സ്വപ്നം കാണാനുള്ള ധൈര്യവും ധൈര്യവാനാകാനുള്ള സ്വപ്നം കാണലുമൊക്കെ പ്രാചീനകാലത്തെ പൂര്‍വികരില്‍നിന്നു നമുക്കുകിട്ടിയതാണ്. വാനരരായിരുന്ന പൂര്‍വികരെ അനുകരിച്ച് മരച്ചില്ലകളില്‍ കിടന്നുറങ്ങിയിരുന്ന നമ്മുടെ മുന്‍ഗാമികളുടെ പിന്തുടര്‍ച്ചക്കാര്‍ ഇരുകാലികളായും പിന്നീട് ഗുഹാമനുഷ്യരായും മാറി. ഭയത്തില്‍നിന്നോ അല്ലെങ്കില്‍ ധൈര്യത്തില്‍നിന്നോ ഉടലെടുക്കുന്ന ഒരു സ്വപ്നത്തിന്റെ ശക്തി തലമുറകളില്‍ ശക്തമായി പടര്‍ന്നുകിടക്കും. എല്ലാ മനുഷ്യരും, കുറഞ്ഞപക്ഷം ഭൂരിഭാഗം പേരെങ്കിലും ഒരു നിശ്ചിത ഉയരത്തില്‍നിന്നു വീഴുന്നതും പേടിയോടെ എഴുന്നേല്‍ക്കുന്നതുമൊക്കെ സ്വപ്നം കണ്ടിട്ടുണ്ടാവും. 

നരവംശശാസ്ത്രജ്ഞരും ശാസ്ത്രകാരന്മാരുമൊക്കെ പറയുന്നത്, ഇത്തരം സ്വപ്നം ഒരു ആഗോള പ്രതിഭാസമാണെന്നും ഇത് നമ്മുടെ ഡി.എന്‍.എ.യില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നുമാണ്. അതുപോലെ ആഗോളതലത്തില്‍ മനുഷ്യന്റെ ആത്മാവില്‍ ഉള്‍ച്ചേര്‍ന്നുകൊണ്ടിരിക്കുന്ന മറ്റൊരു അടയാളമാണ് സ്വാതന്ത്ര്യം. ഇത് പൊതുബോധത്തിന്റെ ഡി.എന്‍.എ.യില്‍ പതിഞ്ഞുവരാന്‍ ഒരുപക്ഷേ, ആയിരക്കണക്കിനു വര്‍ഷങ്ങളെടുത്തേക്കാം. എന്നിരുന്നാലും ആ അവസ്ഥ അവിടെയുണ്ട്. ഇപ്പോഴത് പൊതുവായ ഒരു അഭിലാഷവുംകൂടിയാണ്.

പാശ്ചാത്യര്‍ വ്യാവസായികവിപ്ലവമെന്നു കൊട്ടിഘോഷിക്കുന്ന സംഭവത്തിന് സാമ്പത്തികപിന്തുണ നല്‍കിയിരുന്നത് നമ്മളാണെന്ന് ഇന്ത്യക്കാര്‍ക്കു മനസ്സിലാകാന്‍ ഇരുനൂറു വര്‍ഷമെടുത്തു. ആദ്യഘട്ടത്തില്‍ ഇന്ത്യ ലോകത്ത് സാമ്പത്തികമായി നിക്ഷേപം നടത്തി. രണ്ടാംഘട്ടത്തില്‍ ധിഷണാപരമായി നിക്ഷേപിച്ചു. ഇത്തവണയാണ് അപരാജിതരെന്നു കരുതിയിരുന്ന എതിരാളികളെ ഇന്ത്യ മലര്‍ത്തിയടിക്കാന്‍പോകുന്നത്. 1920-കളില്‍ പുതുതായി വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാര്‍ക്ക് ഒട്ടേറെ ആശയങ്ങളുണ്ടായിരുന്നു. ലോകം രണ്ടാം ലോകയുദ്ധത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. രാഷ്ട്രീയ അവസ്ഥകളോടുള്ള ധീരമായ പ്രതികരണങ്ങള്‍ അന്നത്തെ കാലഘട്ടത്തിലെ വിചിത്രമായ ഭ്രാന്തുതന്നെയായിരുന്നു. ഹിറ്റ്ലര്‍ അധികാരത്തിലെത്തി. അത്തരത്തില്‍ അക്രമാസക്തമായി ചിന്തിക്കാതിരുന്ന ഒരാള്‍ ജയിലിലടയ്ക്കപ്പെട്ടു. അദ്ദേഹത്തിന്റെ പേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നായിരുന്നു. 

