ഇതൊരു ചിന്താശൂന്യപ്രവര്‍ത്തനമായി മാറിയിരിക്കുന്നു. ഓഗസ്റ്റ് 15 ആകുമ്പോഴേക്കും എന്നെപ്പോലെയുള്ള എഴുത്തുകാര്‍ അമിതാധ്വാനത്തിലാകും. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യദിനത്തെക്കുറിച്ച് ചിലതൊക്കെ പറയണമെന്നുണ്ട്. അത് സന്ദര്‍ഭോചിതമാക്കുന്നതിനുള്ള ലഘുക്രിയകള്‍, രത്‌നച്ചുരുക്കമെപ്പോഴും ഒന്നുതന്നെയായിരിക്കും. ഞങ്ങള്‍, ഒന്നുകില്‍ രാജ്യത്തിന്റെ ഭയാനകമായ അവസ്ഥയെക്കുറിച്ച് വിലപിക്കും; അതല്ലെങ്കില്‍, സ്വയം സമാശ്വസിപ്പിക്കുന്നതിനായി ഗൃഹാതുരത്വത്തിന്റെ വഴികളിലൂടെ ഒരു മടക്കയാത്രപോകും. ഈ കുറിപ്പും അതില്‍നിന്നു വ്യത്യസ്തമാകില്ല, ആയതിനാല്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

നമ്മള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുന്നു: അതേസമയം, അപരന്റെ സ്വാതന്ത്ര്യത്തെ ഭയക്കുകയും ചെയ്യുന്നു. അതിനെ നിരുപാധികം ആശ്‌ളേഷിക്കണോ അതോ ചങ്ങലയ്ക്കിട്ടു നടത്തണോ എന്ന് നമുക്കറിയില്ല. നമ്മുടെ അസ്തിത്വത്തിന്റെ നിലനില്‍പ്പിന് ആത്മാവിഷ്‌കാരം പരമപ്രധാനമെന്ന് തോന്നുന്ന നിമിഷങ്ങളുണ്ടാകാം. കൂടാതെ, തന്നിഷ്ടംപോലെ ജീവിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത ത്വരയും തോന്നിയേക്കാം. എങ്കിലും നമുക്ക് തത്തുല്യമായി മറ്റൊരാള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെപ്പറ്റി നാം ആകുലരാണ്. അവന്റെ, അവളുടെ സ്വാതന്ത്ര്യം എന്റെ നിലനില്‍പ്പിനെ ബാധിക്കുമോ എന്ന്്്് നാം ചിന്തിക്കുന്നു. എന്നിട്ട് നമ്മള്‍ ഇന്ത്യന്‍ ഇംഗ്ലീഷില്‍ ഇങ്ങനെ പ്രഖ്യാപിക്കുന്നു:  'Too much freedom is not good' (അമിതസ്വാതന്ത്ര്യം നല്ലതിനല്ല).

ഒളിഞ്ഞും തെളിഞ്ഞും ഭരണകൂടം നമ്മുടെമേല്‍ ചുമത്തുന്ന നിയന്ത്രണങ്ങളെക്കുറിച്ചും ഇന്നത്തെ ഇന്ത്യയിലെ സ്വാതന്ത്ര്യരാഹിത്യത്തെക്കുറിച്ചും പരിതപിക്കുമ്പോള്‍, നാം ഒരുപടി പിന്നാക്കം മാറിനിന്ന് സ്വാതന്ത്ര്യവുമായുള്ള നമ്മുടെ വ്യവഹാരങ്ങളെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു, എന്തെന്നാല്‍ നാം സാക്ഷ്യംവഹിക്കുന്ന അമിതത്വങ്ങളുടെ അസ്ഥിവാരത്തില്‍ ഒരു സഞ്ചിത പരാജയമാണുള്ളത്. സ്റ്റാന്‍ സാമിയോട് ഭരണകൂടം പെരുമാറിയ രീതിയെ നമ്മുടെ രാജ്യത്തെ ഒട്ടേറെ ജനങ്ങളും ന്യായീകരിക്കുന്നു, അദ്ദേഹം മരണമടഞ്ഞ സാഹചര്യങ്ങളില്‍ ആക്ഷേപാര്‍ഹമായി ഒന്നുമവര്‍ കാണുന്നില്ല. നമ്മുടെ രാജ്യത്ത് അസ്വസ്ഥതാജനകമായ ചോദ്യങ്ങളുന്നയിക്കുന്നവര്‍ തടവിലാക്കപ്പെടുന്നു, മാസങ്ങളോളം, വര്‍ഷങ്ങളോളം, നിരന്തരം.

