ബ്രിട്ടീഷുകാരുടെ ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തഞ്ചാം വാര്‍ഷികം കൊണ്ടാടുന്ന ഇന്ന് രാജ്യത്തുടനീളം നമ്മുടെ ദേശീയപതാക ഉയര്‍ത്തുന്നതാണല്ലോ പ്രധാന ചടങ്ങ്. പതാക ഉയര്‍ത്തുമ്പോഴും അതു കഴിഞ്ഞും ഇപ്പോള്‍ മുഖ്യമായും പാടുന്നത് നമ്മുടെ ദേശീയഗാനമായ ജനഗണമനയാണെങ്കിലും മുമ്പുമുതല്‍ പതാകഗാനം എന്ന നിലയില്‍ പേരെടുത്ത ഒരുപാട്ട് വമ്പിച്ച പ്രാധാന്യത്തോടെ കേള്‍ക്കാമായിരുന്നു. കവിയും ഗാനരചയിതാവും പാര്‍ഷദ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുകയും ചെയ്ത ശ്യാംലാല്‍ ഗുപ്ത എഴുതിയ ഗാനമാണ്.

1924-മാര്‍ച്ചില്‍ ദേശഭക്തിഗാനമായിട്ടാണ് ഗുപ്ത ആ ഗാനം രചിച്ചത്. കാന്‍പുരിലെ ഖന്ന പ്രസ് അതു പ്രസിദ്ധീകരിക്കുകയും അയ്യായിരത്തിലേറെ പ്രതികള്‍ വിറ്റുപോവുകയും ചെയ്തു. അതോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതു പതാകാഗാനമായി അംഗീകരിച്ചു. 1924 ഏപ്രില്‍ 13-ന് ജലിയന്‍ വാലാബാഗ് ദിനാചരണത്തില്‍ കാന്‍പുരിലെ ഫുള്‍ബാഗ് എന്ന സ്ഥലത്ത് ജവാഹര്‍ലാല്‍ നെഹ്രു പങ്കെടുത്ത ഒരു സമ്മേളനത്തിലാണ് ഈ ഗാനം ആദ്യമായി പാടിയത്. 

1938-ല്‍ മഹാത്മാഗാന്ധി, മോത്തിലാല്‍ നെഹ്രു, ജവാഹര്‍ലാല്‍ നെഹ്രു, േഡാ. രാജേന്ദ്രപ്രസാദ്, ഗോവിന്ദ് വല്ലഭ് പന്ത്, ജമ്നാലാല്‍ ബജാജ്, മഹാദേവ് ദേശായ്, പുരുഷോത്തംദാസ് ടണ്ഠന്‍ എന്നിവരൊക്കെ പങ്കെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഹരിപുര സമ്മേളനത്തില്‍ ഈ ഗാനം സരോജിനി നായിഡു ആലപിച്ചു. പത്തുവര്‍ഷത്തിനുശേഷം 1948-ല്‍ ഇതേഗാനം ലളിത് ചന്ദ്രമേത്ത സംവിധാനം ചെയ്ത 'ആസാദ് കീ രാഹ്പര്‍' എന്ന ചിത്രത്തില്‍ ഉപയോഗപ്പെടുത്തി. പൃഥ്വിരാജ് കപൂറും വനമാലയും മുഖ്യവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രസ്തുത ചിത്രത്തില്‍ ഈ ഗാനം ശേഖര്‍ കല്യാണ്‍ ചിട്ടപ്പെടുത്തി സരോജിനി നായിഡു ആലപിച്ചു. ഹിന്ദിയില്‍ രചിച്ച ഗാനത്തില്‍ വരികള്‍ ഇപ്രകാരമാണ്.

'വിജയീ വിശ്വതിരംഗാപ്യാരാ,

ഝംടാ ഊംചാ രഹേ ഹമാരാ,

സദാശക്തി ബര്‍സാനേ വാലാ,

പ്രേം സുധാ സര്‍സാനേ വാലാ

വീരോം കൊ ഹര്‍ഷാനേ വാലാ,

മാതൃഭൂമി കാ തന്‍മന്‍ സാരാ

സ്വതന്ത്രതാ കേ ഭീഷണ്‍ രണ്‍ മെ,

രഖ് കര്‍ ജോഷ് ബഡേക്ഷണ്‍, ക്ഷണ്‍മെ,

കാപേ ശത്രു ദേഖ്കര്‍ മന്‍ മെ,

മിട്ട് ജായേ ഭയ് സങ്കട് സാരാ.

