസാന സമയത്ത് വികസന മുന്നേറ്റങ്ങളുടെ നിര തീര്‍ത്ത് സല്‍ക്കീര്‍ത്തിയുണ്ടാക്കാനാണ് ഒരു വശത്ത് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വന്‍ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ ഇതിനിടയില്‍ മുഖം നഷ്ടപ്പെടുത്തുന്ന അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെ വേട്ടയാടുന്നു.

ഏറെ കാത്തിരുന്ന കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം നടന്ന ദിവസംതന്നെ എറണാകുളത്തുനിന്നുള്ള മന്ത്രി ബാബുവിന് രാജിവയ്‌ക്കേണ്ടിവന്നത് യാദൃശ്ചികമാകാം. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുമ്പോള്‍ കെ.എം. മാണി രാജിവച്ചിരുന്നില്ലെന്ന ന്യായം ചൂണ്ടിക്കാട്ടി ബാബുവിന് വേണമെങ്കില്‍ പിടിച്ചുനില്‍ക്കാമായിരുന്നു. എന്നാല്‍ ലഭ്യമായ സാഹചര്യത്തില്‍ രാജിതന്നെയാണ് ഉചിതം എന്ന കാര്യത്തില്‍ അദ്ദേഹത്തിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നില്ല.

നിലവാരമില്ലാത്തവമാത്രം ഒഴിവാക്കി മറ്റുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാമെന്ന അഭിപ്രായം നേരത്തെ പുലര്‍ത്തിയിരുന്ന ബാബു കെ.പി.സി.സി. പ്രസിഡന്റുമായി ഇക്കാര്യത്തില്‍ അകല്‍ച്ചയിലായിരുന്നു. വിധി വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നതെന്ന് സുധീരന്‍ പറഞ്ഞപ്പോള്‍ത്തന്നെ ആ വഴിയാണ് പാര്‍ട്ടിയുടെ ചിന്തയെന്ന് വ്യക്തമായി. വിശ്വസ്തനായ ബാബുവിനെ ബലി കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടായിരുന്നില്ലെങ്കിലും രാജിയെന്ന തീരുമാനത്തോട് അദ്ദേഹവും യോജിച്ചു.

യഥാര്‍ത്ഥത്തില്‍ വിജിലന്‍സ് വകുപ്പിനാണ് കോടതിയുടെ ശകാരം കിട്ടിയത്. കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ കൂടുതല്‍ സമയം ചോദിച്ച വിജിലന്‍സിന്റെ നടപടിയാണ് സ്ഥിതി സങ്കീര്‍ണമാക്കിയത്.
എഫ്.ഐ.ആര്‍. ഇട്ട് കേസ് എടുക്കാന്‍ പറയത്തക്ക വിധത്തില്‍ പുതിയ തെളിവൊന്നും കോടതിയുടെ മുമ്പാകെ വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതിയില്‍ പോകണോയെന്ന കാര്യവും സര്‍ക്കാര്‍ ആലോചിച്ചേക്കും.

കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ബാര്‍ കോഴയും സോളാര്‍ ആരോപണവുമൊക്കെ വന്നപ്പോള്‍ മന്ത്രിസഭയില്‍ ചെറിയ ഒരു പുനഃസംഘടന നടത്താമെന്ന നിര്‍ദേശം മുഖ്യമന്ത്രിയുടെ മുമ്പാകെ വന്നിരുന്നു. എന്നാല്‍ ആരോപണവിധേയരെ കുറ്റക്കാരായി കണ്ട് ബലികൊടുക്കുന്നത് ഉചിതമാകില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്. പുനഃസംഘടന നടത്തിയിരുന്നെങ്കില്‍ രാജിയെന്ന പേരുദോഷം വരുമായിരുന്നില്ല. സര്‍ക്കാരിന് കുറഞ്ഞ സമയമേ ഇനിയുള്ളൂവെന്നതിനാല്‍ രാജിവയ്ക്കുന്നവര്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞെന്ന് വരില്ല. പുതിയ മന്ത്രി ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.