ശ്രമം മാത്രം വ്യത്യസ്തമായിട്ട് അഹമ്മദാബാദില്‍ എനിക്കനുഭവപ്പെട്ടു. നാഗരാര്‍ത്തജാഗ്രതയില്‍ എപ്പോഴും പിന്‍വലിഞ്ഞുനില്‍ക്കുന്ന ഒരു തിടുക്കമില്ലായ്മ സാബര്‍മതിക്കുണ്ട്. 2002-ലെ ഓഗസ്റ്റില്‍ ഞാന്‍ ഗുജറാത്തില്‍ പോയത് ആഗ്ര-രംഗീല ഘരാനയുടെ എക്കാലത്തെയും വലിയ ഗായകന്‍ ഉസ്താദ് ഫൈയാസ് ഖാന്റെ മസാര്‍* കാണാനായിരുന്നു. വഡോദരയില്‍നിന്ന് അതിനുശേഷം അഹമ്മദാബാദിലെത്തി. അവിടെ സാബര്‍മതിയിലെ നിലച്ചകാലത്തില്‍ എന്റെ ഒരുമണിക്കൂര്‍ കടലില്‍ ഉപ്പുപോലെ അലിഞ്ഞു. വര്‍ഗീയകലാപത്തിന്റെ മുറിവില്‍ ഗുജറാത്ത് ആഴത്തില്‍ വിലപിക്കുന്ന സമയമായിരുന്നല്ലോ അത്. ആ സംസ്ഥാനത്തില്‍ മറ്റൊരു ഭൂഖണ്ഡംപോലെ സാബര്‍മതിയെ എനിക്കനുഭവപ്പെട്ടു.

അക്കൊല്ലം ആദ്യം നടന്ന വര്‍ഗീയകലാപത്തില്‍ ഉസ്താദ് ഫൈയാസ് ഖാന്റെ ശവകുടീരവും തകര്‍ക്കപ്പെട്ടിരുന്നു. ചക്രം പുരോഗതിയെ സൂചിപ്പിക്കുന്നു എന്നാണ് ചരിത്രപാഠം. ക്രിസ്തുവിനും ആറായിരത്തഞ്ഞൂറു കൊല്ലങ്ങള്‍ക്കുമുന്‍പേ മനുഷ്യന്‍ ചക്രം കണ്ടെത്തിയെന്ന് പഠിച്ചവര്‍ പറയുന്നു. ചക്രത്തിന് പക്ഷേ, പിന്നോട്ടും പോകാം. ഗായകന്റെ ശവകുടീരത്തില്‍ കലാപകാരികള്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ആ വാര്‍ത്തകേട്ട ദിവസം ഞാന്‍ ഫൈയാസ് ഖാന്‍ പാടിയ മേഘമല്‍ഹാര്‍ പലവട്ടം കേട്ടു...

ആ അനശ്വരനാദവര്‍ഷത്തില്‍ അണയട്ടെ ഉള്ളിലെ തീ. ഞങ്ങള്‍ നവംബറില്‍ അവിടെ ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ മസാറിന്റെ കേടുപാടുകള്‍ കുറെ സംഗീതപ്രേമികള്‍ ഒത്തുചേര്‍ന്ന് തീര്‍ക്കുകയായിരുന്നു. അന്ന് ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേല്‍ എന്നാല്‍ നൂറ്റിഎണ്‍പത്തിരണ്ടുമീറ്റര്‍ ഉയരമുള്ള വെറുമൊരു ടൂറിസ്റ്റ് അനാകര്‍ഷണമായിരുന്നില്ല. സാബര്‍മതി ആശ്രമത്തില്‍ എന്നോടൊപ്പം നടന്നിരുന്ന സംഗീതപ്രണയി നിരുപം കലാപത്തിന്റെ നാളുകള്‍ ഓര്‍ത്തെടുക്കവേ എന്നോടു പറഞ്ഞു: ''ജനുവരി മുപ്പതിലെ ഗാന്ധിവധത്തിനുശേഷം 1948 ഫെബ്രുവരിയില്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ ഒരു വിജ്ഞാപനത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു, 'വെറുപ്പിന്റെയും ഹിംസയുടെയും ശക്തികളെ വേരോടെ പിഴുതെറിയാന്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തെ നിരോധിക്കുന്നു.'' സര്‍ദാര്‍ പട്ടേലിന്റെ പ്രസ്തുത വിജ്ഞാപനത്തിലെ അനുപല്ലവി ഞാന്‍ കൂട്ടിച്ചേര്‍ത്തു: ''ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനും ലോകത്തിനുമുന്നില്‍ നമുക്കു പേരുദോഷമുണ്ടാക്കാനുമുള്ള ശ്രമത്തിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്'' (ഇന്ത്യന്‍ എക്‌സ്പ്രസ്, 5 ഫെബ്രുവരി 1948, മദ്രാസ് എഡിഷന്‍).

