image
വര: ലിജീഷ്‌ കാക്കൂർ

സ്വാതന്ത്ര്യസമര പോരാട്ടത്തിന് മൂർച്ച പകരാൻ ധീരനായ ഒരു ചെറുപ്പക്കാരനെ സമ്മാനിച്ച ഗ്രാമമാണ് വക്കം. സുഭാഷ്ചന്ദ്രബോസിന്റെ ഐ.എൻ.എ.യിലെ സമരഭടൻ വക്കം ഖാദറെന്ന മുഹമ്മദ് അബ്ദുൾ ഖാദറെന്ന ധീരരക്തസാക്ഷിയുടെ ജന്മംകൊണ്ട് ധന്യമായ കൊച്ചുഗ്രാമം. ചിറയിൻകീഴ് താലൂക്കിലെ വക്കം കായിക്കരക്കടവിലെ കടത്തുകാരൻ വാവാക്കുഞ്ഞിന്റെയും ഉമ്മസ്സലുമ്മയുടെയും നാലു മക്കളിൽ മൂത്തയാളായി 1917 മേയ് 25-നാണ് മുഹമ്മദ് അബ്ദുൾ ഖാദർ എന്ന വക്കം ഖാദർ ജനിച്ചത്. തന്റെ ഇരുപത്തിയാറാം വയസ്സിൽ മരണഭയമില്ലാതെ മാതൃരാജ്യത്തിനായി ജീവൻ കൊടുത്ത ദേശസ്നേഹി. 

വക്കം ഖാദറിന്റെ അനുജൻ അബ്ദുൾ റഹീമിന്റെ മകൻ അക്ബറിന്റെ മകനായ അനസ്സ് അക്ബറും സഹോദരങ്ങളും അമ്മ ന്യൂട്ടൺ അക്ബറുമാണ് വക്കം ഖാദറിന്റെ ബന്ധുക്കളായി ഇപ്പോൾ വക്കത്തുള്ളത്. ഖാദറിന്റെ ദീപ്തമായ സ്മരണ നിലനിർത്താനും പുതിയതലമുറയ്ക്ക് എന്നും ഓർമിക്കാനും ഉതകുന്ന വക്കം കായിക്കരക്കടവിലെ വക്കം ഖാദർ സ്മാരകം പണികഴിപ്പിക്കാൻ മുന്നിൽ നിന്നത് തന്റെ വാപ്പ അക്ബറാണെന്ന് അനസ്സ് ഓർമിക്കുന്നു. 

അവസാനശ്വാസം വരെയും ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയുടെ ജ്വലിക്കുന്ന സന്ദേശമായിരുന്നു വക്കം ഖാദർ എന്ന ധീരരക്തസാക്ഷിയുടേത്. കുടുംബത്തോടൊപ്പം ഏറെനാൾ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും മാതൃരാജ്യത്തിനുവേണ്ടി സധൈര്യം മരണത്തെ വരിക്കാൻ  സന്തോഷത്തോടെ തയ്യാറാകുന്നതായി ഖാദർ മരിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ് തന്റെ വാപ്പയ്ക്കെഴുതിയിരുന്നു. 1943 സെപ്റ്റംബർ 10-ന് പുലർച്ചെ മദ്രാസ് സെൻട്രൽ ജയിലിൽ കൂട്ടാളികൾക്കൊപ്പം തൂക്കിലേറ്റുമ്പോൾ, തന്നെ ഒരു ഹിന്ദു സഹോദരനോടൊപ്പം മരിക്കാൻ അനുവദിക്കണമെന്ന അഭ്യർഥനയായിരുന്നു അപ്പോഴും. ഹിന്ദുവും മുസൽമാനും ഒന്നാണെന്ന സന്ദേശം മരണത്തിലും നൽകിയായിരുന്നു ഖാദറിന്റെ മടക്കം. ഖാദറിന്റെ അഭ്യർഥന മാനിച്ച് അനന്തൻ നായരോടൊപ്പം ഒരു കഴുമരത്തിലാണ് തൂക്കിലേറ്റിയത്.