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വലിയ പദ്ധതിയിട്ടുകൊണ്ടിരിക്കുകയായിരുന്നു സുഭാഷ് ചന്ദ്രബോസ്. സമൂഹമനസ്സാക്ഷിക്കു യോജിക്കുന്നരീതിയിലുള്ള ഒരു ചിന്താസരണി രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു ഗാന്ധിജി. പുരാതന ചിന്താഗതികള്‍ക്കെതിരായ അദ്ദേഹത്തിന്റെ ആശയങ്ങളെ പരിഹസിക്കുന്ന തിരക്കിലായിരുന്നു അപ്പോഴെല്ലാം ലോകം. ഇന്ത്യക്കാരും വ്യത്യസ്തരായിരുന്നില്ല. അവരും അദ്ദേഹത്തെ കളിയാക്കി. അവരദ്ദേഹത്തെ ഒരു കോമാളിയെപ്പോലെയാക്കി. അദ്ദേഹത്തിന്റെ ആശയങ്ങളെ അവര്‍ ചപലബുദ്ധിയെന്നു വിളിച്ചു. പക്ഷേ, ഈ ആശയങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യമെന്ന സിംഹത്തെ തന്ത്രപരമായി തോല്‍പ്പിക്കാന്‍ പാകത്തിലുള്ളതായിരുന്നു. അദ്ദേഹം പിന്നെയും പിന്നെയും സ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരുന്നു. അങ്ങനെയദ്ദേഹം, ചെറുപ്പക്കാരായ സ്വാതന്ത്ര്യദാഹികളെ കണ്ടെത്തി.

ജര്‍മന്‍കാരുടെയും ഇന്ത്യക്കാരുടെയും ആഗ്രഹങ്ങള്‍ തീര്‍ത്തും ഭിന്നമായിരുന്നു. ജര്‍മന്‍കാര്‍ക്ക് അവരുടെ ആത്മാഭിമാനം തിരികെവേണമായിരുന്നു. അതേസമയം, ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യമായിരുന്നു തിരികെവേണ്ടിയിരുന്നത്. ഹിറ്റ്ലര്‍ക്ക് തന്നില്‍ മാത്രം കേന്ദ്രീകരിച്ച അധികാരമായിരുന്നു വേണ്ടിയിരുന്നതെങ്കില്‍ ഗാന്ധിജിക്ക് വേണ്ടത് സ്വന്തം ജനതയുടെ സ്വാതന്ത്ര്യമായിരുന്നു. അങ്ങനെയാണ് നമ്മുടെ ദേശീയസ്വപ്നം ആരംഭിച്ചത്. ധിഷണാശാലികളില്‍നിന്നാണ് അതാരംഭിച്ചത്. പക്ഷേ, പിന്നീടത് അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങി. ഇന്ത്യക്കു മാത്രമല്ല, ആഫ്രിക്കയ്ക്കും അതൊരു വൈകാരിക മുദ്രാവാക്യമായിമാറി. കാരണം, ഗാന്ധിജിയുടെ ഇത്തരം ആശയങ്ങള്‍ മണ്ടേലയെ സ്വാധീനിക്കുകയും അദ്ദേഹം അവയെ ബഹുമാനിക്കുകയും ചെയ്തിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിന്റെ, ഗാന്ധിജിയെക്കുറിച്ചുള്ള പ്രസംഗത്തില്‍, അദ്ദേഹത്തിന് ഗാന്ധിജിയോടുണ്ടായിരുന്ന ആദരവ് മുഴങ്ങിക്കേള്‍ക്കാം.

