ഒരുസ്വാതന്ത്ര്യദിനം കൂടി. ഈ പ്രാവശ്യം ഒരു പ്രത്യേകതയുണ്ട്. ഇപ്പോൾ നമ്മൾ ആഘോഷിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമാണ്. ഈ നീണ്ട കാലയളവിനുള്ളിൽ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായി. സ്വാതന്ത്ര്യമെന്ന സങ്കല്പത്തിനുപോലും മങ്ങലേറ്റു. ഒന്ന് തിരിഞ്ഞുനോക്കുകയാണ്. ഒരുപാട് ഓർമകളുണ്ട്. അവയിൽ ഒന്ന് ആദ്യമായി ചെങ്കോട്ടയിൽ പോയി സ്വാതന്ത്ര്യദിനാഘോഷം കണ്ടതാണ്.

1963-ലായിരുന്നു അത്. ഞാൻ യുവാവ്. സ്വാതന്ത്ര്യം കൗമാരക്കാരി. അതുവരെ ‘മാതൃഭൂമി’ പത്രത്തിന്റെ താളുകളിലാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾ കണ്ടിരുന്നത്. വാർത്തകളും കൂടെ കറുപ്പ് വെളുപ്പ് ഫോട്ടോകളും കാണും. അപ്പപ്പോഴൊക്കെയുള്ള ഒരു വലിയ മോഹമായിരുന്നു ഓഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയിൽ പോയി നെഹ്രുവിന്റെ പ്രസംഗം കേൾക്കുക എന്നത്. ഇരുപത്തിയൊന്നാം വയസ്സിൽ ആ സ്വപ്നം യാഥാർഥ്യമായി.

നേരം പുലരുന്നതിനു മുമ്പുതന്നെ ഡൽഹിയുടെ നാലുവശങ്ങളിൽനിന്നും ഗ്രാമീണർ കൂട്ടമായി ചെങ്കോട്ടയിലേക്ക് പ്രവഹിക്കാൻ തുടങ്ങി. പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുമ്പോൾ ഭാരത് മാതാ കീ ജയ് വിളിയോടെ ജനം കരഘോഷം മുഴക്കി. ചെങ്കോട്ടയ്ക്കുമുമ്പിൽ ചാന്ദ്നി ചൗക്കോളം ജനസമുദ്രം പരന്നുകിടന്നിരുന്നു. അവരുടെ കൂട്ടത്തിൽ ഗ്രാമീണരും നഗരവാസികളും സ്ത്രീകളും കുട്ടികളും എല്ലാവരുമുണ്ടായിരുന്നു. ബസുകളുടെ മുകളിലും സൈക്കിൾ റിക്ഷകളിലും മാത്രമല്ല, ജനങ്ങളുടെ കൈകളിലും ദേശീയപതാകകൾ കണ്ടു. നാട്ടുമ്പുറങ്ങളിൽനിന്നും അച്ഛന്റെ ചുമലിൽ ഇരുന്നുവന്ന കൊച്ചുകുട്ടികൾ ആഹ്ലാദത്തോടെ കൈയിലെ കടലാസ് ത്രിവർണപതാകകൾ വീശിക്കൊണ്ടിരുന്നു. സമോസയും ആലു ടിക്കിയും ചായയും ബലൂണും കടലാസ് പതാകകളും കുടിവെള്ളവും വിൽക്കുന്ന കച്ചവടക്കാരായിരുന്നു എങ്ങും. പണ്ഡിറ്റ് നെഹ്രു പ്രസംഗം തുടങ്ങുമ്പോൾ മുഴങ്ങിയ കരഘോഷങ്ങളും ആരവങ്ങളും അങ്ങു ദൂരെ ഇന്ത്യാഗേറ്റിലും യമുനാനദിയിലും അനുരണനങ്ങളുണ്ടാക്കി. നെഹ്രുവിന്റെ ആവേശകരമായ പ്രസംഗം കഴിഞ്ഞതോടെ ഗ്രാമീണർ ചാന്ദ്‌നി ചൗക്കിനുള്ളിലേക്കൊഴുകി. 