കേരളത്തിന്റെ ഭഗത്സിങ്ങായി നാം ഓർമിക്കുമ്പോഴും അദ്ദേഹത്തിന്റെ ധീരസ്മരണ ഒരു സെന്റിൽ ഒതുങ്ങിയ സ്തൂപം മാത്രമായി അവശേഷിക്കുന്നു. ഖാദറിന്റെ ജന്മഗൃഹം ഉണ്ടായിരുന്ന ഭൂമി ഒരിക്കൽ കൈവിട്ടെങ്കിലും ബന്ധുതന്നെ തിരികെ വാങ്ങി. എന്നിട്ടും സ്മാരകനിർമാണത്തിന് ഒടുവിൽ ഒരു സെന്റ് ഭൂമി മാത്രമാണ് ലഭിച്ചത്. പിൽക്കാലത്ത് വക്കം ഖാദറിന്റെ സ്മരണ നിലനിർത്താൻ വർക്കല രാധാകൃഷ്ണന്റെ ശ്രമഫലമായി നിലയ്ക്കാമുക്കിൽ ലഭിച്ച ഭൂമിയിലാണ് വക്കംഖാദർ അസോസിയേഷൻ ആൻഡ്‌ റിസർച്ച് ലൈബ്രറി സ്ഥാപിച്ചത്.  തന്റെ ഇരുപത്തിയാറാം വയസ്സിലാണ്  രാജ്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി വക്കം ഖാദർ സ്വന്തം ജീവൻ ബലിയർപ്പിച്ചത്. നെടുങ്ങണ്ട ശ്രീനാരായണ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ അഞ്ചുരൂപ പോലീസിന്റെ അതിക്രമങ്ങൾക്കെതിരേ പഠിപ്പുമുടക്കിന് നേതൃത്വം നൽകിയാണ് സമരപോരാട്ടക്കളത്തിലേക്കുള്ള ഖാദറിന്റെ ആദ്യ ചുവട്. ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ മഹാത്മാഗാന്ധിയെ കൂട്ടുകാർക്കൊപ്പം കടയ്ക്കാവൂർ റെയിൽവേസ്റ്റേഷനിലെത്തി കണ്ട് കരം ഗ്രഹിച്ച് മുത്തം നൽകാൻ കഴിഞ്ഞത് പിൽക്കാലത്ത്

പിറന്നനാടിനുവേണ്ടി പ്രവർത്തിക്കാൻ ഖാദറിന് പ്രചോദനമായി. സ്റ്റേറ്റ് കോൺഗ്രസിലൂടെയാണ് വക്കം ഖാദർ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ എത്തിയത്. 1938-ൽ ജോലി തേടി സിങ്കപ്പൂരിൽ പോയ വക്കം ഖാദർ അവിടെ ഇൻഡിപെൻഡന്റ് ലീഗിന്റെ പ്രവർത്തകനായി. പിന്നീട് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്റർ നാഷണൽ ആർമിയുടെ മുന്നണി പോരാളികളിലൊരാളായി. ബ്രട്ടീഷ് ഗവൺമെന്റിനെതിരേ ചാരവൃത്തി നടത്താൻ നിയോഗിക്കപ്പെട്ട് ഇന്ത്യയിലെത്തിയ 20 അംഗ ചാവേറുകളിൽ ഒരാളായിരുന്നു വക്കം ഖാദർ. എന്നാൽ, സ്വപ്നസാക്ഷാത്കാരത്തിനുമുമ്പേ വക്കം ഖാദറിനെയും സംഘത്തെയും ബ്രട്ടീഷ് പട പിടിച്ചു. 1942-ൽ പെനാങ്ക് തുറമുഖത്തുനിന്ന് മുങ്ങിക്കപ്പലിൽ സഞ്ചരിച്ച് ഇൻഡ്യയിലിറങ്ങാനുള്ള ശ്രമത്തിനിടെ താനൂർ കടപ്പുറത്തുവെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. കൊടിയ പീഡനങ്ങൾക്കൊടുവിൽ നടന്ന പട്ടാളവിചാരണയ്ക്കുശേഷം വക്കം ഖാദർ, ഫൗജാസിങ്‌, സത്യചന്ദ്രബർദാൻ, അനന്തൻ നായർ, ബോണിഫസ് പെരേര തുടങ്ങിയവരെ തൂക്കിക്കൊല്ലാൻ വിധിച്ചു. റിവ്യൂ ഹർജിയിൽ ബോണിഫസ് പെരേരയുടെ ശിക്ഷയിൽ ഇളവുലഭിച്ചു. 