ലോകത്തെ എല്ലായിടത്തെയും സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ ഗാന്ധിജിയെ അനുകരിക്കുകയായിരുന്നു. അതുകൊണ്ടാണ് ആളുകള്‍ അദ്ദേഹത്തെ 'മഹാത്മാ' എന്നു വിളിക്കുന്നത് എനിക്കിഷ്ടമല്ലാത്തത്. അതൊരു അതുല്യമായ പദവിയാണ്. പക്ഷേ, ഗാന്ധിജി അനുകരണീയനാണ്. അതുകൊണ്ടാണ് അദ്ദേഹമൊരു അന്താരാഷ്ട്ര ആശയമാകുന്നത്. 'അഹിംസ' എന്ന വാക്ക് അദ്ദേഹം കണ്ടുപിടിച്ചതല്ല. അത് ജൈനന്മാരില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്. നമ്മളാണ് ആ സമൂഹമനസ്സാക്ഷി. ഇന്ന് ഗാന്ധിജിയിലേക്കും അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലേക്കും ഒരിക്കല്‍ക്കൂടി നമ്മള്‍ നോക്കണം. അദ്ദേഹത്തെപ്പോലെ സ്വപ്നം കാണാന്‍ ശ്രമിക്കണം. അതിന്റെ അവസാനം നിയന്ത്രണമോ അധികാരമോ അല്ല, മറിച്ച് കമ്യൂണാണ്. അതിനെ കമ്യൂണിസം എന്നു വിളിക്കാം. യേശുക്രിസ്തുപോലും കമ്യൂണിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കമ്യൂണ്‍ എന്ന വാക്ക് ഗാന്ധിസം ഉള്‍പ്പെടെയുള്ള പല 'ഇസ'ങ്ങളെയും ഉണര്‍ത്തുന്നതാണ്. എല്ലാ ഇസങ്ങളും ലക്ഷ്യത്തിലേക്ക്്് നീങ്ങുന്ന ആശയങ്ങളാണ്. രാഷ്ട്രീയം എന്നത് ജനങ്ങള്‍ക്കുവേണ്ടി തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ജോലിയാണ്.

നരഭോജനത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നമ്മള്‍ അത്യധികം ഉയര്‍ന്നുകഴിഞ്ഞു. നമുക്കിനിയും കുറച്ചു ദൂരംകൂടി പോകാനുണ്ട്. ഇതാണ് എന്റെ സ്വപ്നം. വൈവിധ്യത്തിലും ഐക്യത്തിലും സൂക്ഷിച്ചുവെക്കപ്പെട്ട 'എന്റെ ഇന്ത്യ'ക്കുവേണ്ടിയുള്ള എന്റെ ആഗ്രഹവും അതാണ്. നമ്മുടെ സുഹൃത്തും വഴികാട്ടിയുമായ ഗാന്ധിജിയെപ്പോലെ അനുകരണീയവും ആഗോളപരവും എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതുമായ ഒന്നായി നമ്മളൊക്കെ മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇപ്പോള്‍ വീണ്ടും നമ്മുടെ അവകാശങ്ങള്‍ നമ്മില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് നാം. വലിയതോതില്‍ അക്കാര്യത്തെക്കുറിച്ച് നാം ബോധവാന്മാരായിക്കഴിയുകയും ചെയ്തു. അതില്‍നിന്ന് നാം മോചിതരാവുകയും ഇന്ത്യയെപ്പോലെ ശക്തമായൊരു ജനാധിപത്യരാജ്യത്തിന് ഇനിയൊരിക്കല്‍ ഇത്തരത്തില്‍ സംഭവിക്കില്ലെന്ന് നമ്മള്‍ തിരിച്ചറിയുകയും ചെയ്യുന്നൊരു കാലമുണ്ടാവും. അപ്പോള്‍ നാം ഇന്ത്യക്കുവേണ്ടി മാത്രമല്ല, ലോകത്തിനാകെ പിന്തുടരാവുന്ന രീതിയില്‍ സ്വപ്നം കാണും. അഹിംസയെപ്പോലുള്ള ഒട്ടേറെ ആഗോള തത്ത്വശാസ്ത്രങ്ങള്‍ക്ക് ജന്മംനല്‍കാന്‍ ഇന്ത്യക്കു പ്രാപ്തിയുണ്ട്. 'മാറ്റംവരുത്താത്ത' നമ്മുടെ ചരിത്രത്തിലേക്ക് നിഷ്പക്ഷമായൊന്നു നോക്കിയാല്‍ അതിനു തെളിവുള്ളതായി കാണാം. ജയ്ഹിന്ദ്!

content highlights: india independence day actor kamal haasan on mahatma gandhi