ചിത്രശലഭത്തിന്റെ ശരീരം കീറി ഘടന പഠിക്കുമ്പോലെ ഗാന്ധിജി, പട്ടേല്‍, നെഹ്രു, അംബേദ്കര്‍, മൗലാന അബുള്‍ കലാം ആസാദ്, ടാഗോര്‍, നേതാജി തുടങ്ങിയവരുടെ സ്വപ്നങ്ങളിലെ വൈജാത്യം വേണമെങ്കില്‍ നമുക്ക് നിരീക്ഷിക്കാം. ആ വ്യക്തിപ്രതിഭാസങ്ങളെയും അവരുടെയൊക്കെ നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തിയ ചരിത്രനിര്‍മിതിയെയും സൂക്ഷ്മമായി അപഗ്രഥിക്കാന്‍ അത് സഹായകമാകുമെന്നതും തീര്‍ച്ചയാണ്. എന്നാല്‍, അവരൊന്നിച്ചുണ്ടാക്കിയ ശലഭച്ചിറകിലെ മഴവില്ലിനെ ഏഴാക്കി നിറത്തളികയില്‍ കള്ളിതിരിച്ചാല്‍ ആ ചിത്രശലഭത്തിനെ കൊല്ലുകയാകും നാം ചെയ്യുക. ഒരു സ്വപ്നത്തിന്റെ വിവിധ ഛായകള്‍ മാത്രമാണവര്‍. ചരിത്രം വായിക്കുമ്പോള്‍ ഒരു സ്വപ്നശലഭത്തെ കാണുമ്പോലെയുള്ള വികാരവായ്പും നമുക്കു വേണ്ടിവരും.

പട്ടേല്‍ ഒരു പ്രതിമയായപോലെ സാബര്‍മതിയെ 1200 കോടി രൂപ ചെലവാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തീരുമാനവും വന്നിരിക്കുന്നു. സ്വര്‍ണക്കുരിശുള്ള പള്ളിയില്‍നിന്ന് ക്രിസ്തുവിന്റെ ആത്മാവ് ഓടിരക്ഷപ്പെടുമെന്നതുപോലെ ആശ്രമത്തില്‍ ഇനി ആഘോഷഗാന്ധി നടക്കും, ആശ്രമഗാന്ധിയിലെ പ്രകാശമാനനായിരുന്ന മനുഷ്യന്‍ അസ്തമിക്കും. സാബര്‍മതിയില്‍നിന്നു 1300 കിലോമീറ്റര്‍ പടിഞ്ഞാറോട്ടുപോയാല്‍ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പണിയും ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്രമാണത്. 1946 ഏപ്രില്‍ ഇരുപത്തെട്ടാം തീയതി ഹരിജനില്‍ ഗാന്ധിജി എഴുതിയതോര്‍ക്കുക: ''എന്റെ രാമന്‍ അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ പുത്രനായ രാമന്‍ എന്ന ചരിത്രപുരുഷനല്ല. എനിക്കദ്ദേഹം അനാദ്യന്തനാണ്. ജനിച്ചിട്ടേയില്ലാത്തയാള്‍. ആര്‍ക്കും അദ്ദേഹത്തെ പ്രാര്‍ഥിക്കാം. അള്ളാ എന്നും ഖുദാ എന്നും വിളിക്കുമ്പോഴും ഒരേ ശബ്ദലയം' (ഡല്‍ഹിയിലെ പ്രാര്‍ഥനായോഗത്തിലെ പ്രസംഗം ഹരിജനില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാത്മാഗാന്ധി സമാഹൃതകൃതികള്‍-വാല്യം 90, പേജ് 187-188).

