image
വര: മദനന്‍

ഞാൻ മൂന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യം കിട്ടിയത്. രാവിലെ സ്കൂളിൽ ചെന്നപ്പോൾ എല്ലാ ക്ലാസിലും മാറത്തു കുത്താനുള്ള കൊടികളും മൊട്ടുസൂചികളും വന്നു. അതോടൊപ്പം ഒരു പ്രസ്താവവും: ‘‘ഇന്ന് സ്കൂൾ ഇല്ല, സ്വാതന്ത്ര്യദിനമാണ്.”

സ്വാതന്ത്ര്യം എന്നാൽ, എന്താണ് എന്ന് അറിയില്ലെങ്കിലും സ്കൂൾ ഇല്ലെങ്കിൽ സ്വാതന്ത്ര്യംതന്നെ!  സന്തോഷമായി. പക്ഷേ, ശോശാമ്മ ടീച്ചർ എല്ലാവരുടെയും മാറത്ത് കൊടി കുത്തിത്തന്നിട്ടു പറഞ്ഞു: ‘‘ആരും വീട്ടിലേക്കോടരുത്. നമുക്കൊരു ജാഥ പോകണം.’’

അപൂർവമാണെങ്കിലും ജാഥകൾ നാട്ടിൽ ഉണ്ടാവാറുണ്ട്. ഏറിയാൽ പത്തിരുപതു പേരടങ്ങുന്ന ജാഥകൾ. കോൺഗ്രസുകാരാണ് നടത്താറ്. പിന്നെ ഒരാൾ ഒറ്റയ്ക്ക് ഒരു ജാഥയായി പോകാറുണ്ട്. ബീഡി തെറുപ്പുകാരൻ കുഞ്ഞു. നീണ്ട മുളവടിയിൽ ചുവപ്പുതുണി കെട്ടി ഏതോ ഭാഷയിൽ എന്തോ ഉറക്കെ വിളിച്ചു പറഞ്ഞു നടന്നുപോകും. അത് ആരും കാര്യമാക്കാറില്ല.

ഓരോ ക്ലാസിലെയും കുട്ടികളെ ടീച്ചർമാരുടെ നേതൃത്വത്തിൽ റോഡിൽ നിരത്തി നിർത്തി. ചെറിയൊരു മുളങ്കമ്പിന്റെ ഒരറ്റത്ത് മൂവർണക്കടലാസ് ഒട്ടിച്ച ഓരോ കൊടി എല്ലാവർക്കും തന്നു. ജാഥ തുടങ്ങാൻ സമയമായപ്പോൾ ആരോ ഓടിവന്നു പറഞ്ഞു, നിൽക്കട്ടെ നിൽക്കട്ടെ, കൊടി തല തിരിച്ചാണ് ഒട്ടിച്ചിരിക്കുന്നത്! തുടർന്നുണ്ടായ ആശയക്കുഴപ്പം പരിഹരിച്ചത് കൊടി താഴോട്ട് ആക്കി മുളങ്കമ്പ് തല തിരിച്ചുപിടിച്ച് കൈ ആകാവുന്നത്ര ഉയർത്തിയാൽ മതി എന്ന ആശയത്തിലൂടെയാണ്.
ഞങ്ങളുടെ സ്കൂളിൽനിന്ന് പുഴക്കരയിലേക്ക് ഒരു കിലോമീറ്റർ ദൂരമുണ്ട്. അതിനിടെ ഒരു മാപ്പിള സ്കൂളും ഒരു യു.പി. സ്കൂളും വേറെയുമുണ്ട്. അവിടങ്ങളിൽനിന്നും കുട്ടികൾ ചേർന്നു. ‘‘ഭാരത് മാതാ കീ ജയ്..., മഹാത്മാഗാന്ധി കീ ജയ്..., ജവാഹർലാൽ നെഹ്രു കീ ജയ്..., മൗലാന ആസാദ് കീ ജയ്...’’ എന്ന മുദ്രാവാക്യങ്ങൾ ഓർമയുണ്ട്. ഒരു പാട്ടും: ‘പദം പദം ഉറച്ചു നാം പാടിപ്പാടി പോവുക സ്വതന്ത്രഭാരതം പിറന്ന വാർത്ത പാടി പോവുക!’കൊടി തലതിരിച്ചൊട്ടിച്ച ഹരിഹരൻകുട്ടി എന്ന ഉത്സാഹിയായ യുവാവ് തന്നെയാണ് ഈ ഗാനം എഴുതിയതും ഉറക്കെ പാടിത്തന്നതും. 

