ഒരുവശത്ത് സ്വാതന്ത്ര്യമെന്നത് മറുവശത്ത് വിഭജനമായിരുന്നു. മണ്ണുമാത്രമല്ല, മനുഷ്യരും രണ്ടുചേരികളിലായി. പോർവിളികൾ ഗാന്ധിജിയുടെ ചെവിയിൽ  മുൻകൂട്ടി എത്തിയിട്ടുണ്ടാകണം. ഒരിക്കൽ വിഭജനത്തെ അനുകൂലിക്കുന്ന ഒരു സ്ത്രീ അദ്ദേഹത്തോട് ചോദിച്ചു: ‘‘ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന രണ്ടു സഹോദരന്മാർ നാളെ രണ്ടു വീട്ടിൽ താമസിക്കാമെന്ന് തീരുമാനിച്ചാൽ നിങ്ങൾ അതിനെ എതിർക്കുമോ?’’ എന്ന്. 

ഗാന്ധിജി അതിനുനൽകിയ മറുപടി ഇപ്രകാരമാണ്: ‘‘നമുക്ക് രണ്ടു സഹോദരന്മാരെപ്പോലെ പിരിയാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ. പക്ഷേ, ഇതങ്ങനെയെല്ല. ഇവിടെ ചോരപ്രളയം ഉണ്ടാകും’’. ഇക്കാര്യം മനസ്സിലാക്കാൻ വിഭജനപദ്ധതിയുടെ ഉപജ്ഞാതാവായ മൗണ്ട് ബാറ്റൺ ഏറെ വൈകി. പടിഞ്ഞാറ് പഞ്ചാബും കിഴക്ക് ബംഗാളും മുൾമുനയിലായി. സ്വാതന്ത്ര്യദിനത്തിൽ കലാപത്തിനുള്ള സകലസാധ്യതകളുമുണ്ട്. പഞ്ചാബിന്റെ കാര്യത്തിൽ മൗണ്ട് ബാറ്റൺ കുറേക്കൂടി ആത്മവിശ്വാസം കാണിച്ചു. 55,000 പേരുടെ അതിർത്തിസേനയുണ്ടാക്കി പ്രശ്നബാധിത മേഖലകളിൽ വിന്യസിച്ചു. പക്ഷേ, ബംഗാൾ... മൗണ്ട് ബാറ്റൺ ഗാന്ധിജിയെക്കണ്ടു പറഞ്ഞു: ‘‘ബംഗാളിലേക്ക് ഞാൻ സൈന്യത്തെ അയക്കുന്നില്ല. കാരണം അവിടെ എന്തുസംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. കൊൽക്കത്ത കത്തിയെരിയും. പക്ഷേ, കൊൽക്കത്ത ശാന്തമാണെങ്കിൽ ബംഗാൾ മുഴുവനും രക്ഷപ്പെടും’’. മൗണ്ട് ബാറ്റണ്‌ പ്രതീക്ഷ അവശേഷിച്ച ഏകാംഗസൈന്യമായിരുന്നു ഗാന്ധിജിയപ്പോൾ. അദ്ദേഹം കൊൽക്കത്തയിൽ തങ്ങിയാൽ പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്ന് മൗണ്ട് ബാറ്റൺകണക്കുകൂട്ടി. 

