ഇതിനു മുമ്പൊരിക്കലും ഇത്ര വലിയൊരു ജനക്കൂട്ടം ഒരു സ്ഥലത്ത്‌ തിങ്ങിക്കൂടുന്ന സംഭവം ന്യൂഡൽഹിയിൽ ഉണ്ടായിട്ടില്ല...
ചരിത്രമുഹൂർത്തങ്ങൾ  ഒരു പത്ര ലേഖകന്റെ കണ്ണിലൂടെ

1947 ആഗസ്ത്‌ 15-ാം തിയ്യതിയിലെ എരിപൊരി കൊള്ളുന്ന ഒരു സായാഹ്നം. വിജയ്‌ചൗക്കിനും നാഷണൽ സ്റ്റേഡിയത്തിനുമിടയ്ക്കുള്ള വിസ്തൃതമായ സെൻട്രൽ വിസ്ത ഒരു മനുഷ്യമഹാസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു. ഇതിനു മുമ്പൊരിക്കലും ഇത്ര വലിയൊരു ജനക്കൂട്ടം ഒരു സ്ഥലത്ത്‌ തിങ്ങിക്കൂടുന്ന സംഭവം ന്യൂഡൽഹിയിൽ ഉണ്ടായിട്ടില്ല. വ്യക്തികൾ വെറും പൊങ്ങുതടികളെപ്പോലെ നിസ്സഹായരായിരുന്ന ഒരു മനുഷ്യസഞ്ചയം അതിന്റേതായ ആയവും വേഗവും കൈവരിക്കുന്ന ഒരു അപൂർവ്വ കാഴ്ചയായിരുന്നു അത്‌.

ജനക്കൂട്ടത്തിന്റെ അതിശക്തമായൊരു തിരമാല, മാർഗനിരോധം ഏർപ്പെടുത്തിയിരുന്ന പ്രദേശത്തേക്ക്‌ അടിച്ചുകയറുകയും നിരനിരയായി ഇട്ടിരുന്ന സ്റ്റാൻഡുകൾ തകർക്കുകയും ആ സായാഹ്നത്തിലെ നിറപ്പകിട്ടാർന്ന ആഘോഷങ്ങൾ കാണുന്നതിന്‌ ബ്രിട്ടീഷ്‌ യൂനിയന്റെ ജാക്ക്‌ പതാക താഴ്‌ത്തി തൽസ്ഥാനത്ത്‌ ഇന്ത്യയുടെ ത്രിവർണപതാക ഉയർത്തുന്ന ആഘോഷം കാണുന്നതിനും ആ ദിവസം പിന്നീട്‌ അർധരാത്രിക്ക്‌ അരങ്ങേറാനുള്ള ചരിത്രപ്രാധാന്യമുള്ള സംഭവത്തിന്റെ മുന്നോടിയായി ആഘോഷം കാണുന്നതിന്‌ മഹദ്‌വ്യക്തികൾക്കായി നിരനിരയായി ഒരുക്കിയിട്ടിരുന്ന കസേരകൾ ജനക്കൂട്ടം തീപ്പെട്ടിത്തടിപോലെ അടിച്ചുതകർക്കുകയുമുണ്ടായി. ഒരു പ്രതിബന്ധത്തെ പ്രളയം തള്ളിമാറ്റുന്നതുപോലെ ജനക്കൂട്ടം  പട്ടാളബന്തവസ്സിനെ തള്ളിനീക്കിക്കൊണ്ടിരിക്കുന്നു. ക്ഷണിക്കപ്പെട്ട മഹദ്‌വ്യക്തികൾക്കാർക്കുംതന്നെ അവരുടെ ഇരിപ്പിടത്തിനടുത്തെങ്ങും എത്തിച്ചേരാൻ സാധിച്ചില്ല. സായുധസേനയുടെ സുപ്രീം കമാൻഡറായ ഫീൽഡ്‌മാർഷൽ ഒാക്കിൻലാക്ക്‌ കൊടിമരത്തിനടുത്തേക്ക്‌ വളരെബുദ്ധിമുട്ടി എത്തിച്ചേർന്ന്‌ രംഗം ആകെയൊന്നു നിരീക്ഷിച്ചു. ‘അപ്പോൾ ഇതാണ്‌ അവരുടെ സ്വാതന്ത്ര്യം’ എന്ന്‌ സ്വയം പിറുപിറുത്തുകൊണ്ട്‌ അദ്ദേഹം നടന്നകന്നു. 