നെഹ്രുവിനെ ഇന്ത്യന്‍ ജനാധിപത്യത്തിലെ കീരിക്കാടന്‍ ജോസാക്കാന്‍ കിരീടവും ചെങ്കോലും പേറുന്നവര്‍ ഇപ്പോള്‍ കഠിനപ്രയത്‌നം നടത്തി തിരക്കഥയെഴുതുന്നുണ്ട്. ഏതു കഥയിലും നെഹ്രു വില്ലനായിവരുന്ന സംഘകാലമാണിത്. നെഹ്രുവിന്റെ ഇന്ത്യ എന്ന ആശയത്തെ സര്‍ദാര്‍ പട്ടേല്‍ പ്രതിനിധാനംചെയ്ത ആശയത്തിന്റെ എതിര്‍ധ്രുവത്തില്‍ നിര്‍ത്താനുള്ള ശ്രമവും അതിന്റെ ഭാഗമാണ്. രണ്ടുപേരും ഒരു ഗൂഢാലോചനയുടെ ഇരകളാവുകയാണിവിടെ. ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമ്പോള്‍ സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍നിന്നു വന്നവര്‍ ഒരു മുന്നണിയില്‍ അണിനിരന്നതിലെ പ്രത്യേകത അവരിലെ അഭിപ്രായവ്യത്യാസങ്ങളെ മുഴുവന്‍ ഉള്‍ക്കൊണ്ടുതന്നെ വിള്ളലുകളില്ലാതെ ആ ഐക്യബോധം നിലനിന്നു എന്നതാണ്. നെഹ്രു പ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ അദ്ദേഹത്തെക്കാള്‍ പതിന്നാലുവയസ്സിനു മൂപ്പുള്ള സര്‍ദാര്‍ പട്ടേല്‍ ഉപപ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് ഇപ്പോഴത്തെ പ്രതിമയുടെ നൂറ്റിഎണ്‍പത്തിരണ്ടു മീറ്ററിനെക്കാള്‍ ഉയരം വെച്ചു എന്നത് മറക്കരുത്. പ്രകൃതത്തിലും വികാസവീക്ഷണത്തിലും ഗാന്ധിജിയോട് പൊരുത്തപ്പെടാതെ നിന്ന നെഹ്രുവിനെ അപേക്ഷിച്ച് സത്യത്തില്‍ പട്ടേലായിരുന്നു ഗാന്ധിജിയുടെ മാതൃകാശിഷ്യന്‍. നീണ്ടകാല കോണ്‍ഗ്രസ് ഭരണകാലത്ത്, പ്രത്യേകിച്ച് ഇന്ദിരാഗാന്ധിയുടെ പ്രഭാവകാലംമുതല്‍ സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകള്‍ക്ക് വേണ്ടത്ര അംഗീകാരം നല്‍കപ്പെട്ടില്ല എന്നാരോപിച്ചാല്‍ കുറ്റപ്പെടുത്താനുമാവില്ല. പക്ഷേ, നെഹ്രുവിനെയും പട്ടേലിനെയും രണ്ടു ധ്രുവങ്ങളില്‍ കെട്ടാന്‍ അത് മതിയായ കാരണമാകില്ല. കോണ്‍ഗ്രസ് വിരോധത്തിന്റെ രഥയാത്രയില്‍ പട്ടേലിനെ സംഘപരിവാറിന്റെ മൂര്‍ത്തിയാക്കാന്‍ കഴിയില്ല.

