ന്യൂഡൽഹി: ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം മറച്ചുവെച്ച കേന്ദ്രസർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം. ചൊവ്വാഴ്ച രാത്രിമുതൽ ബുധനാഴ്ച പുലർച്ചെ വരെ റാം മനോഹർ ലോഹ്യ ആസ്പത്രിയിൽ അരങ്ങേറിയത് നാടകീയരംഗങ്ങൾ. 

ആസ്പത്രിയിലെത്തിക്കുമ്പോൾത്തന്നെ ഹൃദയമിടിപ്പു നിലച്ചെന്നാണ് പ്രാഥമികവിവരം. ആദ്യം ഐ.സി.യു.വിലും പിന്നീട് ട്രോമ കെയർ യൂണിറ്റിലും പ്രവേശിപ്പിച്ച അഹമ്മദിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കാൻ ആസ്പത്രി അധികൃതർ തയ്യാറായില്ല. ഇതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് ആസ്പത്രിയിലെത്തി. മന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ അഹമ്മദിനെ വെന്റിലേറ്ററിലേക്കു മാറ്റി. 

രാത്രി എട്ടുമണിയോടെ മസ്കറ്റിൽ നിന്നും ദുബായിൽ നിന്നും എത്തിയ അഹമ്മദിന്റെ മക്കളെയും മരുമകനെയും അദ്ദേഹത്തെ കാണാൻ സമ്മതിച്ചില്ല. ആസ്പത്രിയിലുണ്ടായിരുന്ന എം.പി.മാരായ എം.കെ. രാഘവനും ആന്റോ ആന്റണിയും മെഡിക്കൽ സൂപ്രണ്ടുമായി സംസാരിച്ചു. ആദ്യം സമ്മതിച്ച അദ്ദേഹം പിന്നീട് ഒഴിഞ്ഞുമാറി. അപ്പോഴേക്കും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ സ്ഥലത്തെത്തി.എന്തിനാണ് ഈ ദുരൂഹതയെന്ന് അധികൃതരോട് ആരാഞ്ഞ അദ്ദേഹം പ്രധാനമന്ത്രിയെ വിളിച്ചു സംസാരിക്കുമെന്ന് മുന്നറിയിപ്പു നൽകി. വൈകാതെ സോണിയാ ഗാന്ധിയും എത്തി. അതി ഗുരുതര നിലയിലുള്ള പിതാവിനെ കാണാൻ മക്കൾക്ക് അനുമതി നിഷേധിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. 

അകത്തുകിടക്കുന്ന മനുഷ്യൻ ഒരു തീവ്രവാദി അല്ലെന്നും ദീർഘകാലം മന്ത്രിയും ജനപ്രതിധിയുമായിരുന്ന വ്യക്തിയാണെന്നു മനസ്സിലാക്കണമെന്നും സോണിയ ക്ഷുഭിതയായി പറഞ്ഞു. തുടർന്ന്, ഏതാനും നിമിഷംമാത്രം ചില്ലു ജാലകത്തിലൂടെ അഹമ്മദിനെ കാണാൻ മകൾ ഫൗസിയയെ അനുവദിച്ചു. രാഹുൽ ഗാന്ധിയും എത്തി. 

അഹമ്മദിനെ കാണാൻ മക്കൾക്ക് അനുമതി നിഷേധിച്ചതിനെതിരെ എം.പി.മാരായ ഗുലാം നബി ആസാദ്, ഇ.ടി. മുഹമ്മദ് ബഷീർ, ആന്റോ ആന്റണി, എം.കെ. രാഘവൻ, പി.വി. അബ്ദുൾ വഹാബ് എന്നിവരും കോൺഗ്രസ്-മുസ്‌ലിം ലീഗ് പ്രവർത്തകരും ആസ്പത്രിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അപ്പോഴേക്കും വൻ പോലീസ് സന്നാഹവുമെത്തി. 

ഡോക്ടറായ മരുമകൻ ഷെർസാദ്, അഹമ്മദിനെ ചികിത്സിച്ച ഡോക്ടർമാരോട് സംസാരിച്ച് മസ്തിഷ്ക പരിശോധന നടത്താമെന്ന് ധാരണയായി. എന്നാൽ, അതിനുള്ള നടപടികളെടുക്കാൻ ആസ്പത്രിക്കാർ താത്‌പര്യം കാണിച്ചില്ല. 

പിതാവിനെ കാണിക്കാൻ ആസ്പത്രി അധികൃതർ സമ്മതിക്കാത്തതിനാൽ മക്കൾ പോലീസിൽ പരാതിനൽകി. ഡൽഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന്, മക്കൾ അഹമ്മദിനെ കാണുകയും അദ്ദേഹം മരിച്ചതായി മനസ്സിലാക്കുകയും ചെയ്തു. ഗംഗാറാമിലെ ഡോക്ടർമാരുടെ സഹായംതേടാനുള്ള നീക്കവും പോലീസിൽ പരാതിയുമായതോടെ  വീഴ്ചപറ്റിയെന്ന് ആർ.എം.എൽ. അധികൃതർ സമ്മതിച്ചു. 

സോണിയാ ഗാന്ധി അടക്കമുള്ളവരുടെ സാന്നിധ്യവും മാധ്യമവാർത്തകളും കൂടിയായതോടെ നിൽക്കക്കള്ളിയില്ലാതെ മരണവിവരം പുറത്തുവിടുകയായിരുന്നു. രാത്രി രണ്ടേകാലിന് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചത് അനുമതി തേടാതെയാണെന്നും ഇത് അധാർമികമാണെന്നും മക്കൾ പരാതിപ്പെട്ടു. 

പ്രധാനമന്ത്രിയോടു പ്രതിഷേധം പ്രകടിപ്പിച്ച് മകള്‍

WhatsApp-Image-2017-02-01-at-10.16.27.jpg

ന്യൂഡല്‍ഹി: ഇ. അഹമ്മദിന്റെ മരണവിവരം മറച്ചുവെച്ചതിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ടു പ്രകടിപ്പിച്ച് മകള്‍ ഫൗസിയ. ബുധനാഴ്ച രാവിലെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു മകളുടെ വികാരപ്രകടനം.

മുപ്പതുവര്‍ഷം പാര്‍ലമെന്റിലുണ്ടായിരുന്ന വ്യക്തിയാണ് ഈ കിടക്കുന്നതെന്ന് അഹമ്മദിനെ ചൂണ്ടി മകള്‍ ഡോ. ഫൗസിയ മോദിയോടു പറഞ്ഞു. ആറുമണിക്കൂര്‍ പുറത്തു കാത്തുനിന്ന ശേഷമാണ് പിതാവിനെ ഒരുനോക്കു കാണാനായതെന്ന് മറ്റു മക്കളും പറഞ്ഞു.'ആ മുഖത്തേക്കൊന്നു നോക്കൂ, ഇതെങ്ങനെ സംഭവിച്ചു എന്നന്വേഷിക്കണ'മെന്ന് ദുഃഖവും രോഷവും കലര്‍ന്ന വാക്കുകളോടെ ഫൗസിയ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. താന്‍ അന്വേഷിക്കാം എന്ന മറുപടി നല്‍കി പ്രധാനമന്ത്രി മടങ്ങി.