വിജയ്‌ചൗക്കിന്റെ ദിശയിൽനിന്നും കാറ്റിലൂടെ ഒരു ഹർഷാരവം ഉയർന്നുവന്നു. എല്ലാ നയനങ്ങളും വിചിത്രമായൊരു കാഴ്ച വീക്ഷിക്കുന്നതിന്നായി അങ്ങോട്ട് തിരിഞ്ഞു. വൈസ്രോയി സഞ്ചരിച്ചിരുന്ന കോച്ച് ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങിവരുകയായിരുന്നു. കോച്ചിന് മുന്നോട്ടുപോകുന്നതിന്ന് സൗകര്യമുണ്ടാക്കുവാൻവേണ്ടി ജനക്കൂട്ടം പുറകോട്ട് നീങ്ങിക്കൊടുത്തു.
മൗണ്ട് ബാറ്റൻ പ്രഭുവിന്റെയും പത്‌നിയുടെയും മുഖങ്ങൾ ആനന്ദപുളകത്താൽ അരുണീഭവിച്ചിരുന്നു. ശ്വാസഗതി മുട്ടിപ്പോകന്ന ആ രംഗം കണ്ടുനിന്ന ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ചിരിയോടെ ചുറ്റും നിന്നവരുടെ കാതുകളിൽ നിന്നും കാതുകളിലേക്ക് ഉറ്റുനോക്കുകയായിരുന്നു. ജനങ്ങൾ കോച്ചിന്നുചുറ്റും തിങ്ങിക്കൂടിക്കൊണ്ട് ആർത്തുവിളിയ്ക്കുന്നുണ്ടായിരുന്നു: ‘‘മൗണ്ട് ബാറ്റൻ കീ ജെയ്.’’ പങ്കായമില്ലാത്ത ഒരു കപ്പൽപോലെ വൈസ്രോയിയുടെ വാഹനത്തെയും പാർട്ടിയെയും കുതിരകൾ അവയുടെ ഇഷ്ടംപോലെ രാജപഥിൽനിന്ന് ദൂരേക്ക് സെൻട്രൽ വിസ്തായിലെ പുൽത്തകിടികളിലൂടെ നയിച്ചുകൊണ്ടിരുന്നപ്പോൾ വൈസ്രോയിക്ക് ഹസ്തദാനം ചെയ്യുന്നതിന്നായി ജനങ്ങൾ അങ്ങോട്ട് ചാഞ്ഞുകൊണ്ടിരുന്നു.

വാഹനം അങ്ങനെ മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നപ്പോൾ ഒറ്റപ്പെട്ടപോയ ഒരു ഡസനോളം കുട്ടികളെയും അവരുടെ മാതാക്കളെയും കോച്ചിൽ കയറ്റുകയുണ്ടായി. കോച്ചിൽ ജവഹർലാൽ നെഹ്റുവും ഇന്ദിരയും കൂടിയുണ്ടായിരുന്നു. അവരെല്ലാം ഹർഷോന്മത്തരായി ചിരിതൂകി ഇരച്ചു കയറി ക്കൊണ്ടിരുന്ന ജനക്കൂട്ടത്തിന്നു നേരെ കൈവീശിക്കൊണ്ടിരുന്നു. വൈസ്രോയിയുടെ കോച്ചിന് പതാകയുയർത്തൽ ചടങ്ങിന്നുദ്ദേശിക്കപ്പെട്ടിരുന്ന സ്ഥലത്തെങ്ങും എത്തിച്ചേരാൻ കഴിഞ്ഞില്ല. അവിെട തിങ്ങിക്കൂടിയിരുന്ന ജനക്കൂട്ടത്തിന്റെ തിരക്ക്‌ അത്രയ്ക്ക് ശക്തമായിരുന്നു. 
പുഞ്ചിരി തൂകിക്കൊണ്ട് മൗണ്ട് ബാറ്റൻ നെഹ്റുവിനോട് അഭിപ്രായപ്പെട്ടു: ‘‘ഇത്‌ അവരുടെ ദിനമാണ്. ഈ രീതിയിലാണ് ഈ ദിവസം ആഘോഷിക്കണമെന്നു ജനങ്ങൾ വിചാരിക്കുന്നതെങ്കിൽ അതു തടയുന്നതിന്ന് ഞാനാരാണ്. കൊടിമരം സംരക്ഷിച്ചു കൊണ്ടിരുന്ന ജവാന്മാരോട് കുറച്ചു ദൂരെനിന്നും യൂനിയൻ ജാക്ക് പതാക താഴെയിറക്കി പകരം ഇന്ത്യയുടെ ത്രിവർണ്ണപതാക ഉയർത്തുവാൻ ആംഗ്യം കാട്ടി നിർദേശം നൽകി അദ്ദേഹം സംതൃപ്തിയടഞ്ഞു.

ഇപ്രകാരം രാജ്യത്തെ ഉന്നതപദവിയുള്ള ആരുമല്ല, ഒരു സാധാരണ പട്ടാളക്കാരനാണ് സ്വാതന്ത്ര്യത്തിന്റെ ആഗമനത്തെ സ്വാഗതം ചെയ്തത്. ത്രിവർണപതാക കൊടിമരത്തിന് മുകളിൽ കയറിക്കൊണ്ടിരുന്നപ്പോൾ പുരാണികിലയുടേയും നാഷണൽ സ്റ്റേഡിയത്തിന്റെയും മുകളിലെ ആകാശഛായയിൽ വിവിധ വർണ്ണങ്ങളാൽ അതിമനോഹരമായ പൂർണ്ണ രൂപത്തിലുള്ള മഴവില്ല് ജനക്കൂട്ടം യാദൃഛികമായി കണ്ടുപിടിച്ചു താമസിയാതെ ചെറിയൊരു മഴച്ചാറും ഉണ്ടായി. അതു വിയർത്തു കുളിച്ചുകൊണ്ടിരുന്ന ജനക്കൂട്ടത്തിന് ശീതളസുഖം പകർന്നു. ആ സായാഹ്നത്തിലെ സംഭവത്തിന് ദൈവം തന്നെ അനുഗ്രഹാശിസ്സുകൾ ചൊരിയുന്നതുപോലെ തോന്നി.