സ്വാതന്ത്ര്യംപോലെയുള്ള ആശയങ്ങള്‍ അവയുടെ പരിപൂര്‍ണതയില്‍ ആവിഷ്‌കരിക്കുകയെന്നത് ആയാസകരമാണ്. അവയെക്കുറിച്ചു പറയുമ്പോഴൊക്കെ നാം ഒരു വീക്ഷണം, ഒരു നിബന്ധന അല്ലെങ്കില്‍ ഒരു വ്യാഖ്യാനം മാത്രമാണ് പ്രകടിപ്പിക്കുന്നത്. എങ്കിലും ഓരോരുത്തരും, അടിച്ചമര്‍ത്തപ്പെടുന്നവരും, പാര്‍ശ്വവത്കരിക്കപ്പെടുന്നവരുമായ ജനവിഭാഗങ്ങളുള്‍?െപ്പടെ ഓരോരുത്തരും അതിന്റെ ആനന്ദമൂര്‍ച്ഛ അറിയുന്നവരാണ്. അത് ചില വേളകളില്‍, ഒരു ഗാനത്തിലോ പങ്കിടുന്ന ഒരു ചിരിയിലോ അനുഭവവേദ്യമാകുന്നതാണ്. പക്ഷേ, ഈ ഗഹനതതന്നെയാണ് അത് സ്വന്തമാക്കുന്നതിനും ചുരുക്കം ചിലര്‍ക്കുമാത്രം പ്രയോജനപ്പെടുത്തുന്നതിനുതകുന്നതരത്തില്‍ ആവശ്യാനുസരണമായ രൂപപരിണാമം വരുത്തുന്നതിനും നമ്മെ പ്രേരിപ്പിക്കുന്നതും. ഈ പ്രക്രിയ ചോദ്യംചെയ്യപ്പെടാതെ, അനായാസമാംവിധം സംഭവിക്കുന്നതിനനുവദിക്കുന്ന ഒരു സമൂഹത്തെ നാം ലക്ഷ്യപ്രാപ്തിക്കായി നിര്‍മിച്ചെടുക്കുന്നു. സാമൂഹികമായി പ്രബലരായിട്ടുള്ളവര്‍, തങ്ങളുടെ ഇച്ഛയ്ക്കനുസൃതമായി വളച്ചൊടിക്കാനുതകുന്നതരത്തില്‍ സ്വാതന്ത്ര്യത്തെ നിര്‍വചിക്കുന്നു. അവശേഷിക്കുന്നവര്‍, ഈ നിര്‍മിത പിരമിഡില്‍ തങ്ങളുടെ സ്ഥാനം കൈക്കൊള്ളുകയും അനുസരണയോടെ വര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. ചില ഘട്ടങ്ങളില്‍, അവരെ നിയന്ത്രണത്തില്‍ കൊണ്ടുവരുകയും വിധേയരാക്കുകയും ചെയ്യുന്നതിനായി പല സൗജന്യങ്ങളും എറിഞ്ഞുകൊടുക്കുന്നു. കബളിപ്പിക്കപ്പെടരുത്, അവയെല്ലാം നിയന്ത്രണത്തിനുള്ള ഉപാധികളാണ്. സ്വീകര്‍ത്താവ് അതു മനസ്സിലാക്കുകയും നിയമങ്ങളനുസരിച്ച് വര്‍ത്തിക്കുകയും ചെയ്യുന്നു. അങ്ങനെ പ്രബലര്‍ തങ്ങള്‍ ഉത്കൃഷ്ടരാക്കപ്പെട്ടതായി സ്വയം മതിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യമെന്നത്, തീര്‍ച്ചയായും ഒരു മോശം കളിയാണ്. അതിനാല്‍ത്തന്നെ, അതിനെക്കുറിച്ച് അമൂര്‍ത്തരൂപത്തില്‍ കാവ്യാത്മകമായി സംസാരിക്കുന്നതില്‍ എനിക്ക് അസ്വസ്ഥതയുണ്ട്. ആ ഉട്ടോപ്പിയ ഒരു വ്യാജനിര്‍മിതി മാത്രമാണെന്ന് ഞാന്‍ കരുതുന്നു.