പക്ഷേ, ഗാന്ധിജിക്ക് മറ്റു പദ്ധതികളുണ്ടായിരുന്നു. കിഴക്കൻ ബംഗാളിലെ നവഖാലിയിൽ ഹിന്ദുന്യൂനപക്ഷം തന്നെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന് അറിയാം. മാസങ്ങൾക്കുമുമ്പാണ് നവഖാലിയിൽ രൂക്ഷമായ വർഗീയകലാപം ഉണ്ടായത്. ഒടുവിൽ ഗാന്ധിജി അവിടെയെത്തി സമാധാനം പുനഃസ്ഥാപിച്ചു. ഭൂരിപക്ഷ മുസ്‌ലിങ്ങളുടെ വീടുകൾ കയറിയിറങ്ങി ന്യൂനപക്ഷ ഹിന്ദുക്കളെ ഗ്രാമങ്ങളിലേക്ക് തിരിച്ചുവിളിക്കണമെന്ന് അഭ്യർഥിച്ചു. അവിടെ സാഹചര്യം ഏറക്കുറെ ശാന്തമായപ്പോഴാണ് ബിഹാറിൽ മുസ്‌ലിങ്ങൾക്കുനേരെ ഹിന്ദുക്കൾ ആയുധമെടുത്ത് ഇറങ്ങിയത്. നവഖാലിയിലെ ഭയചകിതർക്ക് താൻ തിരിച്ചുവരുമെന്ന വാക്കുനൽകി ഗാന്ധിജി ബിഹാറിലേക്കുപോയി. 

സ്വാതന്ത്ര്യദിനത്തിൽ താൻ നവഖാലിയിലുണ്ടാകണമെന്ന് ഗാന്ധിജിക്ക് നിർബന്ധമായിരുന്നു. ബിഹാറിൽനിന്നുള്ള മടക്കയാത്രയിൽ കൊൽക്കത്തയിലെ സൊദേപ്പുർ ആശ്രമത്തിൽ രണ്ടുദിവസം തങ്ങാൻ ഗാന്ധിജി തീരുമാനിച്ചു. അവിടെ അദ്ദേഹത്തെക്കാണാൻ അപ്രതീക്ഷിതമായി ഒരാളെത്തി -ഷഹീദ് സുഹ്‌റവർദി. അതുവരെ ഗാന്ധിജിയിൽനിന്ന് ഏറെ അകലെയായിരുന്നു സുഹ്‌റവർദി. എന്നുവെച്ചാൽ തീർത്തും വിരുദ്ധധ്രുവത്തിൽതന്നെ. ഗാന്ധിജിയെ വിമർശിക്കുന്നതിൽ സുഹ്‌റവർദിക്ക് ഒരിക്കലും മടിതോന്നിയിട്ടില്ല. മാത്രമല്ല, ബംഗാൾ പ്രവിശ്യയിൽ പ്രധാനമന്ത്രിയായിരുന്ന സുഹ്‌റവർദിക്കുമേൽ 1946-ലെ കൊൽക്കത്ത കൂട്ടക്കൊലയുടെ കാരണക്കാരനെന്ന ആരോപണവും പതിഞ്ഞിരുന്നു. കൊൽക്കത്തയെ അടക്കിനിർത്താൻ ഗാന്ധിജിക്ക് മാത്രമേ കഴിയൂ എന്ന് സുഹ്‌റവർദി അഭ്യർഥിച്ചു. രണ്ടു നിബന്ധനകളാണ് ഗാന്ധിജി മുന്നോട്ടുവെച്ചത്. ഒന്ന്, നവഖാലിയിലെ ഹിന്ദുക്കൾ സ്വാതന്ത്ര്യപ്പുലരിയിൽ സുരക്ഷിതരായിരിക്കുമെന്ന് അവിടത്തെ മുസ്‌ലിം നേതാക്കൾ വാക്കുനൽകണം. രണ്ട്, സ്വാതന്ത്ര്യദിനത്തലേന്ന് സുഹ്‌റർവാദി തനിക്കൊപ്പം കഴിയണം. രണ്ടു നിബന്ധനകളും സുഹ്‌റവർദി സമ്മതിച്ചു. 