കാഴ്ചകൾ കണ്ടും ചായ കുടിച്ചും മാത്രമേ അവർ ഗ്രാമങ്ങളിലേക്ക്‌ തിരിച്ചുപോകുകയുള്ളൂ. അധിനിവേശകരിൽനിന്നു രാജ്യം സ്വതന്ത്രമായതിന്റെ ഉജ്ജ്വലമായ ആഘോഷങ്ങളായിരുന്നു അവിടെ കണ്ടതൊക്കെ. ഇപ്പോൾ ആ കാഴ്ചകൾ ഒന്നും കാണാനില്ല. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ മുമ്പിൽ ജനസമുദ്രമില്ല. ഉള്ളത് പാർട്ടിനേതാക്കളും സൈനികമേധാവികളും വിദേശ രാജ്യങ്ങളുടെ സ്ഥാനപതികളും ഉദ്യോഗസ്ഥപ്രഭുക്കളും സെക്യൂരിറ്റി ഉദ്യോഗസ്ഥരും പോലീസുകാരുമാണ്. എല്ലാവരും അടുക്കിലും ചിട്ടയിലും നിരത്തിയിട്ട കസേരകളിൽ ഇരിക്കുന്നു. കസേരകളിൽത്തന്നെ ഏറെയും ഒഴിഞ്ഞിരിക്കും. സെക്യൂരിറ്റി ഉദ്യോഗസ്ഥർ പരിശോധനകൾക്കുശേഷം മാത്രമേ സന്ദർശകരെ ചെങ്കോട്ടയുടെ മുമ്പിലേക്ക്‌ വിടുകയുള്ളൂ. ഗ്രാമീണർക്കവിടെ പ്രവേശനമില്ല. സാധാരണക്കാർക്കുമില്ല. ജനസമുദ്രത്തിനു മുമ്പിൽ നിന്നുകൊണ്ടല്ല, ഉന്നതരുടെയും പ്രബലരുടെയും ശുഷ്കമായ ഒരു സദസ്സിനുമുമ്പിൽ നിന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. സന്ദർശകർ ക്ഷണിക്കപ്പെട്ടവരാണ്. കമാനി ഓഡിറ്റോറിയത്തിൽ ഇരുന്ന് ഒരു നാടകം കാണുന്നതുപോലെയാണ് അവർ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ കാണുന്നത്.
സ്വാതന്ത്ര്യം എന്ന വാക്ക് കേൾക്കുമ്പോൾ കോരിത്തരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അധിനിവേശകർ പോയതോടെ സ്വാതന്ത്ര്യം ലഭിച്ചു zഎന്നത് തെറ്റായ ധാരണയാണ്. സ്വാതന്ത്ര്യമെന്നത് തുടർച്ചയായ ഒരു പ്രക്രിയയാണ്. അധിനിവേശകരിൽനിന്നുള്ള സ്വാതന്ത്ര്യം ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള നീണ്ട യാത്രയുടെ ആദ്യ ചുവടുവെപ്പ് മാത്രമാണ്. പക്ഷേ, നമ്മുടെ രാഷ്ട്രീയനേതൃത്വം അത് അവസാന ചുവടുവെപ്പായാണ് കാണുന്നത്. എല്ലാം നേടിക്കഴിഞ്ഞിരിക്കുന്നു എന്ന ഭാവമാണ് അവർക്ക്.

ഇപ്പോൾ മനസ്സിൽ ഒരു സ്വപ്നം വിരിയുന്നു. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാചരണത്തിന് വീണ്ടും ജനസമുദ്രം ഒഴുകിയെത്തുന്നു. അവരുടെ ഇടയിൽ പാവങ്ങളും ദളിതരും നാട്ടുമ്പുറത്തുകാരും ആദിവാസികളും ഒക്കെയുണ്ട്...ഒരിക്കലും സാക്ഷാത്കരിക്കാൻ ഇടയില്ലാത്ത ഒരു നിഷ്ഫല സ്വപ്നമാണിതെന്ന് അറിയാം. കാരണം പാവങ്ങൾ ഇപ്പോൾ എല്ലാ ആഘോഷങ്ങൾക്കും പുറത്താണ്.

content highlights: independence day 2021