തിരുവനന്തപുരം: ബാര്‍ക്കോഴ കേസിലെ വിധി അറിഞ്ഞതോടെ തൊടുന്യായം പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കെ.ബാബു തയ്യാറാകാത്തതുകാരണം വലിയ വിവാദവും പ്രതിപക്ഷ പ്രക്ഷോഭവുമാണ് ഒഴിവായത്. ഇതിന്റെ ആശ്വാസത്തിലാണ് സര്‍ക്കാരും യു.ഡി.എഫും. ഇതേ സാഹചര്യം മുന്‍പുണ്ടായപ്പോള്‍ കെ.എം.മാണി രാജിവെയ്ക്കാന്‍ വൈകിയത് സര്‍ക്കാരിന് വലിയ പ്രതിച്ഛായാനഷ്ടമാണ് ഉണ്ടാക്കിയത്.

കോടതിയില്‍നിന്ന് എതിരായ പരാമര്‍ശം ഉണ്ടായാല്‍ സാങ്കേതിക വാദമുന്നയിച്ച് താന്‍ മന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് ബാബു പലവട്ടം പറഞ്ഞിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോഴും കോടതി വിധിവരെ കാത്തിരിക്കാനായിരുന്നു ബാബു ആവശ്യപ്പെട്ടത്. അദ്ദേഹം വാക്കുപാലിച്ചതിനാല്‍, ധാര്‍മികതയുടെ പേരില്‍ ഈ രാജിയെ വാഴ്ത്താനാണ് ഇപ്പോള്‍ കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിക്കുന്നത്.

ബാര്‍ക്കോഴ ആരോപണത്തില്‍ എഫ്‌.െഎ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നപ്പോഴും കെ.എം.മാണി രാജിവെയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത് നിയമസഭയില്‍ അപമാനകരമായ സംഭവങ്ങള്‍ക്കും കാരണമായി. ഒടുവില്‍ 'സീസറുടെ ഭാര്യ സംശയാതീതയായിരിക്കണം' എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടും ഉടനടി രാജിവെയ്ക്കാന്‍ മാണി തയ്യാറായില്ല.

24 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം രാജിവെച്ചത്. ബാബുവിന്റെ പേരിലാണ് ഇതേക്കാള്‍ ഗുരുതരമായ ആരോപണം ഉള്ളതെന്ന് അന്ന് മാണി പറഞ്ഞതും വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. ബാബുവിനെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നുവെന്ന പരസ്യമായ വിമര്‍ശമാണ് കേരള കോണ്‍ഗ്രസ് അന്ന് ഉയര്‍ത്തിയത്.