ബേലിഘട്ടിലെ ഒറ്റപ്പെട്ട ഒരു വീട്ടിലേക്ക് അവർ താമസംമാറി. ഗാന്ധിജിയുടെ പതിവ് പ്രാർഥനാസംഗമത്തിൽ സുഹ്‌റവർദി പങ്കെടുത്തില്ലെന്നു കണ്ടതോടെ ചില ഹിന്ദു ചെറുപ്പക്കാർ ബഹളംവെച്ചു. അവർ സുഹ്‌റവർദിയെ ചോദ്യംചെയ്യാൻ തുടങ്ങി. ‘‘കൊൽക്കത്ത കൂട്ടക്കൊലയുടെ ഉത്തരവാദിത്വത്തിൽനിന്ന് നിങ്ങൾക്ക് ഒഴിഞ്ഞുമാറാൻ സാധിക്കുമോ?’’ കോപാകുലരായ ചെറുപ്പക്കാർ അലറി. സുഹ്‌റവർദി പറഞ്ഞു: ‘‘ഇല്ല. ഞാൻ അതിൽ ഖേദിക്കുന്നു’’. ഗാന്ധിജി ചെറുപ്പക്കാരോട് പറഞ്ഞു: ‘‘ഒരാൾ തന്റെ തെറ്റ് പൊതുജനമധ്യത്തിൽ ഏറ്റുപറയുന്നതിനെക്കാൾ വലിയ പ്രായശ്ചിത്തമില്ല. ഇനി അയാളെ വെറുതേ വിടൂ’’. അങ്ങനെ ആ രംഗം അവസാനിച്ചു. ബേലിഘട്ടിലെ ആ വീട്ടിൽ ഒരു കൂരയ്ക്കുകീഴിൽ രണ്ട് രാഷ്ട്രീയവൈരുധ്യങ്ങൾ അന്തിയുറങ്ങി. 
സ്വാതന്ത്ര്യദിനത്തലേന്ന് ഉപവസിക്കാൻ ഗാന്ധിജി തീരുമാനിച്ചു.

രാജ്യത്തിന്റെ നിർണായക ദിവസമാണിത്. ഇതുവരെ എത്തിയതിലും ഇനിയങ്ങോട്ട് ശരിയുടെ പാതയിൽ മുന്നോട്ടുപോകുന്നതിനും ദൈവത്തോട്ട് നന്ദിപറയുകയും പ്രാർഥിക്കുകയും വേണമെന്ന് അദ്ദേഹം അനുയായികളെ ഓർമിപ്പിച്ചു. ഗാന്ധിജി ഒഴികെ മറ്റെല്ലാവരും വരാനിരിക്കുന്ന പുലരിയെക്കുറിച്ചോർത്ത് ആശങ്കപ്പെട്ടുകൊണ്ടാണ് കിടപ്പറയിലേക്ക് പോയത്. പിറ്റേന്ന് രാവിലെ ആശങ്കകളോടെ കണ്ണുതുറന്നവരാരും കലാപത്തിന്റെ കരച്ചിലുകൾ കേട്ടില്ല. പകരം സ്വാതന്ത്ര്യത്തിലേക്കുണർന്ന പൗരന്മാരുടെ ദേശഭക്തിഗാനങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. 
അന്ന് ഗാന്ധിജിക്കൊപ്പമുണ്ടായിരുന്ന ഹൊറാസ് അലക്‌സാണ്ടർ എന്ന ഇംഗ്ലീഷുകാരൻ പിന്നീട് ഇങ്ങനെ എഴുതി: ‘സുഹൃത്തുക്കൾവന്ന് എന്നോട് പറഞ്ഞു, വരൂ, പുറത്ത് എന്താണ് നടക്കുന്നതെന്ന് കാണൂ എന്ന്. അവിടെ കണ്ടതിനെയെല്ലാം മായാജാലം എന്നല്ലാതെ എനിക്ക് വിശേഷിപ്പിക്കാനാവില്ല. വർഗീയതയുടെ ഇരുൾമൂടിക്കിടന്ന നഗരത്തിൽ വീണ്ടും സന്തോഷത്തിന്റെ സൂര്യനുദിച്ചിരിക്കുന്നു’. 

content highlights: independence day 2021