വിശ്വസ്തശിഷ്യനായ പട്ടേലിനെ ബലികൊടുത്ത് നെഹ്രുവിനെ പലവട്ടം ഗാന്ധിജി ആശീര്‍വദിച്ചു എന്ന ആരോപണം എന്നുമുണ്ടായിരുന്നു. ഒരുദാഹരണം മാത്രം പറയാം, 1946-ല്‍ മൗലാന അബുള്‍ കലാം ആസാദിന് ഒരു തവണകൂടി കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. ഗാന്ധിജിയുടെ താത്പര്യം നെഹ്രുവിലായിരുന്നു, അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തു. ഇന്ത്യയിലെ 15 പ്രവിശ്യകളിലെ 12 കോണ്‍ഗ്രസ് അധ്യക്ഷന്മാരും സര്‍ദാര്‍ പട്ടേല്‍ പ്രസിഡന്റ് ആകണമെന്ന് ആഗ്രഹിച്ചു. ഗാന്ധിജി ഇക്കാര്യം നെഹ്രുവിനോട് സൂചിപ്പിച്ചു. നെഹ്രുവിന്റെ മൗനത്തിന് ഒട്ടേറെ മാനങ്ങളുണ്ടായിരുന്നു. രണ്ടാംസ്ഥാനം നെഹ്രു അംഗീകരിക്കില്ല എന്നു മനസ്സിലാക്കിയ ഗാന്ധിജി തന്റെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന പട്ടേലിനോട് പിന്മാറാന്‍ പറഞ്ഞു. പട്ടേല്‍ അതും കേട്ടു. പല വിഷയങ്ങളിലും തന്നോട് വിയോജിക്കുന്ന നെഹ്രുവിനെ, ഗാന്ധിജി തന്റെയടുക്കല്‍ എന്നും വിനീതവിധേയനായി എന്നാല്‍, ഉരുക്കുപോലെ നിവര്‍ന്നുനിന്ന പട്ടേലിനുപകരം ജനാധിപത്യഭാരതത്തിന് നേതൃത്വം നല്‍കാന്‍ തിരഞ്ഞെടുത്തത് ആധുനികഭാരതീയ രാഷ്ട്രീയത്തിലെ മനോഹരമായ, പ്രയാസംനിറഞ്ഞ ഒരു സമസ്യയാണ്. അത് പൂരിപ്പിക്കാന്‍ പ്രയാസമാണ്. ഗാന്ധിജിയോടുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായി പറയാന്‍ എന്നും നെഹ്രുവിന് ഭയമായിരുന്നു. ഗാന്ധിജി നേടിയെടുത്തിരുന്ന ഋഷിതുല്യമായ ഒരു പ്രഭാവത്തെ നെഹ്രു ഭയന്നിരുന്നു. വ്യക്തിപരമായ കത്തുകളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ അറിയിച്ച ഒരവസരത്തില്‍ ഗാന്ധിജി നെഹ്രുവിന് എഴുതി:

'നമ്മുടെ കാഴ്ചപ്പാടുകളിലുള്ള ചില വ്യത്യാസങ്ങള്‍ സൂചിപ്പിച്ച് മറുപടി എഴുതാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അഭിപ്രായവ്യത്യാസങ്ങളുടെ തോത് വളരെ വലുതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ ഒരുകാര്യം ചെയ്യൂ, വ്യക്തിപരമായി എനിക്കെഴുതുന്നതിനുപകരം പരസ്യമായി എന്നോട് ഏറ്റുമുട്ടൂ. അതായിരിക്കും അഭികാമ്യം. ഞാന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അതുവഴി ഞാന്‍ രാജ്യത്തിനു ചെയ്യുന്ന പരിക്ക് വളരെ വലുതായിരിക്കും. താങ്കള്‍ അതു തിരിച്ചറിഞ്ഞ സ്ഥിതിക്ക് പരസ്യമായി ഏറ്റുമുട്ടുന്നതാകും നല്ലത്. നാം തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വളരെ വലുതും മൗലികവുമാണ്. നമുക്ക് ഒരു സംഗമബിന്ദു ഇല്ലതന്നെ. എന്നെ സംബന്ധിച്ചിടത്തോളം ഇത്ര സത്യസന്ധനും വിശ്വസ്തനും പോരാളിയുമായ ഒരു സഖാവിനെ നഷ്ടപ്പെടുക എന്നത് വേദനാജനകമാണ്. പക്ഷേ, അതത്ര പ്രധാനമല്ല. ഒരു ലക്ഷ്യത്തിനുവേണ്ടി സൗഹൃദങ്ങളെ നമുക്ക് ബലിനല്‍കേണ്ടി വരും' (ഗാന്ധിയുടെ തിരഞ്ഞെടുത്ത കത്തുകള്‍-37, പേജ് 105, സബര്‍മതി, ജനുവരി 17, 1928). നെഹ്രു ഞെട്ടിപ്പോയി. അദ്ദേഹം മറുപടിയില്‍ ഇങ്ങനെ കുറിച്ചു: 'ബാപ്പു, ഇത്രയ്ക്കു ഞാന്‍ പ്രതീക്ഷിച്ചില്ല... അനുസരണയില്ലാത്തവനെങ്കിലും രാഷ്ട്രീയത്തില്‍ ഞാന്‍ അങ്ങയുടെ കുട്ടിയല്ലേ ? നമുക്ക് ഒരുമിച്ചുപ്രവര്‍ത്തിക്കാം.'