എന്നാല്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് എനിക്കെന്താണ് സത്യത്തില്‍ അറിയാവുന്നത്? ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിക്കുകയും സാമ്പത്തിക സുരക്ഷിതത്വത്തില്‍ ജീവിക്കുകയും ചെയ്ത സവിശേഷാധികാരങ്ങളുള്ള ഒരാളാണ് ഞാന്‍. ഇടയ്ക്ക് വല്ലപ്പോഴും അല്പസ്വല്പം കഷ്ടപ്പാടുകളുണ്ടായിട്ടുണ്ട്. അവ അലോസരങ്ങള്‍ മാത്രമായിരുന്നു, ദുര്‍ബലമാക്കുന്ന പരുക്കുകളായിരുന്നില്ല. സ്‌കൂളിലോ വീട്ടിലോ സ്വാതന്ത്ര്യത്തെക്കുറിച്ച് ഞാന്‍ കാര്യമായി ചര്‍ച്ചചെയ്തിട്ടില്ല; എന്തെന്നാല്‍ സ്വാതന്ത്ര്യം, അതെല്ലായ്പ്പോഴും ഉണ്ടായിരുന്നു. കളിക്കാനുള്ള സമയവുമായി ബന്ധപ്പെട്ട് അമ്മയേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മാത്രമായിരുന്നു അസ്വാതന്ത്ര്യമായി അനുഭവപ്പെട്ടിരുന്നത്. സവിശേഷാധികാരത്തിന്റെ ഓരോ പാളികളും നമ്മുടെ ജീവിതത്തെ മങ്ങിയ യാഥാര്‍ഥ്യത്തില്‍നിന്ന് ഏറെ അകറ്റിനിര്‍ത്തുന്നു. നാം പരിമിതാംഗത്വം മാത്രമുള്ള നമ്മുടേതുമാത്രമായ കൂട്ടങ്ങള്‍ സൃഷ്ടിക്കുന്നു. ആ സൂക്ഷ്മലോകത്തില്‍ നാം അതിരില്ലാത്ത സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. ഉത്കടമായ ആത്മസ്വാതന്ത്ര്യത്തിനായി ദാഹിച്ചവരായിരുന്നു ഇത്തരം സ്വതന്ത്ര കൂട്ടാ?യ്മയുടെ സ്രഷ്ടാക്കള്‍. ഇതൊന്നു തിരിച്ചുവായിച്ചാല്‍, കളങ്കത്തിന്റെ അഥവാ അപമാനത്തിന്റെ ഓരോ പാളിയും മായ്ക്കുന്നതില്‍നിന്നാണ് സ്വാതന്ത്ര്യം രൂപംകൊള്ളുന്നത് എന്നുപറയാം. ഒരു വ്യക്തി, വിവേചനത്തിന്റെ അടയാളങ്ങളാല്‍ കളങ്കപ്പെട്ടിട്ടുള്ളിടത്തോളം സ്വാതന്ത്ര്യമെന്നത് അപ്രാപ്യമാണ്. ആ കളങ്കപ്പെടുത്തല്‍, അതെന്റെ ക്രിയയാണെന്ന് ഞാനോര്‍മിക്കേണ്ടതുണ്ട്. അതിനാല്‍, സ്വാതന്ത്ര്യമെന്നത് ഈ വികാരം അഥവാ തോന്നല്‍ ആണെന്നനിലയില്‍ ഞാന്‍ അപ്രമാദിത്വത്തോടെ പറയുമ്പോള്‍ എന്റെ വാക്കുകള്‍ അയഥാര്‍ഥമോ കൃത്രിമമോ ആകുന്നു, എന്തെന്നാല്‍ ഞാനത് അതിന്റെ ഉത്കൃഷ്ടതയില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല. ഞനെല്ലായ്പ്പോഴുമത് നിയന്ത്രിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