ഞങ്ങളുടെ പിന്നാലെ ചുവന്ന കൊടിയുമായി നടക്കാൻ വന്ന സഖാവ് കുഞ്ഞുവിനെ അതിനനുവദിക്കണോ വേണ്ടയോ എന്ന തർക്കം ഉണ്ടായി. അയാൾക്കും കിട്ടിയിട്ടുണ്ടല്ലോ സ്വാതന്ത്ര്യമെന്ന് അംശം അധികാരി അനുമതി വിധിച്ചു. നല്ല വെയിലായിരുന്നു. പൊക്കിപ്പിടിച്ച കൈ കടഞ്ഞപ്പോൾ പലരും കൊടി താഴ്ത്തി. പുഴക്കരയിൽ നന്നാരി സർബത്ത് കുടിക്കാൻ കിട്ടി, ഈരണ്ട് ഗോട്ടി മിട്ടായിയും. ഔതളുഹാജിയാണ് ഇത് രണ്ടും വിതരണം ചെയ്തത്. ഖിലാഫത്തു കാലത്ത് പുഴയിലൂടെ വന്ന അക്രമികളെ നാട്ടിൽ കയറാൻ അനുവദിക്കാതെ തിരിച്ചയച്ച അതികായൻ. പക്ഷേ, വെള്ളക്കാർ പിടിച്ചുകൊണ്ടുപോയി വാഗണിൽ കയറ്റി ശിക്ഷിക്കുകയാണ് ചെയ്തത്!

പുഴയുടെ മണലിൽ ഞങ്ങളൊക്കെ ഇരുന്നു. ശോശാമ്മ ടീച്ചർ പ്രാർഥനാ ഗാനം പാടി. ഒരു കവുങ്ങുതടി നാട്ടിയതിൽ കുറ്റിശ്ശേരി നമ്പൂതിരി പതാക ഉയർത്തി. ചായപ്പീടികയിലെ ബെഞ്ചും ഡെസ്‌കും അതിനു പിന്നിൽ ഇട്ടിരുന്നു. ഞങ്ങളുടെ ഹെഡ്മാസ്റ്റർ വള്ളത്തോൾ പദ്മനാഭമേനോൻ അധ്യക്ഷനായി. മുഖ്യ പ്രാസംഗികൻ ഹരിഹരൻ കുട്ടി. മുന്നിലിരിക്കുന്നവന്റെ പിന്നിലെ മണൽ കുഴിച്ച് അവനെ വീഴ്ത്തിയും സ്വയം വീണും ഞങ്ങൾ രസിച്ചു. അതിനാൽ അധ്യക്ഷനും ഉദ്ഘാടനവും എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല. പ്രസംഗിക്കാൻ എണീറ്റ ഹരിഹരൻകുട്ടി കുറേ ആംഗ്യങ്ങൾ കാണിക്കുകയും ഒന്നും പറയാനാവാതെ വീർപ്പുമുട്ടുകയും അവസാനം കുഴഞ്ഞു വീഴുകയും ചെയ്തു. പാവത്തിനു ചുഴലിയുടെ അസുഖമുണ്ടെന്ന് ആരോ പറയുന്നത് കേട്ടു. പിന്നെ, ആരും ക്ഷണിക്കാതെ സഖാവ് കുഞ്ഞു പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങളെ അധ്യാപകർ തിരികെ സ്കൂളിലേക്ക് കൊണ്ടുപോയി.
ഈ സ്വാതന്ത്ര്യം പിറ്റേന്നാളും ഉണ്ടായിരുന്നെങ്കിലെന്നു മോഹിച്ചത് വെറുതേയാവുകയും ചെയ്തു!

content highlights: independence day 2021