1947 ഓഗസ്റ്റ് ഒന്നാം തീയതി പണ്ഡിറ്റ് നെഹ്രു സര്‍ദാര്‍ പട്ടേലിന് അനൗപചാരികമായ ഭാഷയില്‍ ഒരു ഔപചാരികക്കത്തയച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യമന്ത്രിസഭയിലേക്കുള്ള ക്ഷണമായിരുന്നു അത്: 'ഈ കത്ത് ഉപരിപ്ലവമാണ്. കാരണം, അങ്ങ് മന്ത്രിസഭയിലെ ഏറ്റവും ഉറപ്പുള്ള തൂണാണ്' അദ്ദേഹം എഴുതി (Nehru Papers, NMML, The Interim Government -Letter No: 26). സര്‍ദാര്‍ പട്ടേല്‍ മറുപടിയില്‍ പറഞ്ഞു: 'മുപ്പതുകൊല്ലങ്ങളിലൂടെ കണ്ണിമുറിയാതെ തുടര്‍ന്നതാണ് നമ്മുടെ സൗഹൃദം. അതില്‍ ഔപചാരികതയുടെ ആവശ്യമേയില്ല. ഞാന്‍ താങ്കളുടെ വിശ്വസ്തന്‍. എന്റെ ജീവിതാവസാനംവരെ ചോദ്യം ചെയ്യപ്പെടാനാവാത്ത വിശ്വാസ്യതയില്‍ ഞാന്‍ താങ്കളോടൊപ്പമുണ്ടാകും. ആര്‍ക്കും തകര്‍ക്കാനാവാത്തതാണ് നമ്മള്‍ തമ്മിലുള്ള ബന്ധം, അതിലാണ് അതിന്റെ ശക്തി കുടികൊള്ളുന്നത്.' സര്‍ദാര്‍ പട്ടേലിന്റെ ഈ വാക്കുകളിലെ അവസാനഭാഗത്തെ വരിയാണ് ചിലയാളുകള്‍ ഇന്ന് തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ എന്നും എതിര്‍ത്തുപോന്ന മതതീവ്രവാദത്തിനെ ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയിലില്ലാതിരുന്ന തീവ്രഹിന്ദുനേതാക്കളുടെ നിരയില്‍ പട്ടേലിനെക്കൂടി സ്വന്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുരാണത്തില്‍ പതിനായിരം കൈകളാല്‍ നര്‍മദാനദിയെ വഴിമേല്‍ തടഞ്ഞ കാര്‍ത്യവീരാര്‍ജുനനെ ഓര്‍മിപ്പിക്കും പോലെ, കൊളോസസിനെ ഓര്‍മിപ്പിക്കും പോലെ നര്‍മദാനദിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ആ പ്രതിമ.

ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് സര്‍ദാര്‍ പട്ടേലിന്റെ മകള്‍ മണിബെന്‍ പട്ടേലിന്റെ വാക്കുകള്‍ കടമെടുത്താണ്: 'അവരുടെ കാഴ്ചപ്പാടുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. വിയോജിക്കുമ്പോള്‍തന്നെ ഇന്ത്യക്കുവേണ്ടി ഒരുമിക്കുന്നതായിരുന്നു ആ പ്രവര്‍ത്തനരീതി.' (Inside Story of Sardar Patel: Diary of Maniben Patel: 193650). ഇന്ത്യാവിഭജനശേഷം ഹിന്ദു -മുസ്ലിം അഭയാര്‍ഥികളെ പാര്‍പ്പിക്കുന്ന കാര്യത്തില്‍, ഇടഞ്ഞുനിന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കുന്ന കാര്യത്തില്‍, ടിബറ്റിന്റെ കാര്യത്തില്‍, ചൈനയുമായുള്ള മറ്റു തര്‍ക്കങ്ങളില്‍, പടിഞ്ഞാറന്‍ പാകിസ്താനിലും കിഴക്കന്‍ പാകിസ്താനിലും ഉളവായ സാഹചര്യങ്ങളില്‍, ഇവയിലെല്ലാം ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ത്തു മുന്നോട്ടുപോയ അവരെ ഇന്ത്യ എന്ന വികാരമല്ലാതെ മറ്റെന്തെങ്കിലും സ്വപ്നം ഏകീഭവിപ്പിച്ചു എങ്കില്‍ അത് ഒരു തീവ്രഹിന്ദുവാല്‍ കൊല്ലപ്പെട്ട മഹാത്മാഗാന്ധി എന്ന ആശയപ്രപഞ്ചമായിരുന്നു.

1950 ഡിസംബര്‍ പതിനഞ്ചാം തീയതി സര്‍ദാര്‍ പട്ടേല്‍ മരിച്ചപ്പോള്‍ നെഹ്രു പറഞ്ഞു: 'എന്റെ അരികിലെ ഇരിപ്പിടത്തിലുണ്ടായ ശൂന്യത എന്നും തുടരും.' ഒരു പ്രധാനമന്ത്രി മരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിഞ്ഞ കസേര എന്നല്ല ഈ വാക്കുകളുടെ അര്‍ഥം എന്ന് നെഹ്രുവിനെയും പട്ടേലിനെയും മനസ്സിലാക്കിയവര്‍ക്ക് മനസ്സിലാകും. സുഹൃത്തും ആജീവനാന്തരാഷ്ട്രീയസഖാവും ഉരുക്കുമനുഷ്യനുമായ സര്‍ദാര്‍ പട്ടേല്‍ ഇല്ലാതാകുന്നതിന്റെ ശൂന്യതയാണത്.

ഇന്നത്തെ പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ അന്ത്യയാത്രയില്‍ പ്രധാനമന്ത്രി നെഹ്രു പങ്കെടുത്തില്ല എന്നാരോപിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍ സത്യം വിളിച്ചുപറഞ്ഞു... പട്ടേലിന്റെ മൃതദേഹത്തിനു പിന്നില്‍ ഒരു തുറന്ന വാഹനത്തില്‍ വിങ്ങിപ്പൊട്ടാന്‍പോകുന്ന മുഖവുമായി പണ്ഡിറ്റ് നെഹ്രു. സത്യം ഈ രാജ്യത്തെ രക്ഷിക്കട്ടെ. സത്യത്തെ ആയുധമാക്കിയ ഒരാളിനെ രാഷ്ട്രപിതാവാക്കിയ നാടല്ലേ ഇത്? സ്വാതന്ത്ര്യത്തിനു ദാഹിച്ച ഒരു ജനതയുടെ സാഹസസ്വപ്നങ്ങളില്‍നിന്നു ദത്തമായതാണ് ആ കാലത്തിന്റെ സൗഹൃദങ്ങള്‍. പുതിയകാലത്തിന്റെ വാമനപാദങ്ങള്‍ക്ക് ചവുട്ടിത്താഴ്ത്താവുന്നതല്ല ആ മഹാബലികള്‍.

*ശവകുടീരം