പുരുഷാധിപത്യത്തിന്റെയും ജാതിവ്യവസ്ഥിതിയുടെയും ഇടയില്‍ കുടുങ്ങിക്കിടക്കുന്ന ജന്മിത്ത വ്യവസ്ഥിതിയുള്ള രാജ്യമാണ് നമ്മുടേത്. പക്ഷേ, ഈ പൈശാചികശക്തികളെ മറികടന്ന് നാം മുന്നേറുമെന്ന് നമ്മുടെ ഭരണഘടന പ്രതീക്ഷിക്കുന്നു, അതിന്റെ ചേതനയെ പിന്തുടര്‍ന്നുകൊണ്ട് നാമത് സാധ്യമാക്കുമെന്നു കരുതുന്നു. പക്ഷേ, ജനങ്ങളുടെ കൈപിടിച്ച് ഈ പാതയിലൂടെ നടത്താതെ, അത് സംഭവിക്കുകയില്ല. നാം നിര്‍മിച്ചെടുത്ത വിദ്യാഭ്യാസസംവിധാനം നൈതികത, സമത്വം, സ്വാതന്ത്ര്യം, സഹാനുഭൂതി, സ്‌നേഹം, മതേതരത്വം എന്നിവയെയൊന്നും ശ്രദ്ധിക്കുകയോ ഗൗനിക്കുകയോ ചെയ്യാത്ത ഒന്നാണെന്നുള്ളത് ഖേദകരമാണ്. നമ്മുടെ ഭരണഘടനയുടെ മഹത്ത്വത്തെക്കുറിച്ച് നാം കുട്ടികളെ പഠിപ്പിച്ചിട്ടില്ല. സ്വാതന്ത്ര്യസമരമെന്നത് നമ്മുടെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും പോലെ നന്മയും (ഇന്ത്യക്കാര്‍) തിന്മയും (ബ്രിട്ടീഷുകാര്‍) തമ്മിലുള്ള യുദ്ധമെന്നരീതിയില്‍ ചുരുക്കപ്പെട്ടു. നാമെങ്ങനെയാണ് സ്വതന്ത്രനിലനില്‍പ്പിലേക്ക് എത്തിയതെന്നുള്ള മനസ്സിലാക്കലില്‍ സൂക്ഷ്മതയോ ബൗദ്ധികവീര്യമോ വൈകാരിക തീവ്രതയോ ഇല്ല. സ്‌കൂളുകളും കോളേജുകളും ജ്ഞാനോദയത്തിനുള്ള ഇടങ്ങളാകാതെ, തൊഴില്‍ നേടിക്കൊടുക്കുന്നതിനുള്ള ഇടപാടുകാരായാണ് വര്‍ത്തിക്കുന്നത്. ഭരണഘടനയെന്നാല്‍ ഒരു നിയമപുസ്തകമാണെന്നു വിശ്വസിക്കുന്ന പൗരന്മാരുടെ തലമുറകളെ നാം നിര്‍മിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരന്‍ മാത്രമല്ല, മറിച്ച് പ്രധാനപ്പെട്ട നീതിന്യായ പദവികള്‍ വഹിക്കുന്നവരും ഭരണഘടനാസംബന്ധിയായ ഉന്നതതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും നമ്മുടെ പ്രതിനിധികളായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്നവരുമെല്ലാം ഇവരിലുള്‍പ്പെടുന്നു. ഇത്തരമൊരു രാജ്യത്ത് ജീവിച്ചുകൊണ്ടാണ് നാം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ധാരണയെന്തെന്നാരായുന്നത്.

