തന്റെ പിറന്നാൾ ദിനമായ ഓഗസ്റ്റ്‌ 15-ന്‌ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ച വേളയിൽ അരവിന്ദ​ഘോഷ്‌ നൽകിയ സന്ദേശം

‘‘ഓഗസ്റ്റ്‌ 15-ാനു സ്വതന്ത്ര ഇന്ത്യയുടെ ജന്മദിനമാണ്, അവൾക്ക് അത് ഒരു പഴയ യുഗത്തിന്റെ അന്ത്യത്തെയും ഒരു പുതുയുഗത്തിന്റെ ആരംഭത്തെയും കുറിക്കുന്നു. എന്നാൽ, നമ്മൾക്ക് മാത്രമല്ല, ഏഷ്യക്കും ലോകത്തിനുമുഴുവനും അത് അർഥഗർഭമാണ്. കാരണം, എത്രയോ കഴിവുകൾ ഉൾക്കൊള്ളുന്നതും മാനവസമുദായത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ ഭാവി നിർണയിക്കുന്നതിൽ ഒരു മഹത്തായ പങ്കുവഹിക്കാനുള്ളതുമായ ഒരു പുതിയ ശക്തി രാഷ്ട്രസമുച്ചയത്തിൽ പ്രവേശിക്കുന്നതിനെയാണ് അത് കുറിക്കുന്നത്. 

എന്റെ സ്വന്തം ജന്മദിനമെന്ന നിലയ്ക്ക് എനിക്കുമാത്രം പ്രാധാന്യമുണ്ടായിരുന്നതും എന്റെ ജീവിതസിദ്ധാന്തം അംഗീകരിച്ചിട്ടുള്ളവർ പ്രതിവർഷം ആഘോഷിച്ചുവരുന്നതുമായ ഈ തീയതിക്ക് ഇത്രവിപുലമായ ഒരു പ്രാധാന്യം സിദ്ധിച്ചത് എനിക്ക് ചാരിതാർഥ്യം നൽകുന്നത് സ്വാഭാവികമാണ്. ഒരു ജ്ഞാനാർഥവാദിയെന്ന നിലയ്ക്ക്, ഈ പൊരുത്തത്തെ ഒരു വെറും ആകസ്മികസംഭവമായല്ല ഞാൻ കണക്കാക്കുന്നത്-ഏത് പ്രവൃത്തിയോടുകൂടി ഞാൻ ജീവിതമാരംഭിച്ചുവോ അതിൽ എനിക്കു വഴികാണിച്ചുതരുന്ന ആ ദിവ്യശക്തിയുടെ ഒരു അനുശാസനവും മുദ്രയുമായിട്ടാണ്. 

എന്റെ ആയുഷ്‌കാലത്തിലുള്ളിൽ പൂർത്തിയായിക്കാണാൻ ആശിച്ചിരുന്ന എല്ലാ അഖിലലോകപ്രസ്ഥാനങ്ങളും അന്ന് അവ വെറും ദുഷ്പ്രാപ്യങ്ങളായ സ്വപ്നങ്ങൾ പോലിരുന്നെങ്കിലും ഈദിവസം അവയെല്ലാം ആരംഭിക്കപ്പെട്ട് ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുന്നതായിട്ട്‌ എനിക്ക് കാണാൻ കഴിയുന്നുണ്ട്.’’

content highlights: independence day 2021