ആഘോഷച്ചടങ്ങുകൾ അവസാനിച്ചു കഴിഞ്ഞയുടനെ മഹത്തായൊരു ബഹളം ആരംഭിച്ചു. മണിക്കൂറുകൾക്കുശേഷം മാത്രമേ ബഹളത്തിലകപ്പെട്ടവർക്ക് അതിൽനിന്നും വിമുക്തിനേടി രക്ഷാസ്ഥാനങ്ങളിലെത്തിച്ചേരാൻ കഴിഞ്ഞുള്ളൂ. എന്നാൽ, ആ സായാഹ്നത്തിൽ കുറ്റകൃത്യങ്ങളോ റൗഡിത്തരമോ നടന്നതായ ഒരു റിപ്പോർട്ടുപോലും ഉണ്ടായിട്ടില്ല.
 ഗൗരവബോധവും അച്ചടക്കവുമുള്ള ഒരു ജനക്കൂട്ടമായിരുന്നു അത്. എന്നാൽ, ആ ദിവസത്തെ അനർഘദൃശ്യം പാർലമെന്റ് ഹൗസിലെ സെൻട്രൽ ഹാളിൽ ആഗസ്ത് 14, 15-ാം തീയതി അർദ്ധരാത്രിക്ക് നടന്നചടങ്ങായിരുന്നു. ലോകത്തിന്റെ ശേഷിച്ച ഭാഗം സുഷുപ്തിയിലാണ്ടിരുന്ന സമയത്ത് ഇന്ത്യ സ്വാതന്ത്ര്യത്തിനും വിധിയുമായി ഒരു കൂടിക്കാഴ്ചക്കുംവേണ്ടി ഉണർന്നു.
ആ രാത്രി പ്രസ്സ് ഗ്യാലറിയിൽനിന്നും താഴത്തെ മിന്നിത്തിളങ്ങുന്ന രംഗം വീക്ഷിച്ചപ്പോൾ, കറുത്ത ഔപചാരികവേഷവിധാനങ്ങളോട് ഇടകലർന്നിരുന്ന ഗാന്ധിത്തൊപ്പികൾ എനിക്ക് കാണാൻ കഴിഞ്ഞു. കറുത്ത തൊപ്പികളും ദക്ഷിണേന്ത്യയിലെ സർണക്കരയുള്ള വെളുത്ത തലപ്പാവുകളും ഇടയ്ക്ക് കാണാമായിരുന്നു. സ്ത്രീകളും ഏറ്റവും ഭംഗിയായി വസ്ത്രധാരണം ചെയ്തു വന്നിരുന്നു. കസവുകൊണ്ട് അലങ്കരിച്ച ബനാറീസ് സാരികൾ ധരിച്ചിരുന്ന അവർ രംഗത്തിന് നിറപ്പകിട്ടേകി. 

യൂറോപ്യൻ രീതിയിൽ കറുത്ത സൂട്ടും ടൈയും ധരിച്ചുകൊണ്ട് ഫ്രാങ്ക് ആന്റണിയുടെ നേതൃത്വത്തിലുള്ള ചെറിയ ആംഗ്ളോ ഇന്ത്യൻ ഗ്രൂപ്പും സന്നിഹിതരായിരുന്നു. മുണ്ടും ചുരിദാരും ലുങ്കിയും പാശ്ചാത്യരീതിയിലുള്ള നീണ്ട കാൽച്ചട്ടയും ഒന്നിച്ചണിനിരന്നിരുന്ന ഒരസുലഭ അവസരം. ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം സ്പഷ്ടമാക്കുന്ന നാനാതരത്തിലുള്ള ഇന്ത്യൻ വേഷവിധാനങ്ങളുടെ യഥാർത്ഥത്തിലുള്ള ഒരു കാഴ്ചബംഗ്ളാവുതന്നെയായിരുന്നു അത്. രാത്രി മണി പന്ത്രണ്ട് അടിച്ചപ്പോൾ സെൻട്രൽ ഹാളിന്റെ ഗോപുരം ‘ഭാരത് മാതാ കീ ജയ്’ ‘മഹാത്മാഗാന്ധി കീ ജയ്’ എന്നീ വിളികൾകൊണ്ട് മുഖരിതമായി. കവിളുകൾ പൊട്ടുമാറ് ആയാസപ്പെട്ട് പണ്ഡിറ്റ് ഗോവിന്ദ് വല്ലഭപാന്ത് ഉയർത്തിയ കുർത്തശംഖനാദവും ഹാളിനുള്ളിൽ മാറ്റൊലികൊണ്ടു.

content highlights: independence day 2021