ഈ സംവേദനക്ഷമതാശൂന്യതയുടെ നല്ലൊരുദാഹരണമാണ് നമ്മുടെ പോലീസ് സേന. ക്രമസമാധാനത്തെക്കുറിച്ചു ചിന്തിക്കാന്‍ മാത്രമാണവര്‍ പരിശീലിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ ക്രമസമാധാനപാലനത്തിനുള്ള പ്രതിബന്ധങ്ങളായി വീക്ഷിക്കപ്പെടുന്നു. 'പക്ഷേ, നമുക്ക് നിയമങ്ങള്‍ ആവശ്യമുണ്ട്; ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുക എന്നത് നമുക്കനുവദിക്കാനാകില്ല.' ഇങ്ങനെ പറയുന്നത് നാം അടിക്കടി കേള്‍ക്കാറില്ലേ? ഇത് ഒരു നാട്യമാക്കിക്കൊണ്ട് നാം നമ്മുടെ കുട്ടികളെ മര്‍ദിക്കുന്നു, അധ്യാപകര്‍ അതിനൊരു തടിസ്‌കെയില്‍തന്നെ ഉപയോഗിക്കുന്നതിലും നമുക്ക് പരാതിയോ പരിഭവമോ ഇല്ല. കുട്ടിക്കാലംമുതല്‍ നമ്മുടെ ജീവിതത്തിലേക്ക് ഹിംസ അഥവാ അക്രമം ഇഴതുന്നിച്ചേര്‍ത്തിരിക്കുകയാണ്, അത് അധികാരസ്ഥാനങ്ങളില്‍നിന്നാണെങ്കില്‍, വടിചുഴറ്റുന്ന വ്യക്തിക്ക് എല്ലായ്പ്പോഴും സംശയത്തിന്റെ ആനുകൂല്യവും നല്‍കപ്പെടുന്നു. ഒരു ഗായകന്‍ അഥവാ സംഗീതജ്ഞനെന്നനിലയ്ക്ക് സമ്പ്രദായത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സമാനമായൊരു പല്ലവി ഞാനും കേള്‍ക്കുന്നു. അവ, ഒന്നു മറ്റൊന്നിനുമേല്‍ നിരന്തരമായ പിടിവലികള്‍ നടത്തിക്കൊണ്ട് ഒരു സംഘര്‍ഷത്തിലെന്നപോലെ കാണപ്പെടുന്നു. സ്വാതന്ത്ര്യത്തിനുമേല്‍ നിയന്ത്രണങ്ങളുടെ അഥവാ പരിധികളുടെ ആവശ്യകതയ്ക്കുള്ള തെളിവാണ് അവയുടെ ഒത്തൊരുമ എന്നതാണ് മറ്റൊരു വീക്ഷണം. സ്വാതന്ത്ര്യത്തെ എല്ലായ്പ്പോഴും നിയന്ത്രണത്തില്‍ നിര്‍ത്തുന്ന 'നിയമപുസ്തക'മായിട്ടാണ് സമ്പ്രദായത്തെ കരുതുന്നത്.

സമ്പ്രദായം ആകാശത്തുനിന്ന് പൊട്ടിവീഴുകയില്ല. അത് സംസ്‌കാരം, കാലം, ജനത, സന്ദര്‍ഭങ്ങള്‍, സ്വഭാവം എന്നിവയുടെ ഉത്പന്നമാണ്. സ്വാതന്ത്ര്യത്തിന്റെ നിര്‍വഹണത്തില്‍നിന്ന്, നടത്തിപ്പില്‍നിന്നാണത് ജന്മമെടുക്കുന്നത്. നിരീക്ഷിക്കാനും പ്രതിഫലിപ്പിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം, ആശയങ്ങളില്‍ അതിസൂക്ഷ്മഭേദങ്ങള്‍ വരുത്തുകയും മാറ്റിമറിക്കുകയും ചോദ്യംചെയ്യുകയും അനുസൃതമാക്കുകയും പുനഃസങ്കല്പിക്കുകയും വിവിധ സ്വരങ്ങള്‍ ഒരുമിച്ചു സംയോജിപ്പിക്കുകയും ചെയ്യപ്പെടാന്‍ അനുവദിക്കുന്നു. സമ്പ്രദായമെന്നത് അതിനാല്‍, ഏകാത്മകമാക്കുന്ന പ്രക്രിയയല്ല, മറിച്ച് ബഹുസ്വരതയ്ക്ക് സൗന്ദര്യാത്മകമായ ഒരുമ അഥവാ ഏകത്വം നല്‍കുന്നതിനുള്ള മാര്‍ഗമാണ്. ഈ സൗന്ദര്യാത്മക ഐക്യം വ്യത്യസ്തഭാഷ്യങ്ങളെ അഥവാ വ്യാഖ്യാനങ്ങളെ ഞെരിച്ചില്ലാതാക്കുകയോ ഏകത്വത്തെ അടിച്ചമര്‍ത്തുകയോ ചെയ്യുന്നില്ല, മറിച്ച് അവയ്ക്ക് ഇടംനല്‍കുകയും പരസ്പരവ്യവഹാരം അനുവദിക്കുകയുമാണു ചെയ്യുന്നത്. വ്യത്യസ്തതകള്‍ എങ്ങനെ തമ്മില്‍ ഇഴചേര്‍ന്നുപിണഞ്ഞു നിലകൊള്ളുന്നു എന്നതാണ് വിസ്മയകരം. ഒരു രാഗത്തിനുതന്നെ ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ട്; ഒരു സ്വരം ചേര്‍ക്കുകയോ മറ്റൊന്ന് ഒഴിവാക്കുകയോ, ഒന്ന് വിട്ടുകളയുകയോ മറ്റൊന്ന് ഇരട്ടിപ്പിക്കുകയോ ആകാം. വ്യത്യസ്ത സംഗീതജ്ഞര്‍ കൈകാര്യംചെയ്യുന്ന ഒരേ പദത്തിന് ഒട്ടേറെ വര്‍ണങ്ങളാണുണ്ടാകുക. ഇതാണ് സമ്പ്രദായം ഒരു വിമോചന സാധ്യത. എല്ലാ സ്വരങ്ങളും കേള്‍ക്കപ്പെടുമെന്ന് ഉറപ്പാക്കുകയാണിതിന്റെ ലക്ഷ്യം. പക്ഷേയിത് മലിനമാക്കപ്പെടുകയും സമ്പ്രദായം ഞെരിച്ചമര്‍ത്തപ്പെടുകയും ചെയ്യുമ്പോള്‍, ഏറ്റവും ഉച്ചത്തിലുള്ളതു മാത്രമാണ് കേള്‍ക്കപ്പെടുന്നത്.

സമ്പ്രദായത്തിനുള്ളില്‍ പുഷ്ടിപ്രാപിച്ചുനില്‍ക്കുന്ന സ്വാതന്ത്ര്യവുമായാണ് സംഗീതജ്ഞര്‍ അലയുന്നത്; അതിന്റെ ഇനിയും ആലപിക്കപ്പെടാത്ത ഈണങ്ങളും വാദനംചെയ്യപ്പെടാത്ത താളങ്ങളും കേള്‍ക്കപ്പെടാത്ത ഗതികളുമായി. അവളനുഭവിക്കുകയും സൃഷ്ടിക്കുകയും വെച്ചുനീട്ടുകയും ചെയ്യുന്നതിനെല്ലാംതന്നെ ഒരുമയോടെ മൈത്രിയില്‍ ജീവിക്കാന്‍ മാത്രമാണ് കഴിയുന്നതെന്ന് അവയപ്പോള്‍ ഓര്‍മപ്പെടുത്തുന്നു. അസ്വതന്ത്രരായ ശുദ്ധകലാവാദികള്‍ക്ക്, ഇത് അചിന്തനീയമായതും ദൈവനിന്ദയുമാണ്. സംഗീതം നശിപ്പിക്കപ്പെടുന്നെന്നും കളങ്കപ്പെടുന്നെന്നും കലര്‍പ്പുകള്‍ അനുവദിക്കപ്പെടുന്നെന്നുമവര്‍ പുരപ്പുറത്തു കയറിനിന്ന് നിലവിളിക്കും, അതിനെതിരേ ജാഗ്രതയാവശ്യപ്പെടും. സമ്പ്രദായവും സ്വാതന്ത്ര്യവും നിശ്ശബ്ദരായി, പുഞ്ചിരിയോടെ നോക്കിനില്‍ക്കുകയും ചെയ്യും... അത്തരം സാഹചര്യത്തില്‍നിന്നാണ് സംഗീതത്തിന് അതിന്റെ പ്രാണവായു ലഭിക്കുന്നത്. ഇതാണ് ഇന്ത്യയെക്കുറിച്ചുള്ള എന്റെ സ്വപ്നം.

(പരിഭാഷ: സ്മിത മീനാക്ഷി)