തൂക്കിലേറ്റുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുമ്പ് വക്കം ഖാദർ പിതാവിനും ബോണിഫസ് പെരേരയ്ക്കും എഴുതിയ കത്തുകൾ ഒരു യഥാർഥ രാജ്യസ്നേഹിയുടെ സാക്ഷ്യപത്രവും ചരിത്രരേഖയുമാണ്. നാടിനും അല്ലാഹുവിനും നന്ദി പറഞ്ഞാണ് ബാപ്പയ്ക്കയച്ച കത്താരംഭിക്കുന്നത്. അത്യന്തം വൈകാരികവും ദേശസ്നേഹം തുളുമ്പുന്നതുമായിരുന്നു ആ കത്ത്. ‘ഞാൻ എത്രത്തോളം ധൈര്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും മരിച്ചുവെന്ന് നിങ്ങൾ അറിയാൻ ഇടയാകുമ്പോൾ തീർച്ചയായും അഭിമാനിക്കുകതന്നെ ചെയ്യും...’ ഖാദർ കുറിച്ചിട്ടു. ലക്ഷ്യംനേടുംവരെ പോരാടാനുള്ള ആശംസയാണ് സുഹൃത്തായ ബോണിഫസ് പെരേരയ്ക്കെഴുതിയ കത്തിലെ ഉള്ളടക്കം. ഖാദറിന്റെ മരണശേഷം സുഹൃത്തായ ബോണിഫസ് പെരേര, ക്യപ്റ്റൻ ലക്ഷ്മി എന്നിവർ ഖാദറിന്റെ ഉമ്മയെ ആശ്വസിപ്പിക്കാൻ വക്കത്ത് ജന്മഗൃഹത്തിലെത്തിയിരുന്നതായി വാപ്പ പറഞ്ഞ അറിവുള്ളതായി അനസ്സ് പറഞ്ഞു.

സെപ്റ്റംബർ പത്തിന് പുലർച്ചെ ജയിലിൽനിന്ന്‌ പുറത്തിറക്കി തൂക്കുമരത്തിനടുത്തേക്ക്‌ നടത്തിക്കൊണ്ടുപോകുമ്പോൾപ്പോലും നാലുരക്തസാക്ഷികളും മുഷ്ടിചരുട്ടി നാടിന്റെ സ്വാതന്ത്ര്യത്തിനായി മുദ്രാവാക്യം മുഴക്കിയിരുന്നു. രാജ്യം മുഴുവൻ ഈ ധീരരക്തസാക്ഷിയുടെ ധൈര്യത്തിനുമുന്നിൽ തലകുമ്പിടുമ്പോഴും ജന്മഗ്രാമമായ വക്കത്ത് അർഹമായ സ്മാരകം ഇല്ലെന്ന വേദനയാണ് കുടുംബാംഗങ്ങൾക്കുള്ളത്. കായിക്കരയിൽ വക്കം അബ്ദുൾ ഖാദറിന്റെ സ്മാരക സ്തൂപത്തിന് സമീപത്തായി പതിനാറര സെന്റോളം സർക്കാർ മിച്ചഭൂമി ഉള്ളതായി റവന്യൂരേഖകളുണ്ട്. ഈ ഭൂമിയിലെങ്കിലും വക്കം ഖാദറെന്ന ധീര ദേശാഭിമാനിക്ക്‌ അർഹമായ സ്മാരകം സ്വന്തം നാട്ടിൽ ഉയർന്ന് കാണണമെന്ന ആഗ്രഹമാണ് ബന്ധുക്കൾക്കുള്ളത്. 

content highlights: independence day 2021