ഇസ് ത്ധംടേ കെ നീച്ചേ നിര്‍ഭയ്,

ഹോ സ്വരാജ് ജനതാ കാ നിശ്ചയ്,

ബോലോ ഭാരത്മാതാ കീ ജയ്,

സ്വതന്ത്രതാ ഹീ ധ്യേയ് ഹമാരാ

ആവോ പ്യാരോ വീരോം ആവോ,

ദേശ് ധര്‍മ് പര്‍ ബലി-ബലി ജാവോ

ഏക്ക് സാത്ഥ് സഞ്ച് മില്‍കര്‍ ഗാവോ,

പ്യാരാ ഭാരത്ദേശ് ഹമാരാ

ഷാന്‍ ന ഇന്‍കി ജാനേ പായേ,

ചാഹേ ജാന്‍ ഭലേ ഹി ജായേ,

വിശ്വവിജയീ കര്‍ കേ ദിഖ്ലായേ,

തബ്ഹോ പ്രാണ്‍ പൂര്‍ണ് ഹമാരാ''

ഈ ഗാനത്തിന്റെ ആശയം

മലയാളത്തില്‍ ഏതാണ്ട് ഇങ്ങനെ പറയാം:

'നമ്മുടെ പതാക ഉയര്‍ന്നു പറക്കട്ടെ,

വിശ്വവിജയിയായ പ്രിയപ്പെട്ട ത്രിവര്‍ണ പതാക!

നമ്മുടെ പതാക ഉയര്‍ന്നു പറക്കട്ടെ!

സദാ ശക്തി പകര്‍ന്നുനല്‍കുന്നത്,

സ്‌നേഹസുധ പ്രവഹിപ്പിക്കുന്നത്,

ധീരന്മാര്‍ക്ക് ആഹ്‌ളാദം പകരുന്നത്,

മാതൃഭൂമിയുടെ സമ്പൂര്‍ണമായ ശരീരവും മനസ്സുമായത്!

സ്വാതന്ത്ര്യത്തിന്റെ കഠിനമായ സമരത്തില്‍ ഓരോ നിമിഷവും ആവേശം പകരുന്നത് ശത്രുവിനെ നേരിടുമ്പോള്‍ മനസ്സില്‍നിന്ന് എല്ലാ ഭീതിയുമകലുന്നത് ഈ പതാകയുടെ കീഴില്‍ ഭയരഹിതമായി സ്വരാജ്യത്തിലെ ജനത നിശ്ചയദാര്‍ഢ്യത്തോടെ ഭാരതമാതാവ് വിജയിക്കട്ടെ എന്ന് ഉദ്ഘോഷിക്കുന്നു! സ്വാതന്ത്ര്യം തന്നെയാണ് നമ്മുടെ ലക്ഷ്യം! ഇതിന്റെ പ്രൗഢി നിലനിര്‍ത്താന്‍ ജീവന്‍ വെടിയേണ്ടിവന്നാലും വിശ്വവിജയം നേടുമ്പോഴാണ്, നമ്മുടെ ജന്മം സഫലമാകുന്നത്.

1896 െസപ്റ്റംബര്‍ ഒമ്പതിന് ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ വിശ്വേശ്വര്‍ പ്രസാദിന്റെയും കൗസല്യാദേവിയുടെയും ഇളയപുത്രനായിട്ടാണ് ശ്യാം ലാല്‍ ജനിച്ചത്. കുടുംബം വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും അതില്‍ താത്പര്യം പ്രകടിപ്പിക്കാതെ അദ്ദേഹം അധ്യാപനവൃത്തിയില്‍ ഏര്‍പ്പെടുകയായിരുന്നു. കാന്‍പുരിലെ വിവിധ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ സ്വാതന്ത്ര്യസമരത്തിലും മറ്റും പങ്കുചേരാന്‍ അദ്ദേഹം തയ്യാറായി. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ പലതവണ അറസ്റ്റുചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ ചെരിപ്പും കുടയും ഉപയോഗിക്കുകയില്ല എന്ന ശപഥം അക്ഷരംപ്രതി പാലിച്ച ആളായിരുന്നു അദ്ദേഹം.

1952 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷ സമയത്ത് ശ്യാംലാലിന് സ്വന്തം പതാകാഗാനം വേദിയില്‍ ആലപിക്കാന്‍ അവസരം ലഭിച്ചു. 1969-ല്‍ അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം ലഭിക്കുകയുണ്ടായി. 1972-ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ശ്യാംലാലിനെ സ്വാതന്ത്ര്യസമരസേനാനി എന്ന നിലയില്‍ ആദരിച്ചു. 1977 ഓഗസ്റ്റ് 10-ന് 81-ാം വയസ്സിലാണ് കറകളഞ്ഞ ഈ രാജ്യസ്‌നേഹി അന്തരിച്ചത്. ശ്യാംലാല്‍ ഗുപ്ത രചിച്ച പതാകാഗാനം ശ്രദ്ധിച്ചാല്‍ നമുക്കു മനസ്സിലാകുന്നത് അതിന്റെ ഓരോ വരിയിലും സ്വന്തം മാതൃരാജ്യത്തോടുള്ള ആര്‍ജവവും ആദരവും തുടിച്ചുനില്‍പ്പുണ്ട് എന്നത്രേ. കാലം ഇത്രയേറെയായിട്ടും ഈ ഗാനത്തിന് അല്പംപോലും വീര്യം ചോര്‍ന്നിട്ടില്ല എന്ന വസ്തുത എടുത്തുപറയാതെ വയ്യ.

ഇതു വടക്കേയിന്ത്യയിലെ കാര്യമാണെങ്കില്‍ നമ്മുടെ കൊച്ചു കേരളത്തിലും സമാനമായ ഒരു ഗാനം പിറന്നിട്ടുണ്ട്. കവിയും ഗാനരചയിതാവുമായ തിരുനല്ലൂര്‍ കരുണാകരനാണ് അതിന്റെ രചയിതാവ്.

''പാറുക പാറുക ഹിമശൈലോപരി

പാവനവിജയ പതാകേ!

ഭാരതജനതാ പ്രാണസ്പന്ദന-

ചാലിത വീരപതാകേ!''

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിരയാണല്ലോ ഹിമാലയം. പരിശുദ്ധവും വിജയപ്രതീകവുമായ ഭാരത ദേശീയപതാക അപ്പോള്‍ അതിനു മുകളില്‍ പറക്കട്ടെ എന്ന് അഭിമാനത്തോടും അതിരറ്റ ആഹ്ലാദത്തോടും കൂടി കവി പറയുന്നതിന് ഏറെ സാംഗത്യമുണ്ട്. വിശ്വം മുഴുവന്‍ ഭാരതത്തിന്റെ യശസ്സ് പരക്കട്ടെ എന്ന പരോക്ഷമായ സൂചന ഈ വരികള്‍ ഉള്‍ക്കൊള്ളുന്നു. വെറും പതാകയല്ലത്. ഭാരതത്തിലെ ജനങ്ങളുടെ തുടിക്കുന്ന പ്രാണനില്‍ ചാലിച്ച വീരപതാകയാണിത്.

''വിണ്‍നീലിമയില്‍ നീ മായാതെഴു-

മിന്ദ്രധനുസ്സായ് വിലസുമ്പോള്‍

കാശ്മീരിന്റെ വസന്തം തെക്കന്‍-

കാറ്റിനെ മുകരാന്‍ വെമ്പുന്നു.''

ഹിമാലയ പര്‍വതത്തിന്റെ മുകളിലാണ് പതാക പാറുന്നത് എന്നതിനാല്‍ അത് ആകാശസീമയിലാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. അവിടെ മായാതെഴുന്ന ഇന്ദ്രധനുസ്സായി (ഇന്ദ്രധനുസ്സ്- മഴവില്ല്) പതാക പാറുകയാണ്. ഇന്ത്യയുടെ പൂന്തോട്ടം എന്നാണ് കശ്മീര്‍ അറിയപ്പെടുന്നത്. കശ്മീരിന്റെ വസന്തം തെക്കന്‍ കാറ്റിനെ മുകരാന്‍ വെമ്പുന്നു. ഈ വരികളിലൂടെ തിരുനെല്ലൂര്‍ കരുണാകരനിലെ കവി രണ്ടു ലക്ഷ്യങ്ങള്‍ സാധിച്ചിരിക്കുന്നു. കശ്മീരിലെ ഏതു വിഭവവും തെക്ക് കന്യാകുമാരിവരെ എത്തും എന്ന സൂചനയാണ് ആദ്യത്തേത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തെക്കെന്നോ വടക്കെന്നോ ഉള്ള പക്ഷഭേദം ലേശവുമില്ലെന്നും എല്ലാവിഭാഗം ജനങ്ങളും ഐക്യത്തോടെ പാര്‍ക്കുന്നതാണ് ഇവിടത്തെ സവിശേഷത എന്നതുമാണ് മറ്റൊന്ന്.

കന്നിനിലങ്ങളില്‍ വിത്തുവിതയ്ക്കാന്‍ കര്‍ഷകലക്ഷമിറങ്ങുമ്പോള്‍ അവരുടെ അധ്വാനത്തിനും ആവേശത്തിനും മുകളില്‍ ഈ പൊന്‍പതാക പറക്കണം. കൂടാതെ, പുതുയുഗപ്പിറവിയുടെ വാഗ്ദാനമായും വികസനത്തിന്റെ ആശാമഞ്ജരിയായും എല്ലാ ഭാരതീയരുടെയും കരളുകളിലും കൈകളിലും ഈ ധീരപതാക നിത്യവും വിലസണം. ഇത്തരം ആഹ്വാനങ്ങളോടെയാണ് ഈ ഗാനം പൂര്‍ണമാവുന്നത്.

പതാക ഉയര്‍ത്തുമ്പോള്‍ ഏതു ദേശഭക്തിഗാനം വേണമെങ്കിലും ആലപിക്കാം. എങ്കിലും അതിനുവേണ്ടി വിരചിതമായ പാട്ടുകളുള്ളപ്പോള്‍ അവ പാടുകയല്ലേ കൂടുതല്‍ ഉചിതം?

content highlights: independence day 2021